ഞെട്ടേണ്ട, കൂടുതല്‍ സെക്‌സ് കൂടുതല്‍ സന്തോഷം നല്‍കില്ലാ ട്ടോ!

Representative Image

ഇതാ നിങ്ങളെ ഞെട്ടിക്കുന്ന ഒരു പഠനം. കാര്‍നെജ് മെല്ലണ്‍ സര്‍വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരുടേതാണ് നിങ്ങളെ അമ്പരപ്പിക്കുന്ന ഈ സെക്‌സ് പഠനം പുറത്തുവന്നിരിക്കുന്നത്. കൂടുതല്‍ തവണ സെക്‌സില്‍ ഏര്‍പ്പെടുന്നത് സ്ത്രീക്കും പുരുഷനും കൂടുതല്‍ സന്തോഷം നല്‍കുന്നുവെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ ഇത് പ്രതീക്ഷിച്ച് ഇനി ചാടിക്കയറി ഭാര്യയെയും വിളിച്ച് കൂടുതല്‍ തവണ സെക്‌സില്‍ ഏര്‍പ്പെടാന്‍ നില്‍ക്കണ്ട. കൂടുതല്‍ തവണ സെക്‌സില്‍ ഏര്‍പ്പെടുന്നത് അത്രയധികം സന്തോഷം തരില്ലെന്നാണ് പുതിയ പഠനഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

സെക്‌സ് സന്തോഷവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് സാമാന്യ ധാരണ. അതുകൊണ്ടുതന്നെ കൂടുതല്‍ തവണ സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ കുടുതല്‍ സന്തോഷം ലഭിക്കുന്നു-ഇതായിരുന്നു എപ്പോഴും മനശാസ്ത്രജ്ഞരും ലൈംഗികരോഗ വിദഗ്ധരുമെല്ലാം പറഞ്ഞിരുന്നത്. 

നിലവിലെ സെക്‌സ് സമയക്രമം ദമ്പതികളില്‍ എങ്ങനെയാണ് സന്തോഷമുണ്ടാക്കുന്നത് എന്നാണ് പഠനം പ്രധാനമായും പരിശോധിച്ചത്. നിയമപരമായി വിവാഹം കഴിച്ച 64 ദമ്പതികളിലാണ് പരീക്ഷണം നടത്തിയത്. എല്ലാവരും 35നും 65നും ഇടയില്‍ വയസുള്ളവര്‍. ഇതില്‍ പകുതി ദമ്പതിമാരോട് ഗവേഷണം നടത്തുന്ന ടീം, അവര്‍ ഇപ്പോള്‍ എത്ര തവണയാണോ ഒരു മാസത്തില്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത്, അത് ഇരട്ടിയാക്കാന്‍ പറഞ്ഞു. ഗ്രൂപ്പിലെ ബാക്കി പകുതി പേരോട് നിലവിലെ അവസ്ഥ തുടരാനും പറഞ്ഞു. അതായത് അവര്‍ ആഴ്ച്ചയില്‍ ഒരു തവണയാണ് സെക്‌സില്‍ ഏര്‍പ്പെടുന്നതെങ്കില്‍ അങ്ങനെ തന്നെ തുടരുകയെന്നര്‍ത്ഥം.

90 ദിവസമായിരുന്നു പരീക്ഷണ കാലഘട്ടം. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഒരു ചോദ്യാവലി നല്‍കി. സമഗ്രമായ ചോദ്യാവലിയുടെ പ്രാഥമിക ഉദ്ദേശ്യം സെക്‌സിന്റെ ഗുണനിലവാരവും സന്തോഷവും അളക്കുകയായിരുന്നു. 

ചോദ്യാവലി വിലയിരുത്തി ഫലം പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും അമ്പരന്നു. കൂടുതല്‍ തവണ സെക്‌സില്‍ ഏര്‍പ്പെടുന്നത് സ്ത്രീയുടെയും പുരുഷന്റെയും സന്തോഷത്തില്‍ യാതൊരുവിധ മാറ്റവും ഉണ്ടാക്കുന്നില്ല. മാത്രമല്ല അത് നെഗറ്റിവ് ഇംപാക്റ്റ് ഉണ്ടാക്കുകയും ചെയ്യുന്നുണ്ടത്രെ. സെക്‌സിലേര്‍പ്പെടുന്നത് ഇരട്ടിയാക്കിയ ദമ്പതികള്‍ക്ക് സെക്‌സ് ആസ്വദിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല അവര്‍ മറ്റ് ഗ്രൂപ്പിലെ ദമ്പതികളെക്കാളും കുറഞ്ഞ സന്തോഷമാണ് അനുഭവിക്കുന്നതെന്നും വ്യക്തമായി. 

അവസാനം ഗവേഷകര്‍ വിലയിരുത്തിയത് ഇങ്ങനെ, കൂടുതല്‍ സെക്‌സ് നിങ്ങളെ കൂടുതല്‍ സന്തോഷവാന്‍മാരാക്കില്ല. കൂടുതല്‍ തവണ സെക്‌സിലേര്‍പ്പെടുന്നത് ലൈംഗികതയുടെ ഗുണനിലവാരത്തെയും ബാധിക്കുമത്രെ. അതുകൊണ്ട് ഇനി സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കുക, ഇവിടെ 'ക്വാണ്ടിറ്റി'യല്ല, 'ക്വാളിറ്റി'യാണ് പ്രധാനം. സന്തോഷം വേണമെങ്കില്‍ നോക്കിയും കണ്ടുമെല്ലാം സെക്‌സില്‍ ഏര്‍പ്പെടുക.