കതകുകൾ പോലും സുരക്ഷിതമല്ലാത്ത കാലം

Representative Image

കതകുകൾ സുരക്ഷിതമല്ലാത്ത കാലം... 
രാത്രിയിൽ കതകടയ്ക്കുമ്പോൾ അമ്മ ഇപ്പോഴും ഉറക്കെ പറയാറുണ്ട്‌, വാതിലുകൾ എല്ലാം അടച്ചോ എന്ന് നോക്കണം. കുറ്റി ഇടണം, വലിയ ഇരുമ്പിന്റെ താഴ് വച്ച് ചേർത്തടയ്ക്കണം... 
സുരക്ഷിതത്വം വീടുകളിൽ ഉണ്ടാവണം... 
എന്നാൽ ഒരു മൂർച്ചയേറിയ ആയുധം കൊണ്ട് പൊളിയ്ക്കാവുന്ന വാതിലുകളെ നമ്മുടെ വീടുകളിൽ ഉണ്ടായിരുന്നിട്ടുള്ളൂ. അതിനപ്പുറം കിടന്നെ പെണ്ണും ആണും ഒക്കെ ഉറങ്ങിയിട്ടുള്ളൂ. ഏതു നേരവും ഒരു മാനസിക രോഗിയായ പുരുഷൻ മുറി കുത്തി തുറന്നു മോഷ്ടിയ്ക്കാൻ വരുമെന്നും, മോഷണ ശ്രമത്തിനിടയിൽ പാതി മയക്കത്തിൽ കിടക്കുന്നവളെ അവന്റെ ദാഹം തീരും വരെ ബലാത്സംഗം ചെയ്യുമെന്നും ചിന്തിച്ചിട്ടുണ്ട്. സ്വയം റേപ്പ് ചെയ്യപ്പെട്ടവളായി ചിന്തിയ്ക്കാത്തവൾ എവിടെയുണ്ടാകാൻ?
പിന്നെ എല്ലാം ഒരു അടച്ചുറപ്പിന്റെ കരുതലിന്റെ അപ്പുറത്തേയ്ക്ക് മാറ്റി വയ്ക്കുമ്പോൾ വീടുകൾ പോലും കതകുകൾ പോലും സുരക്ഷിതമല്ലെന്ന കണ്ടെത്തലിൽ വാക്കുകൾ നഷ്ടമാകുന്നു.

മഹാരാഷ്ട്രയിലെ ശനിശിംഗനാപൂർ ഗ്രാമത്തിലെ വീടുകൾക്കൊന്നും വാതിലുകൾ ഇല്ലത്രേ. ടോയിലറ്റുകൾ പോലും തുറന്നു കിടക്കുന്നതിലെ നിഷ്കളങ്കത ഊഹിക്കാൻ പോലും അത്രയൊന്നും സദാചാരം മനസ്സിലില്ലെങ്കിലും ആലോചിയ്ക്കാൻ വയ്യ. പക്ഷേ അവിടെ എത്തി നോക്കലുകൾ ഇല്ല, അതിക്രൂരമായ റെപ്പുകൾ ഇല്ല... സ്ത്രീയും പുരുഷനും പരസ്പരം ബഹുമാനിച്ചും ആദരിച്ചും കഴിയുന്ന ഗ്രാമം. വീടുകൾക്കാണോ വാതിലുകൾ ഇല്ലാതിരിക്കേണ്ടത് അതോ മനുഷ്യന്റെ മനസ്സിനോ? ഉറപ്പായും മനസ്സിന് തന്നെ. പക്ഷേ ഇന്ന് ഏറ്റവുമധികം അടഞ്ഞു ഇരുട്ടടച്ചിരിയ്ക്കുന്നത് മനസ്സുകൾ മാത്രമല്ലേ?

ഒരു ചെറുകഥ വായിച്ചതോർക്കുന്നു. അതിക്രൂരമായി തലേ ദിവസം തങ്ങൾ റേപ് ചെയ്ത പെൺകുട്ടിയെ പിറ്റേ ദിവസം വഴിയിൽ വച്ച് കാണുന്ന മൂന്നു ആൺ സുഹൃത്തുക്കൾ. അവളെ കാണുമ്പോൾ മൂവരുടെയും മുഖത്ത് താൻ ലോകം പിടിച്ചടക്കിയ ആഹ്ലാദം. ലോകം മുഴുവൻ ആരാധിയ്ക്കുന്ന അവളെ സ്വന്തമാക്കിയെന്ന വാശി, അഹങ്കാരം. മുന്നിലെത്തിയപ്പോൾ മുഖത്ത് നിറച്ചു വച്ച 100 വാൾട്ടിന്റെ ബൾബ് അവൾ കണ്ടു. അവരുടെ അരികിലെത്തി, ഒന്നാമത്തെ പുരുഷന്റെ മുഖത്ത് നോക്കി അവൾ ഉറക്കെ വിളിച്ചു പറഞ്ഞു, 
"ഒരു പെണ്ണിനെ തൃപ്തിപ്പെടുത്താൻ നിനക്ക് കഴിവില്ല... നീയൊക്കെ ആണാണോ... "രണ്ടാമത്തെ പുരുഷന് നേരേ നോക്കിയും അവൾ ഇത് തന്നെ ആവർത്തിച്ചു. മൂന്നാമത്തെ താടിയിൽ മെല്ലെ പിടിച്ചിട്ടു അവൾ മന്ത്രിച്ചു. നിന്നെ എനിക്കിഷ്ടപ്പെട്ടു. നീയാണ് ആണ്...
ആണത്തം നഷ്ടമായ ആ റേപ്പിസ്റ്റുകൾ തങ്ങളുടെ നഷ്ടമായിപ്പോയ ആണത്തവും ഓർത്ത് സീറോ വോൾട്ട് ബൾബു പോലെ നിറം കേട്ട് നിന്നു. ഇതൊരു പെണ്ണിന് കഴിയും ഇത്ര നിസ്സാരമായി തന്റെ ശരീരത്തിൽ നടന്ന ഒരു അധിനിവേശത്തെ എടുത്തു കളയാൻ. 

അവൾ ഒരു രാജ്യമാണ്. അധിനിവേശം നടത്താൻ രാജാക്കന്മാർ കാത്തിരിയ്ക്കുന്ന സമൃദ്ധമായ രാജ്യം. പോരാട്ടങ്ങളിലൂടെയും യുദ്ധതന്ത്രങ്ങളിലൂടെയും അവളെ മുറിവേൽപ്പിച്ചു, തോൽപ്പിച്ചു അവളെ സ്വന്തമാക്കുമ്പോൾ സ്വന്തം ശരീരത്തിനോട്‌ പോലും തോന്നുന്ന ഒരു അറപ്പുണ്ട്. കുട്ടിക്കാലം മുതൽ സമൂഹം പറഞ്ഞു പഠിപ്പിച്ചിരിയ്ക്കുന്ന വിശ്വാസങ്ങളുടെ അറപ്പ്. മുറിവേറ്റതു ശരീരത്തിനല്ല മനസ്സിനാണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു തുടങ്ങുന്നു. സ്നേഹിക്കുന്ന ഒരുവന് വേണ്ടി മാത്രം കാത്തു വയ്ക്കേണ്ടതാണ് സ്വന്തം ശരീരം എന്നവൾ എന്നേ കണ്ടെത്തിയതാണ്. ഇനിയെങ്ങനെ അവനെ സ്നേഹിക്കും? ശരീരം നഷ്ടപ്പെട്ടവളെ സ്വന്തമാക്കിയ സോളമനെയാണ് ഇക്കാര്യത്തിൽ പുരുഷന്മാർ മാതൃകയാക്കേണ്ടതെങ്കിലും കളങ്കമേറ്റവളോടുള്ള പുരുഷ മനോഭാവം ഇപ്പോഴും അത്ര ഔന്നത്യമേറിയതൊന്നും അല്ല. റേപ്പ് ചെയ്യപ്പെടുന്ന അവസാന നിമിഷത്തിൽ നായികയെ രക്ഷിക്കാൻ എത്തുന്ന നായകന്റെ മനോഭാവം പുരുഷനിൽ നിന്നു അത്രയെളുപ്പം പോകുന്നതുമല്ല. 

റോഡിലിറങ്ങി നടക്കുന്ന ഓരോ മണിക്കൂറുകളിലും എത്രയോ പേരാൽ അവൾ ബലാത്സംഗം ചെയ്യപ്പെടുന്നുണ്ട്. വെളുത്ത യൂണിഫോമിൽ ക്ലാസ് കഴിഞ്ഞു റോഡിലൂടെ നടക്കുമ്പോൾ അടിയിൽ കിടക്കുന്ന പെറ്റിക്കോട്ടു നോക്കി, സെക്കന്റ്, പേപ്പർ ശരിയായി അല്ലല്ലോ മോളേ കിടക്കുന്നത് എന്ന തരം സംസാരങ്ങൾ വരെ കണ്ണുമടച്ചു അവൾ വിടുന്നത് അത്ര ഇഷ്ടമുണ്ടായിട്ടല്ല. ബസിനുള്ളിലെ പുറകിലൂടെയുള്ള ആക്രമണങ്ങളെ പേനാക്കത്തി കൊണ്ട് നേരിടാൻ ആകാശത്തിലെ നിസ്സഹായത പേനതുമ്പ് കൊണ്ട് തീർക്കുമ്പോൾ ആരും ഒന്നും അറിഞ്ഞില്ലെന്ന മട്ടിലുള്ള ചില പുരുഷന്മാരുടെ മുഖങ്ങൾ തന്നെയാണ് സുരക്ഷിതമല്ലാത്ത വാതിലിനു അപ്പുറത്തും കാണുന്നത്. അടഞ്ഞു കിടക്കുന്ന വാതിലിനുള്ളിലെ സുരക്ഷിതത്ത്വത്തിനുള്ളിൽ പോലും അവൾ ഉപദ്രവിക്കപ്പെടുന്നുണ്ടെന്നു ഇപ്പോൾ തിരിച്ചറിയപ്പെടുന്നില്ലേ? എങ്കിലും ഇപ്പോഴും ചോദിയ്ക്കപ്പെടുന്ന ചോദ്യങ്ങൾ ബാക്കിയാകുന്നു, എന്തേ അവൾ മാത്രം?