ഐഐടി ബിരുദധാരി ഡ്രൈവറായതെങ്ങനെ? സിനിമയെ വെല്ലും ഈ കഥ !

ശ്രീകാന്ത് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ നിന്നുള്ള ചിത്രം

ഓരോ ദിവസവും ആരംഭിക്കുമ്പോൾ ഊർജസ്വലതയോടെയും ആവേശത്തോടെയും ഇന്നത്തെ ജോലികള്‍ ചെയ്തു തീർക്കണം എന്ന ആഗ്രഹത്തോടെ നീങ്ങുന്നവർ എത്രപേരുണ്ടാകും? വളരെ കുറവായിരിക്കുമല്ലേ.. ഭൂരിഭാഗം പേരും ഹോ കുറച്ചു സമയം കൂടി ഉറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ, ഇന്ന് അവധിയായിരുന്നെങ്കിൽ എന്നെല്ലാം മനസിലിട്ടു എഴുന്നേൽക്കുന്നവരായിരിക്കും. അത്തരക്കാർക്കു പ്രചോദനം പകരുന്നൊരു വാർത്തയാണിത്. വൈറ്റ് കോളർ ജോലികളിൽ മാത്രം അഭിമാനം കണ്ടെത്തി, എസിയോ ഫാനോ ഇല്ലാതെ പുറത്തിറങ്ങില്ലെന്നു കരുതുന്നവർക്കുള്ള കിടിലൻ മറുപടി കൂടിയാണിത്. ഐഐടിയിൽ നിന്നു ബിരുദം പൂർത്തിയാക്കിയ ഒരാൾ ഇന്നു യൂബർ ഡ്രൈവറായി ജോലി ചെയ്യുന്നു എന്നതാണത്.

അതെ, ഒറ്റവായനയിൽ വിശ്വസിക്കാനിത്തിരി പ്രയാസം തോന്നും. ബെംഗളൂരു സ്വദേശിയായ ശ്രീകാന്ത് സിങ് തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച അനുഭവകഥയാണിത്. യൂബർ ടാക്സിയിൽ ജോലി സ്ഥലത്തു നിന്നും തിരികെ പോരുകയായിരുന്നു ആമസോണിൽ ജോലി ചെയ്യുന്ന ശ്രീകാന്ത്. പക്ഷേ തന്റെ ഈ യാത്ര വേറിട്ടതായിരിക്കുമെന്നും ആ ഡ്രൈവർ വെറുമൊരു സാധാരണക്കാരൻ മാത്രമല്ലെന്നും അന്നൊരിക്കലും കരുതിയില്ല. വാഹനത്തിൽ കയറിയതോടെ ശ്രീകാന്തിനോട് ആനന്ദ് എന്നു പേരുള്ള കാബ് ഡ്രൈവർ സംസാരിച്ചു തുടങ്ങി അതും നല്ല ശുദ്ധമായ ഇംഗ്ലീഷിൽ. ഒരു ഡ്രൈവർ ഇത്രയും ഫ്ലുവന്റ് ആയി ഇംഗ്ലീഷ് പറയുന്നോ എന്നു അത്ഭുതപ്പെട്ടെങ്കിലും അതു മറച്ചുവച്ച് ശ്രീകാന്തും സംസാരിച്ചു തുടങ്ങി.

യാത്രയ്ക്കിടയിൽ ഓഫീസ് കോളുകൾക്കു മറുപടി കൊടുക്കുന്നുണ്ടായിരുന്ന ശ്രീകാന്ത് ഫോൺ വച്ചതും ആനന്ദ് ചോദിച്ചു ഈ ഇ-കൊമേഴ്സ് ബബിൾ എത്രകാലത്തേക്കുണ്ടാകുമെന്നാണു നിങ്ങൾ കരുതുന്നത്? അതോടെ ശ്രീകാന്ത് അടക്കിപ്പിടിച്ച ആശ്ചര്യമെല്ലാം തുറന്നു കാണിച്ച് ആനന്ദിനെക്കുറിച്ചു ചോദിച്ചു. അപ്പോഴാണ് താനൊരു മുൻ ഐഐടി ഗ്രാജ്വേറ്റ് ആണെന്ന കാര്യം ആനന്ദ് പറഞ്ഞത്. അമേരിക്കയിലും ഇന്ത്യയിലുമൊക്കെയായി മുപ്പതു വർഷം ജോലി ചെയ്തിട്ടുള്ള ആനന്ദ് പിന്നീടു ജോലിയെല്ലാം ഉപേക്ഷിച്ചു സംരംഭകനാവുകയും 50 കാറുകൾ സ്വന്തമാക്കി യൂബറുമായി ചേർന്നു ബിസിനസ് നടത്തുകയും ചെയ്യുന്നു.

അപ്പോഴും ശ്രീകാന്തിനു നിരവധി സംശയങ്ങൾ ബാക്കിയായിരുന്നു ഇത്രത്തോളം വലിയ ബിസിനസുകാരന്‍ എന്തിനാണു നഗരത്തിൽ ഡ്രൈവറായി നടക്കുന്നതെന്ന്. പക്ഷേ അതിനു പുറകിലെ കഥ ഇത്തിരി കണ്ണീർ കലർന്നതാണെന്നു മാത്രം. കാർ ആക്സിഡന്റിൽ മരണപ്പെട്ട തന്റെ മുൻ യൂബർ ഡ്രൈവർക്കു വേണ്ടിയാണ് ആനന്ദ് ഈ വേഷം കെട്ടിയത്. അപ്പോൾ തോന്നും മരിച്ചയാളുടെ കുടുംബത്തിനു പണം നൽകി സഹായിക്കാമായിരുന്നില്ലേയെന്ന്. എന്നാൽ അഭിമാനം മൂലം പണം വാങ്ങാന്‍ മടിച്ചു നിന്ന കുടുംബത്തിനു വേണ്ടിയാണ് ആനന്ദ് ആ കാർ തന്നെ ഡ്രൈവിങ് ചെയ്തു തുടങ്ങിയത്.

മരിച്ചയാൾക്കു പകരക്കാരനായി ജോലി ചെയ്ത് അതിൽ നിന്നു കിട്ടുന്ന വരുമാനം മുഴുവനായി ആ കുടുംബത്തിനു നൽകും. ആനന്ദിന്റെ കഥ കേട്ടു കഴിഞ്ഞപ്പോഴേയ്ക്കും താൻ കരഞ്ഞിരുന്നുവെന്ന് ശ്രീകാന്ത് പറയുന്നു. ഇക്കാര്യം വ്യക്തമാക്കി ശ്രീകാന്ത് ഫേസ്ബുക്കിൽ നല്‍കിയ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. എന്തായാലും പദവിയിൽ എത്രത്തോളം ഉന്നതിയിൽ ഇരിക്കുന്നയാളാണെങ്കിലും സഹജീവികള്‍ക്കൊരു പ്രശ്നം വരുമ്പോൾ താഴേത്തട്ടിലേക്കിറങ്ങി ചിന്തിക്കണമെന്നു കൂടി വ്യക്തമാക്കുന്നതാണ് ശ്രീകാന്തിന്റെ ഈ അനുഭവകഥ.