വേണം സദാചാരബോധത്തില്‍ ഒരു പൊളിച്ചെഴുത്ത്

Representative Image

എന്താണ് സ്വാതന്ത്ര്യമെന്ന വാക്കിന്റെ അര്‍ത്ഥം. ഇതിനെക്കുറിച്ച് വലിയ തോതിലുള്ള ചര്‍ച്ചയ്ക്ക് കേരളത്തില്‍ സമയമായെന്ന് തോന്നുന്നു. സാക്ഷര കേരളമെന്ന് ഖ്യാതി നേടിയ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സദാചാര ഗുണ്ടായിസ പ്രവര്‍ത്തനങ്ങള്‍ സ്വാതന്ത്ര്യമെന്ന വാക്കിനോട് കൂട്ടിച്ചേര്‍ത്താണ് നാം വായിക്കേണ്ടത്. കോഴിക്കോട്ടെ അമ്മയും മകന്റെയും വാര്‍ത്ത നമ്മള്‍ മറന്നിട്ടില്ല. കഴിഞ്ഞ ദിവസം നാട്ടുകാരെന്ന് പറയുന്ന ചിലരുടെ സദാചാര ബോധത്തിന്റെ ഇരയായ പുത്തന്‍ കുരിശ് എസ്‌ഐയും ഒരു കുടുംബവും സദാചാര ഗുണ്ടായിസമെന്ന വിപത്ത് കേരളത്തില്‍ വീണ്ടും ചര്‍ച്ചയാക്കുകയാണ്. 

എന്താണ് സദാചാരമെന്ന കാര്യത്തില്‍ ഒരു നിര്‍വചനം സൃഷ്ടിച്ചെടുക്കുന്നത് അസാധ്യമാണ്. മറ്റുള്ളവരുടെ സ്വൈരജീവിതത്തിന് ഹാനികരമല്ലാത്ത രീതിയില്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള അവകാശം ഈ നാട്ടിലെ ഓരോ പൗരനുമുണ്ട്. അതാണ് ഇവിടെ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പുത്തന്‍കുരിശ് എസ്‌ഐയുടെ കാര്യം തന്നെയെടുക്കാം. അദ്ദേഹത്തിന്റെ മനോരമ ന്യൂസിന് നല്‍കിയ വിശദീകരണ പ്രകാരം തനിക്കെതിരെയുള്ള വിരോധം തീര്‍ക്കാര്‍ ചിലര്‍ സദാചാരഗുണ്ടായിസമെന്ന ലേബല്‍ സൃഷ്ടിക്കുകയായിരുന്നു. കഞ്ചാവുകേസില്‍ താന്‍ അറസ്റ്റുചെയ്തവരാണ് തന്നെ കയ്യേറ്റം ചെയ്തതെന്നായിരുന്നു എസ്‌ഐ പറഞ്ഞത്. 

ഉണ്ണികൃഷ്‌നെന്ന ആളും അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുള്ള വീട്ടിലേക്ക് അവരുടെ ക്ഷണപ്രകാരം ഭക്ഷണം കഴിക്കാനാണ് താന്‍ പോയതെന്നും എസ്‌ഐ പറഞ്ഞു. വേര്‍പിരിഞ്ഞു താമസിക്കുന്ന അയാളുടെ മകളും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നത്തില്‍ അവരുടെ സ്വര്‍ണം തിരികെ കിട്ടാന്‍ താന്‍ മധ്യസ്ഥം വഹിക്കണമെന്ന വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയെന്ന ഉദ്ദേശ്യത്തിലായിരിക്കാം അയാള്‍ ക്ഷണിച്ചിട്ടുണ്ടാകുകയെന്നും എസ്‌ഐ വ്യക്തമാക്കി. ഇതിനെയാണ് സീരിയല്‍ നടിയുടെ വീട്ടില്‍ അനാശാസ്യത്തിന് പോയെന്ന് പറഞ്ഞ് തന്നെ ശത്രുവായി കരുതുന്നവര്‍ മര്‍ദിച്ചതെന്നാണ് പുത്തന്‍കുരിശ് എസ്‌ഐയുടെ ഭാഷ്യം. സോഷ്യല്‍ മീഡിയയില്‍ സദാചാരത്തിന്റെ പേരു പറഞ്ഞ് എസ്‌ഐക്കെതിരെയും ഒരു സീരിയല്‍ നടിക്കെതിരെയുമുള്ള വാര്‍ത്തകള്‍ അതിവേഗത്തില്‍ പരക്കുകയും ചെയ്തു. 

ഇത് എസ്‌ഐയുടെ കഥ. ഇനി എസ്‌ഐ പറയുന്ന വിശദീകരണം നുണയാണെന്നു തന്നെ കരുതുക. എസ്‌ഐക്കെതിരെ ആക്രമണം നടത്തിയവര്‍ പറയുന്നത് അയാള്‍ തുടര്‍ച്ചയായി മൂന്ന് ദിവസം രാത്രി ഒരു സീരിയല്‍ നടിയുടെ വീട്ടില്‍ പോയെന്നാണ്. ഇത് അനാശാസ്യത്തിനാണെന്നാണ് ഇവരുടെ ആരോപണം. 

എന്താണ് ആശാസ്യം അനാശാസ്യം എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. കപടസാദാചാരവാദത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. രണ്ടുപേര്‍ക്ക് പരസ്പരം ഇഷ്ടം തോന്നിയാലും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാലും അതിനെ വിലക്കുന്നതാണോ സദാചാരം. സമൂഹത്തിന്റെ സ്വൈരജീവിതത്തിന് തടസമില്ലാത്ത രീതിയില്‍ രണ്ട് പേര്‍ക്ക് അവരുടെ സ്വാതന്ത്ര്യം വിനിയോഗിക്കാനുള്ള അവകാശമില്ലാത്തതാണോ നമ്മുടെ ജനാധിപത്യ രീതികള്‍. സ്വാതന്ത്ര്യമുള്ള ഒരു തുറന്ന സമൂഹത്തിന് മാത്രമേ വികസിക്കാന്‍ സാധിക്കൂ. അതാണ് ചരിത്രം പഠിപ്പിക്കുന്നത്. 

ഒരു സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് പാര്‍ക്കിലോ ഹോട്ടലിലോ വീട്ടിലോ കണ്ടതിന്റെ പേരില്‍ ഉറഞ്ഞുതുള്ളുന്ന ആളുകള്‍ ഒരിക്കലും ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ അടയാളമല്ല. സദാചാരത്തിന്റെ നിര്‍വചനത്തില്‍ ഒരു പൊളിച്ചെഴുത്തിന് സമയമായിരിക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ അതിനുള്ള ചര്‍ച്ചകളായി മാറുകയാണ് വേണ്ടത്.