തളരാതെ മുന്നോട്ട്, താടിവച്ച ഈ സുന്ദരി

താടിവച്ചു സുന്ദരിയായൊരു മോഡലാണ് ബ്രിട്ടിഷ് സിഖ് മോഡലായ ഹർനാം കൗർ എന്ന ഇരുപത്തിയഞ്ചുകാരി.

ഐലൈനർ ഇട്ടു മനോഹരമായി എഴുതിയ മിഴികൾ, ലിപ്സ്റ്റിക് തേച്ചു ചുവപ്പിച്ച ചുണ്ടുകൾ.. പക്ഷേ ഹർനാം ഗൗർ എന്ന പെൺകുട്ടിയെ കണ്ടാൽ ആളുകൾ പറയുന്നത് നല്ല ക്യൂട്ടായ ആൺകുട്ടി എന്നാണ്. കാരണം മറ്റൊന്നുമല്ല കഴുത്തുവരെ നീണ്ടുനിൽക്കുന്ന കറുത്തുചുരുണ്ട താടിയാണ് ഹർനാം കൗർ പെൺകുട്ടിയായിരിക്കില്ലെന്ന കാഴ്ചക്കാരുടെ മുൻവിധിക്കു പിന്നിൽ. ഇരിപ്പിലും നടപ്പിലുമെല്ലാം അസൽ പെൺകുട്ടിയാണെങ്കിലും ആറിഞ്ചു നീളത്തിലുള്ള താടി ഒരേസമയം ഹർനാമിനെ ആൺകുട്ടിയും പെൺകുട്ടിയും ആക്കുന്നു. അതെ, താടിവച്ചു സുന്ദരിയായൊരു മോഡലാണ് ബ്രിട്ടിഷ് സിഖ് മോഡലായ ഹർനാം കൗർ എന്ന ഇരുപത്തിയഞ്ചുകാരി.

പതിനൊന്നാം വയസ്സു മുതലാണ് ഹർനാമിനു താടി മുളച്ചു തുടങ്ങിയത്. പിന്നീടു പരിശോധനയിലാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ആണ് ഇതിനു കാരണമെന്നു മനസ്സിലായത്.

താടിക്കഥയിലേക്ക്

പതിനൊന്നാം വയസ്സു മുതലാണ് ഹർനാമിനു താടി മുളച്ചു തുടങ്ങിയത്. പിന്നീടു പരിശോധനയിലാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ആണ് ഇതിനു കാരണമെന്നു മനസ്സിലായത്. ഹോർമോണ്‍ അസന്തുലിതാവസ്ഥ മൂലം ഉണ്ടാകുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ശരീരത്തിലും മുഖത്തുമുള്ള അമിത രോമവളർച്ച. സ്കൂൾ കാലത്തെ ദിവസങ്ങളോരോന്നും കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും നിറഞ്ഞതായിരുന്നു. ഇതോടെയാണു മകളെ സലൂണിൽ കൊണ്ടു പോയി രോമം നീക്കം ചെയ്യിക്കാൻ അമ്മ തീരുമാനിച്ചത്.

എന്നാൽ വാക്സിങ്ങിന്റെ വേദനയെക്കാളും ഹർനാമിനെ തളർത്തിയത് തൊട്ടടുത്ത ദിവസം പൂര്‍വാധികം കട്ടിയോടെ വളരുന്ന മുടി കണ്ടപ്പോഴാണ്. തൊലി ചുട്ടുപൊള്ളുംവരെ വാക്സിങ് തുടര്‍ന്നു. വാക്സിങ്ങും ഷേവിങ്ങും ത്രെഡിങ്ങുമൊക്കെയായി ദിനങ്ങൾ കടന്നുപോയി. ആകാശത്തിനു കീഴിലുള്ള ചീത്തവാക്കുകളെല്ലാം ദിവസവും അവൾ കേട്ടു. ജീവിതം തന്നെ മടുക്കുന്നുവെന്നു തോന്നിത്തുടങ്ങിയതോടെ പതിനഞ്ചാം വയസ്സിൽ ഹർനാം സ്കൂൾ പഠനം നിർത്താൻ തീരുമാനിച്ചു. ആത്മഹത്യയ്ക്കു പോലും ശ്രമിച്ച ദിനങ്ങളുണ്ടായി. പക്ഷേ പിന്നീടാണു ചിന്തിച്ചത്, തന്നെ കളിയാക്കുന്നവര്‍ക്കെല്ലാം ജീവിക്കാൻ അവകാശമുണ്ടെങ്കിൽ എന്തുകൊണ്ടു തനിക്കായിക്കൂടാ? അങ്ങനെയാണ് താടി നീക്കാനായി പാർലറുകളിലേക്കുള്ള യാത്രകള്‍ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നത്. തല മറയ്ക്കാൻ ഒരു ടർബനും ധരിച്ചു തുടങ്ങി. അതു പൂർണമായും മതവിശ്വാസത്തിന്റെ ഭാഗമായിട്ടായിരുന്നു.

തന്റെ ശരീരം, തന്റെ ഇഷ്‌ടം എന്നൊക്കെപ്പറഞ്ഞു പലരുടെയും വായടപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ചിലരൊക്കെ വീണ്ടും വീണ്ടും കുത്തിനോവിച്ചു. തന്നെക്കാണുമ്പോൾ അരോചകമായി തോന്നുന്നെന്നും താടി നീക്കം ചെയ്യണമെന്നും പറഞ്ഞു.

വെറും താടിയല്ലിതു ഗിന്നസ്താടി

തന്റെ ശരീരം, തന്റെ ഇഷ്‌ടം എന്നൊക്കെപ്പറഞ്ഞു പലരുടെയും വായടപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ചിലരൊക്കെ വീണ്ടും വീണ്ടും കുത്തിനോവിച്ചു. തന്നെക്കാണുമ്പോൾ അരോചകമായി തോന്നുന്നെന്നും താടി നീക്കം ചെയ്യണമെന്നും പറഞ്ഞു. നിനക്കു നല്ലൊരു ജോലി ലഭിക്കില്ലെന്നും വിവാഹം കഴിക്കാൻ കഴിയില്ലെന്നും വരെ പറഞ്ഞവരുണ്ട്. പക്ഷേ അവയൊന്നും ഹർനാമിനെ തളർത്തിയില്ലെന്നു മാത്രമല്ല അവൾ കൂടുതൽ കരുത്തോടെ മുന്നേറുകയും ചെയ്തു. ഇന്ന് അറിയപ്പെടുന്ന മോഡലും ഇൻസ്റ്റഗ്രാം സ്റ്റാറുമൊക്കെയായ ഹർനാം ഫ്രീലാൻസ് ആയി ബോഡി കോൺഫിഡൻസ് ആന്റി ബുള്ളിയിങ് അഡ്വക്കറ്റ് ആയി ജോലി ചെയ്യുന്നുമുണ്ട്.

തളർത്താൻ ശ്രമിച്ചവരോടൊക്കെയുള്ള മധുരപ്രതികാരമെന്ന നിലയ്ക്കാണ് ഹർനാമിനെത്തേടി ഗിന്നസ് റെക്കോർഡ് എത്തിയത്. പുരുഷന്മാരെപ്പോലെ നീണ്ട താടിയുള്ള, ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി എന്നതു കണക്കിലെടുത്താണ് ഹർനാമിന്റെ പേര് ഗിന്നസ് ബുക്കിൽ എഴുതിച്ചേർക്കപ്പെട്ടത്. ഇപ്പോൾ, താടി നീക്കം ചെയ്തുകൂടേ എന്നു ചോദിക്കുന്നവരോടു തന്റെ ഗിന്നസ് നേട്ടമാണ് ഹർനാം മറുപടിയായി പറയുന്നത്.

ഹർനാം കൗർ താടി വളർത്തുന്നതിനു മുമ്പ്

ജെൻഡർ വേർതിരിവിൽ വിശ്വാസമേയില്ല

ലൈംഗികാവയവങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്ത്രീ-പുരുഷ നിർണയത്തെയും ഹർനാം എതിർക്കുന്നു. ‘ഞാൻ ജെന്‍ഡറിൽ വിശ്വസിക്കുന്നില്ല. സ്തനങ്ങളും വജൈനയും ഉള്ളപ്പോൾത്തന്നെ മനേഹാരമായൊരു താടിയുമായാണു ഞാൻ ജീവിക്കുന്നത്’. എന്നു കരുതി താടി വളരുന്ന എല്ലാ പെൺകുട്ടികളും തന്നെപ്പോലെ ജീവിക്കണമെന്നും ഹര്‍നാം പറയില്ല. ‘താടിയുമായി ജീവിക്കുന്നതു നിങ്ങൾക്ക് ഒട്ടും ആത്മവിശ്വാസം നൽകുന്നില്ലെങ്കിൽ അതു നീക്കംചെയ്യുകതന്നെ വേണം. അതല്ലെങ്കിൽ ആ താടി വച്ചു തന്നെ ജീവിതം ആഘോഷിക്കണം. എന്റെ ശരീരം, എന്റെ നിയമങ്ങൾ - ഞാൻ അതിലാണു വിശ്വസിക്കുന്നത്. ആർക്കും അതിനെ തടയിടാനാകില്ല’- ഹർനാം പറയുന്നു.

പരമ്പരാഗത സ്ത്രീസൗന്ദര്യ സങ്കൽപങ്ങൾക്കൊക്കെ വിരുദ്ധമായൊരു ശരീരം ലഭിച്ചപ്പോഴും തന്റെ കഴിവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നേറിയതാണ് ഹർനാം എന്ന പെൺകുട്ടിയെ കൂടുതൽ സുന്ദരിയാക്കുന്നത്.

ദേ വരുന്നു താടിയുള്ള സുന്ദരി മോഡൽ

ഹർനാമിനെ കാണുമ്പോൾ തന്നെ പലരും പറയുന്നത് ഇങ്ങനെയാണ്- താടിയുള്ള സുന്ദരി മോഡൽ. മുഖത്തൊരു പാടോ കുരുവോ വന്നാൽ അപ്പോൾ ആശങ്കപ്പെടുന്ന മുഴുവൻ പെൺകുട്ടികളും കണ്ടുപഠിക്കേണ്ടതാണ് ഹർനാമിനെ. ഇക്കാലമത്രയും പലരും തന്റെ ശരീരത്തിലെ വൈകല്യം പോലെ താടിവളർച്ചയെ കണ്ടപ്പോൾ അതിലൊന്നും അടിയറവു പറയാതിരുന്നതാണ് ഹർനാമിന്റെ വിജയം. മറ്റു പെൺകുട്ടികളിൽനിന്നു വ്യത്യസ്തയായി നടക്കേണ്ടി വന്നപ്പോഴും അവള്‍ വീടിന്റെ നാലുചുവരുകൾക്കുള്ളിൽ അഭയം തേടിയില്ല, പകരം വാശിയോടെ സമൂഹത്തിനു മുന്നിലേക്കിറങ്ങി ‘ഇതാണു ഞാൻ’ എന്നു ധീരതയോടെ പറഞ്ഞു. താടി വച്ചു സ്ത്രീവേഷങ്ങളിലും പുരുഷവേഷങ്ങളിലുമെല്ലാം മോഡലിങ് ചെയ്തു. ലണ്ടൻ ഫാഷൻ വീക്കിൽ താടിയുമായി റാംപ് വോക് ചെയ്ത ഏക പെൺകുട്ടി എന്ന ബഹുമതിയും ഹർനാമിനു സ്വന്തം.

ജീവിതത്തിൽ ഇഷ്ടപ്പെട്ട പല കാര്യങ്ങളും സമൂഹത്തെ ഭയന്നു സാക്ഷാത്കരിക്കാൻ കഴിയാത്തവരോടൊക്കെ ഹർനാം പറയുന്നൊരു കാര്യമുണ്ട്- ആത്മവിശ്വാസത്തോടെ നീങ്ങുന്ന പെൺകുട്ടികൾക്കു സമൂഹത്തിന്റെ നിയമങ്ങളെ പൊട്ടിച്ചെറിയാൻ ഭയം കാണില്ല. അതെ, പരമ്പരാഗത സ്ത്രീസൗന്ദര്യ സങ്കൽപങ്ങൾക്കൊക്കെ വിരുദ്ധമായൊരു ശരീരം ലഭിച്ചപ്പോഴും തന്റെ കഴിവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നേറിയതാണ് ഹർനാം എന്ന പെൺകുട്ടിയെ കൂടുതൽ സുന്ദരിയാക്കുന്നത്. സല്യൂട്ട് ചെയ്യാതെ വയ്യ, ഈ ധീരവനിതയെ.