കാൻസർ രോഗിക്കു ഭർത്താവു നൽകിയ സർപ്രൈസ് സമ്മാനം! വിഡിയോ കാണാം

അവസാന കീമോ കഴിഞ്ഞു പുറത്തിറങ്ങിയ ഭാര്യ അലിസയ്ക്കായി 500 പനിനീർപൂക്കൾ സമ്മാനിച്ച ബ്രാഡ് ബുസ്‌കെറ്റ്‌സ്

സ്‌നേഹം കൊണ്ടുണങ്ങാത്ത മുറിവോ വേദനയോ ഇല്ലെന്നു കാണിച്ചുകൊടുക്കുകയാണ് ഒരു ഭർത്താവ്. അവസാന കീമോതെറാപ്പി കഴിഞ്ഞു വരുന്ന ഭാര്യയ്‌ക്കൊരു സർപ്രൈസ്.. ഈ ആശയത്തിനു പിന്നിൽ അദ്ദേഹം തേടിയത് പ്രിയതമയുടെ സന്തോഷം മാത്രമായിരുന്നു. വേദനയുടെ കഠിന പാതകൾ താണ്ടിവന്ന അവൾക്ക് അതു ലഭിക്കാവുന്നതിൽ വച്ചേറ്റവും നല്ല സ്വീകരണമായിരുന്നു..!

യുഎസിലാണ് സംഭവം. ബ്രാഡ് ബുസ്‌കെറ്റ്‌സ് എന്ന ഭർത്താവാണ് കഥാനായകൻ. ഇദ്ദേഹത്തിന്റെ ഭാര്യ അലിസ സ്തനാർബുദത്തിനു ചികിൽസയിലാണ്. അവസാന കീമോ വകഴിഞ്ഞു പുറത്തിറങ്ങിയ അലിസയെ കാത്തുനിന്നതെന്തെന്നോ .. 500 പനിനീർപൂക്കൾ. അലിസയുടെ മക്കളും സുഹൃത്തുക്കളും 36 വേസുകളിലായി പൂക്കൾ സമ്മാനിച്ചപ്പോൾ അവർ സന്തോഷം കൊണ്ടു മതിമറന്ന അവസ്ഥയിലായി. എല്ലാം ഭർത്താവ് ബ്രാഡിന്റെ പണിയാണ്. വറ്റാത്ത ആത്മവിശ്വാസത്തോടെയും ശുഭചിന്തയോടെയും രോഗത്തെ അഭിമുഖീകരിച്ച അലിസയ്ക്ക് ഒരു സർപ്രൈസ് നൽകണമെന്ന് ബ്രാഡ് നേരത്തേ തീരുമാനിച്ചിരുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇതുസൂചിപ്പിച്ച് സന്ദേശം നൽകി. എല്ലാവരും സഹകരിച്ചപ്പോൾ സംഗതി വൻ വിജയമായി.

സർപ്രൈസിനു പിന്നിൽ ബ്രാഡ് ഒളിപ്പിച്ച നന്മകൂടി കാണാതിരുന്നുകൂടാ. ഓരോ പനിനീർപൂവും 10 ഡോളർ നിരക്കിലാണ് വാങ്ങിയത്. അങ്ങനെ 4,500 ഡോളറോളം സ്വരൂപിച്ച് സൂസൻ ജി.കൊമൻ ബ്രെസ്റ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനു നൽകുകയായിരുന്നു. പനിനീർ പുഷ്പങ്ങൾ മറ്റു കാൻസർ രോഗികളുമായി പങ്കിടാനും മറന്നില്ല. 170 കുടുംബങ്ങളാണ് സർപ്രൈസിൽ പങ്കാളികളായത്. അലിസയുടെ കൗമാരക്കാരായ രണ്ടു പെൺമക്കളും നാല് ഉറ്റസുഹൃത്തുക്കളുമാണ് പൂക്കൾ കൈമാറിയത്.

ഈ സർപ്രൈസ് രംഗങ്ങൾ മുഴുവൻ ക്യാമറയിൽ പകർത്തിയ ബ്രാഡ്, വിഡിയോ യൂ ട്യൂബിലെത്തിച്ചപ്പോൾ പെട്ടന്നു തന്നെ വൈറലായി. വിഡിയോ കണ്ട പലരും കണ്ണുനനയിച്ചതായി കമന്റ് ചെയ്തു. ഭർത്താവിന്റെ സ്‌നേഹത്തെ പ്രകീർത്തിച്ചവരും ദമ്പതിമാർക്കു നന്മ നേർന്നവരും ഉണ്ട്.