മനുഷ്യത്വമില്ലായ്മ, ഒരു ഐഎഎസുകാരിയുടെ കുറിപ്പ്

ശാരീരിക വൈകല്യത്തെ തോൽപിച്ച് സിവിൽ സർവീസ് പരീക്ഷ ജനറൽ വിഭാഗത്തിൽ കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തെത്തിയ ഇറ സിംഗാൾ എന്ന യുവതി കഴിഞ്ഞ ദിവസം തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് ഫേസ്ബുക്കിലാണ് കുറിച്ചത്.

ഇറയും കൂട്ടുകാരുമടങ്ങുന്ന നാൽവർ സംഘം മുസൂറിയിൽ നിന്നു ഡൽഹിയിലേയ്ക്കുള്ള യാത്രയിൽ മുറാദ് നഗറിൽ വച്ച് രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചതു കണ്ട് വാഹനം നിർത്തി ഇറങ്ങി. ട്രാക്ടറിൽ ഇടിച്ച് അപകടത്തിൽ പെട്ട കാർ യാത്രികർ രണ്ടുപേർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചെങ്കിലും കിട്ടിയില്ല. അതുവഴി പോയ 20 വാഹനങ്ങൾക്കെങ്കിലും കൈ കാണിച്ചെങ്കിലും ആരും സഹായിക്കാൻ മുതിരുകയൊ വാഹനം നിർത്തുകയൊ ചെയ്തില്ല. ഒടുവിൽ പൊലീസിനെ വിളിച്ചു വരുത്തിയാണ് ഒരാളെ ആശുപത്രിയിലെത്തിച്ചത്. ഒരാൾ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇതാണ് നമ്മളുടെ മനുഷ്യത്വമെന്ന് ഇറ കുറിക്കുന്നു. ഒരു ചെറിയ പെൺകുട്ടിയായ താൻ തിരക്കേറിയ യാത്രയിൽ അത്രയേറെപ്പേരോട് കെഞ്ചിയിട്ടും കരുണകാണിക്കാൻ ഒരാളും തയാറായില്ലെന്നും ഇറ തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു.

സഹജീവികളോട് യാതൊരു കാരുണ്യവുമില്ലാത്തെ ലോകത്തെക്കുറിച്ച് പരിതപിച്ചുകൊണ്ടാണ് ഇറ തന്റെ കുറിപ്പവസാനിപ്പിക്കുന്നത്.