അവധിക്കാലം ആഹ്ലാദകരമാക്കാം‌

Representative Image

അവധിക്കാലം, ടിവിയുടെ മുമ്പിലിരുന്നും വിഡിയോ ഗെയിം കളിച്ചും സോഷ്യൽ മീഡിയകളായ ഫെയ്സ്ബുക്കിലും വാട്ട്സ് ആപ്പിലും ചാറ്റ് ചെയ്തും വെർച്വൽ വേൾഡിൽ കുടുങ്ങി തീർക്കേണ്ട ഒന്നല്ല മറിച്ച് ശാരീരികമായും മാനസികവും വൈകാരികവും ബൗദ്ധികവുമായ വളർച്ചയ്ക്കുതകുന്ന റിയൽ ഗെയിമുകൾ ഗ്രൗണ്ടിൽ കളിച്ചും സുഹൃക്കളുടെയും ബന്ധുക്ക ളുടെയും വീടുകളിലും ഉല്ലാസ കേന്ദ്രങ്ങളിലും പോയും ആഘോഷമാക്കേണ്ട ഒന്നാണ്.

മൂന്നാറിനടുത്തുളള ഒരു സ്കൂളിലാണ് ഞാൻ പഠിച്ചിരുന്നത്. മധ്യവേനൽ അവധി തുടങ്ങുന്നത് പരീക്ഷകളുടെ അവസാന ത്തോടെയാണ്. അതുകൊണ്ട് അവസാന പരീക്ഷയും കഴിയു ന്നതോടെ ഞങ്ങൾ കൂട്ടുകാർ ഒരുമിച്ച് കൂടുമായിരുന്നു; സന്തോഷം പങ്കുവയ്ക്കാൻ, ഇനിയുളള ദിവസങ്ങൾ ആഘോഷമാക്കാൻ. കൂട്ടുകാരെല്ലാം ഒരുമിച്ച് ചേർന്ന് മധുരം പങ്കുവ ച്ചുകൊണ്ടായിരുന്നു ഞങ്ങളുടെ ആഘോഷത്തിന്റെ തുടക്കം.

ഞങ്ങൾ കൂട്ടുകാരുടെയെല്ലാം വീടുകളിൽ പോയി കളിക്കുമായിരുന്നു. കൂട്ടുകാരുടെയെല്ലാം വീടുകളിൽ ചെല്ലുക വഴിയായി ആ നാട്ടിലെ വിവിധ കുടുംബങ്ങൾ തമ്മിലുളള ബന്ധവും, സ്നേഹത്തിലും സഹകരണത്തിലും പരസ്പരം ബന്ധിപ്പിക്കുന്നു.

Representative Image

ഉച്ചകഴിഞ്ഞാൽ പിന്നെ കൂട്ടുകാരെല്ലാമായി തൊട്ടടുത്തുളള ആറ്റിൽ കുളിക്കാൻ പോകുന്നതാണ് ഏറെ പ്രിയപ്പെട്ട വിനോദം. രണ്ടു മണിക്കൂറിലധികം നീന്തിക്കുളിച്ച് ക്ഷീണിച്ച്, വിശ ന്നായിരിക്കും വീട്ടിലേക്കെത്തുക. ആറ്റിൽ കുളിക്കുമ്പോൾ തന്നെ പല കളികളും കളിക്കും. വാട്ടർ ബോള്‍, വെളളത്തിനടിയിൽ കല്ലിട്ട ശേഷം മുങ്ങി കണ്ടെത്തുന്ന കളി, നീന്തൽ മത്സരം, ശ്വാസം പിടിച്ച് മുങ്ങിക്കിടക്കുന്ന മത്സരം, നേരെ കിടന്നും, ചരിഞ്ഞു കിടന്നും നീന്തുന്ന മത്സരം. വെളളത്തിനടിയിലൂടെ മുങ്ങാം കുഴിയിട്ട് കൂടുതൽ ദൂരം നീങ്ങുന്ന മത്സരം... തുടങ്ങിയ കളികൾ ശരീരത്തിനും മനസിനും മികച്ച വ്യായാമം കൂടിയായിരുന്നു.

വൈകുന്നേരം വോളിബോൾ, ഫുട്ബോൾ, കിളികളി, സാറ്റ് കളി, താലപ്പന്തുകളി തുടങ്ങി അനേകം കളികൾ കളിക്കുമായിരുന്നു. കളികളിലൂടെ ജീവിതപാഠങ്ങളുടെ പരിശീലനമാണ് നമുക്കു ലഭിക്കുന്നത്. ഒരു കളിയിൽ തോൽക്കുമ്പോൾ പരാജയങ്ങളെ നേരിടാനുളള പാഠമാണ്, പരീശീലനമാണ് അവിടെ ലഭിക്കുന്നത്. പിന്നീട് ജീവിതത്തിലും വിദ്യാഭ്യാസ രംഗത്തും ജോലിയിലുമൊക്കെ തിരിച്ചടികളും പരാജയങ്ങളുമാകുമ്പോൾ അത് ജീവിതത്തിൽ സ്വാഭാവികമാണെന്ന ബോധ്യം മനസിൽ നിറയാൻ കളികൾ ഏറെ സഹായകരമാണ്. ടീം ബിൽഡിംഗ്, മറ്റുളളവരുമായി ഇടപഴകാനുളള കഴിവ്, ആശയവിനിമയശേഷി, ശാരീരിക മാനസിക ക്ഷമത എന്നിവയെല്ലാം കളികൾ നമുക്ക് പകർന്നു തരുന്നു. അതിനാൽ അവധിക്കാലത്ത് മുറിക്കകത്ത് അടച്ചിട്ടിരുന്ന് സമയം കൊല്ലുന്ന ടി.വി, ഇന്റർനെറ്റ്, ഫെയ്സ് ബുക്ക് ഉൾ പ്പെടെയുളള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ, വീഡിയോ ഗെയിമുകൾ എന്നിവ നിയന്ത്രിച്ചു കൊണ്ട്, ശാരീരിക മാനസിക ശേഷിയും, വ്യക്തി ബന്ധങ്ങളും വളർത്തുന്ന യഥാർത്ഥ കളികളിലേക്ക് കുട്ടികളെ വഴിതിരിച്ചു വിടാം. ഫെയ്സ് ബുക്കിലും വാട്ട്സ് ആപ്പിലും ടിവിയിലും ഇന്റർ നെറ്റിലും മാത്രം ജീവിതം കുടുക്കിയിട്ട കുട്ടികള്‍ക്ക് യഥാർഥ ജീവിതത്തിൽ ആളുകളുമായി ഇടപഴകാനും വിവിധ ‍ജീവിത സാഹചര്യങ്ങളെ നേരിടാനുമുളള കഴിവ് കുറവായിരിക്കും. അതിനാൽ ഗ്രൗണ്ടിലിറങ്ങി മറ്റു കുട്ടികളുമായി ഇടപഴകുന്ന കളികൾ കളിക്കാൻ അവധിക്കാലത്ത് കുട്ടികൾക്ക് അവസരമൊരുക്കാം. നട്ടുച്ച സമയത്തും ചൂട് കൂടുതലുളള സമയത്തും കുട്ടികളെ കളിക്കാൻ വിടാതിരിക്കാനും ശ്രദ്ധിക്കണം. സൂര്യാഘാതവും മറ്റും സംഭവിക്കാനുളള സാധ്യത തടയാനാണിത്.‌

അവധിക്കാലം സന്ദര്‍ശനങ്ങളുടെ കാലം കൂടിയാണ്. ബന്ധുക്കളുടെയും സുഹൃക്കളുടെയും വീടുകള്‍ സന്ദർശിച്ച് സ്നേഹബന്ധങ്ങൾ വളർത്താൻ അവസരം നൽകാം. അനാഥാലയങ്ങൾ, ആതുരശുശ്രൂഷാ കേന്ദ്രങ്ങൾ, വൃദ്ധ സദനങ്ങൾ എന്നിവ സന്ദർശിച്ച് കാരുണ്യത്തിന്റെ പാഠം പഠിപ്പിക്കാം. സുഖത്തിനുമപ്പുറം വേദനകളുടെ കാഴ്ചകൾ കൂടി കാട്ടാം. സാധിക്കുന്ന ദിവസങ്ങളിലെല്ലാം പളളിയിൽ കുർബാനയ്ക്ക് വിടാം. രണ്ടു മാസം ഏതെങ്കിലും കോഴ്സിന് വിട്ട് അവരുടെ അവധിക്കാലത്തെ മുഴുവനായി നശിപ്പിക്കാതിരിക്കാം. അതേ സമയം ചെറിയ കോഴ്സുകൾ, ഉദാഹരണം ചിത്രരചന, സ്പോക്കൺ ഇംഗ്ലീഷ്, നൃത്തം, സംഗീതം, എന്നിവയ്ക്കായി ദിവസത്തിൽ ഒരു മണിക്കൂറോ ആഴ്ചയിൽ ഒരു ദിവസമോ മാത്രം സമയം ചെലവഴിക്കുന്നതിൽ തെറ്റില്ല. ഇതവരുടെ സർഗ്ഗാത്മക ബുദ്ധി വളർച്ചയ്ക്ക് സഹായിക്കും. ഏതെങ്കിലും മികച്ച ഹിൽസ്റ്റേഷനിലേക്ക് ഈ ചൂടുകാലത്ത് കുട്ടികളുമായി ടൂർ പോകുന്നത് മാനസികോല്ലാസത്തിന് ഏറെ സഹായകരമാണ്. ഒപ്പം ഒന്നോ രണ്ടോ ദിവസത്തെ മോട്ടിവേഷനൽ/ വ്യക്തിത്വ വികസന ക്യാമ്പുകൾക്കായി കുട്ടികളെ അയയ്ക്കുന്നത് അവരുടെ വ്യക്തിത്വ വികസനത്തിനും കഴിവുകൾ വികസിപ്പിക്കുന്നതിനും സഹായിക്കും.

Representative Image

വായിക്കാനായി മികച്ച പുസ്തകങ്ങൾ കുട്ടികൾക്ക് വാങ്ങിക്കൊടുക്കാം. മഹാൻമാരുടെയും വിശുദ്ധരുടെയും ജീവിത കഥകള്‍, പ്രചോദനാത്മക പുസ്തകങ്ങൾ എന്നിവ വായിക്കുന്നതു വഴിയായി മൂല്യബോധവും ഉറപ്പിച്ചു കൊണ്ട് ജീവിതത്തിലെ ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിട്ട് ശരിയായ വഴിയിലൂടെ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നു. ഒപ്പം, നല്ല രീതിയിൽ മറ്റുളളവരോട് പെരുമാറാ നും മികച്ച വ്യക്തിത്വം ആർജിക്കാനും ഇതു വഴി കഴിയുന്നു.

അതിനാൽ ശാരീരിക, മാനസിക, ബൗദ്ധിക, ആത്മീയ വളർച്ചയിലൂടെ ഈ അവധിക്കാലം ഉല്ലാസകരമാക്കാൻ കുട്ടികളെ സഹായിക്കാം. അത് അവരുടെ ഓർമയിൽ എന്നും നില നിൽക്കും