സൗമ്യ വധക്കേസ്; ഡോ. ഹിതേഷ് ശങ്കറിന്റെ കണ്ടെത്തലുകൾ

ഗോവിന്ദച്ചാമി, സൗമ്യ‌

ജിഷയുടെ കൊലപാതകത്തെ തുടർന്നുളള പ്രതിഷേധ പ്രകടനങ്ങളുടെയും ചർച്ചകളുടെയുമിടയിൽ മുൻപു നടന്ന സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്നു സമർഥിച്ച ഡോ. ഹിതേഷ് ശങ്കറിന്റെ കണ്ടെത്തലുകൾ.....

പെരുമ്പാവൂരിൽ കൊലപാതകവുമായി ബന്ധപ്പെട്ടു നാടെങ്ങും പ്രതിഷേധം ഇരമ്പുമ്പോൾ ഏറെ ചർച്ചചെയ്യപ്പെടുന്നത് സമാനസാഹചര്യത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെയും ഡൽഹിയി ലെ നിർഭയയുടെയും അനുഭവങ്ങളാണ്. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ വാസത്തിനു മുൻപും ശേഷവുമുളള രൂപമടക്കം സോഷ്യൽ മീഡിയയിൽ ചര്‍ച്ചാവിഷയമായി. കാഴ്ചയിൽ തന്നെ ദുർബലനും യാചകനുമെന്നു തോന്നിപ്പിച്ച ഒറ്റക്കയ്യൻ ഗോവിന്ദച്ചാമിക്ക് ഒരു പെൺകുട്ടിയെ ഇത്ര മൃഗീയമായ രീതിയിൽ കൊലപ്പെടുത്താൻ പറ്റുമോ എന്നു സംശയിച്ചവർക്കു മറുപടി നൽകിയത് തൃശൂർ മെഡിക്കൽ കോളജിലെ ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലുളള ഫോറൻസിക് സംഘമാണ്. പ്രതിക്ക് ഏറ്റവും വലിയ ശിക്ഷയായ വധശിക്ഷ ലഭിക്കാൻ കാരണമായ തെളിവുകളെക്കുറിച്ചു ഡോക്ടർ ഹിതേഷ് ശങ്കർ എഴുതുന്നു:

ഫെബ്രുവരി ഒന്നാം തീയതിയാണു സൗമ്യയെ തൃശൂർ മെഡിക്കൽ കോളജിലെ കാഷ്വൽറ്റി വിഭാഗത്തിൽ എത്തിക്കുന്നത്. ജീവനുണ്ടെങ്കിലും പാതി മരിച്ച അവസ്ഥയിലായിരുന്നു. ട്രെയിനിൽ‌ നിന്നു വീഴുക മാത്രമല്ല, ക്രൂരമായ മാനഭംഗത്തിനും ഇരയായിട്ടുണ്ടെന്നു ഡോക്ടർമാർക്കു മനസ്സിലായിരുന്നു. അതു കൊണ്ടു തന്നെ തെളിവുകൾ ശേഖരിക്കുന്ന കാര്യ ത്തിൽ ഡോക്ടർമാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അർധബോധത്തിലും ഒരു ഒറ്റക്കയ്യനാണു തന്നെ ആക്രമിച്ചതെന്നു സൗമ്യ ആരോടോ പറഞ്ഞിരുന്നു. പിറ്റെ ദിവസമായപ്പോഴേക്കും സൗമ്യ വാർത്തകളിൽ നിറഞ്ഞു. വൈകുന്നേരത്തോടെ തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമിയെ അറസ്റ്റ് ചെയ്തു. പിറ്റെദിവസം രാവിലെയാണ് ഗോവിന്ദച്ചാമിയെ തൃശൂർ മെഡിക്കൽ കോളജിൽ പരിശോധനയ്ക്കു കൊണ്ടു വരുന്നത്. വൃത്തിയില്ലാതെ നടക്കുന്ന തനി ഭിക്ഷക്കാരന്റെ രൂപം. ഇടതു കൈ പകുതിയില്ല.

ഞാനും രണ്ടു പിജി സ്റ്റുഡൻസും ലാബ് ടെക്നീഷ്യനായ ഒരു പെൺകുട്ടിയുമാണു പരിശോധനാ സംഘത്തിലുളളത്. ഞങ്ങൾ അയാളെ വിശദമായി പരിശോധിച്ചു. നെഞ്ചിലും പുറത്തും മാന്തിപ്പറിച്ച പാടുകളുണ്ട്. അതു മാനഭംഗത്തിനിടയിൽ സംഭവിച്ചതാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി.

ഒറ്റക്കൈ കൊണ്ട് ഇയാൾ എങ്ങനെയാണ് ഒരു പെൺകുട്ടിയെ ട്രെയിനിൽ‌ നിന്നു തളളിയിട്ട് പൊക്കിക്കൊണ്ടു പോയി കൊന്നിട്ടുണ്ടാവുക? അതു തെളിയിക്കേണ്ടു വലിയ കാര്യ മാണ്. സ്വാധീനമുളള വലതു കൈയുടെ ശക്തി ഞങ്ങൾ വൈദ്യശാസ്ത്രപരമായി തന്നെ പരിശോധിച്ചു നോക്കി. ആ ഒറ്റക്കൈയ്ക്കു നല്ല ശക്തിയുണ്ടായിരുന്നു.

ഡിഎൻഎ പരിശോധനയ്ക്കു വേണ്ടി ലാബ് ടെക്നീഷ്യനായ പെൺകുട്ടിയോടു ഞാൻ രക്തം ശേഖരിക്കാൻ പറഞ്ഞു. പെൺകുട്ടി അയാളുടെ കൈയിൽ നിന്നു രക്തം ശേഖരിക്കു ന്നതിനിടെ അവളുടെ സ്പർശം മൂലം അയാൾക്ക് ഉത്തേജനം സംഭവിച്ചു. പ്രതിക്ക് ഒരു പെൺകുട്ടിയെ ശാരീരികമായി കീഴ്പ്പെടുത്താൻ കഴിവുണ്ട് എന്നതിന്റെ വ്യക്തമായ സൂചന യായിരുന്നു അത്. ഈ കാര്യം ഞാൻ സ്റ്റേറ്റ്മെന്റിൽ‌ കുറിച്ചിട്ടു. വൈദ്യപരിശോധനയ്ക്ക് ഇടയിൽ ഗോവിന്ദച്ചാമിയുടേത് എന്നല്ല, ഏതു പ്രതിയുടെയും ശാരീരികമായ മാറ്റങ്ങൾ ഇങ്ങനെ രേഖപ്പെടുത്തേണ്ടതുണ്ട്. എന്താണു യഥാർഥത്തിൽ സംഭവിച്ചതെന്നു വൈദ്യപരിശോധനയ്ക്കു ശേഷം ഞാൻ ഗോവിന്ദച്ചാമിയോടു ചോദിച്ചു.

തമിഴ് കലർന്ന മലയാളത്തിൽ അയാൾ സംഭവം വിവരിച്ചു. ബാഗിനുവേണ്ടിയായിരുന്നു പെൺകുട്ടിയെ കയറി പിടിച്ചത്. എതിർത്തപ്പോൾ അവളുടെ ദേഹത്തു പലയിടത്തും സ്പർശിച്ചു. അതോടെ മോഷണത്തിന് അപ്പുറത്തേയ്ക്കു കാര്യം പോവുകയാണു ചെയ്തത്. ട്രെയിനിൽ‌ നിന്ന് ആ കുട്ടിയെ തളളി താഴെയിട്ടു മാനഭംഗപ്പെടുത്തി.

എന്റെ മുന്നിൽ അയാൾ നടത്തിയ കുറ്റസമ്മതം ഞാൻ ഫയലിൽ രേഖപ്പെടുത്തി. ഒന്നാം തീയതി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സൗമ്യ ആറാം തീയതി മരിച്ചു. കേസ് കോടതിയിലെ ത്തിയപ്പോൾ വിചാരണയ്ക്കായി വന്ന ഗോവിന്ദച്ചാമിയെ കണ്ടു ഞാൻ അമ്പരന്നു. തടിച്ചു കൊഴുത്തു സുന്ദരനായിരിക്കുന്നു. കണ്ടാൽ ഭിക്ഷക്കാരനാണെന്നു പറയില്ല.

വാദം നടന്നപ്പോൾ പ്രതിഭാഗം വക്കീൽ പല ന്യായങ്ങളും പറഞ്ഞു. ആണും പെണ്ണും തമ്മിൽ ബന്ധപ്പെടുമ്പോള്‍‌ പുരുഷ ലിംഗത്തിനു പോറൽ വരുമെന്നും എന്നാൽ‌ ഗോവിന്ദച്ചാമിക്ക് അത് ഇല്ലെന്നും അതിനാൽ നിപരാധിയാണെന്നുമായിരുന്നു ഒരു വാദം. പെൺകുട്ടിയുടെ സ്വഭാവശുദ്ധിയെപ്പോലും ചോദ്യം ചെയ്യുന്ന ഈ വാദം കേട്ടപ്പോൾ എനിക്കു സഹിച്ചില്ല. ഞാൻ പ്രതിഭാഗം വക്കീലിന്റെ കൈയിൽ നിന്ന് ഒരു പേനയും പേപ്പറു വാങ്ങി. പേന പേപ്പറിൽ കുത്തിയിറക്കി. ഇതാണ് ഇവിടെയും സംഭവിച്ചത്. പുരുഷലിംഗത്തിനു പോറൽ വരണമെന്നു നിർബ ന്ധം പിടിക്കരുത് എന്ന് ഞാൻ വാദിച്ചു.

തുടർന്നു ഗോവിന്ദച്ചാമി എന്റെ മുന്നിൽ നടത്തിയ കുറ്റസമ്മതം ഞാൻ കോടതിക്കു ബോധ്യപ്പെടുത്തിക്കൊടുത്തു. ഒറ്റക്കയ്യനായതുകൊണ്ടു പെൺകുട്ടിയെ പൊക്കാൻ കഴിയില്ല. തലയ്ക്ക് അടിക്കാൻ കഴിയില്ല എന്നൊക്കെ പ്രതിഭാഗം വക്കീൽ വാദിച്ചു. പക്ഷേ, എന്റെ മുന്നിൽ ഗോവിന്ദച്ചാമി നടത്തിയ കുറ്റസമ്മതം, കോടതി എക്സ്ട്രാ ജുഡീഷ്യറി കൺഫഷനായി അംഗീകരി ച്ചു. ഒറ്റക്കൈയുടെ ശക്തി തെളിയിക്കുന്ന രേഖകളടക്കം ഞാൻ നൽകിയ എല്ലാ തെളിവുകളും അംഗീകരിക്കുകയും ചെയ്തു. ദൃക്സാക്ഷികൾ ആരുമില്ലാത്ത കേസിൽ പ്രതിക്കു വധശിക്ഷ കിട്ടാൻ കാരണമായതും ഈ തെളിവുകളാണ്.