ആത്മഹത്യ ചെയ്യുന്നവരുടെ ധാർഷ്ട്യങ്ങൾ 

Representative Image

പാതി മുറിഞ്ഞ പുഴയൊഴുക്ക്‌ പോലെ ജീവൻ പാതിയിൽ അവസാനിപ്പിച്ചിട്ടു പോയിരിക്കുന്നു. എത്രയാവും ഒരാളുടെ ജീവന്റെ ദൂരമെന്നു  പറയാൻ ഒക്കുമോ? ഇല്ല... എങ്കിലും അപ്രതീക്ഷിത മരണങ്ങൾ തരുന്ന ആഘാതത്തിൽ നിന്ന് ഉറ്റവർ രക്ഷപെടാൻ എടുക്കുന്ന സമയം വളരെ ദീർഘമേറിയതാണ്. മഹേഷിനെ ആദ്യായിട്ട് കാണുന്നത് ഒരു പിറന്നാൾ ദിനത്തിലാണ്. സിനിമാ സംവിധായകൻ ആകണമെന്ന ആഗ്രഹവുമായി നടക്കുന്നവൻ, കയ്യിൽ ഒരു സിനിമയുടെ കഥ വച്ച് സാക്ഷാൽ മോഹൻ ലാലിനെ വരെ കാണാൻ പോയവൻ. കയ്യിലിരുന്ന കുഞ്ഞു ക്യാമറ മഹേഷിനെ എൽപ്പിച്ചിട്ടു ചടങ്ങുകൾ പകർത്തണമെന്ന് പറഞ്ഞെങ്കിലും മഹേഷ്‌ അതിനു അന്ന് തയ്യാറായില്ല. ചില മടികൾ നമ്മെ മറ്റുള്ളവരിൽ നിന്നും എത്ര മാത്രം അകറ്റും എന്നത് അന്നത്തെ അറിവിൽ നിന്നാണ് കിട്ടിയത്. 

പിന്നെയും ഇഷ്ടക്കേടുകൾ കൂട്ടാനുള്ള വഴികൾ എല്ലായ്പ്പോഴും മഹേഷുമായി ബന്ധപ്പെട്ടു മുന്നിൽ വന്നു കൊണ്ടെയിരിക്കുന്നുണ്ടായിരുന്നു. സിനിമ ചെയ്യാനുള്ള അടങ്ങാത്ത മോഹത്തിൽ പോലും ആദ്യ സിനിമ സ്വന്തമായിചെയ്യാനുള്ള മോഹം ധാർഷ്ട്യമായി കാണാനേ തോന്നുമായിരുന്നുള്ളൂ. സിനിമയെടുക്കൾ അത്ര എളുപ്പമാണോ ? ഒരു പ്രൊഡ്യൂസർ ഉണ്ടെങ്കിൽ സിനിമയെടുക്കാൻ ഏതു പണ്ഡിറ്റിനും കഴിയും പക്ഷേ ഓടിപ്പോകുന്ന ഫ്രെയിമുകൾക്ക് ചരമക്കുറിപ്പുകൾ അത്രയെളുപ്പം വീഴാതെ ഇരിക്കണമെങ്കിൽ അനുഭവവും നെഞ്ചിൽ ഏറെ നെരിപ്പോടും വേണ്ടേ? പട്ടിണിയോ പരിവട്ടമോ ഒന്നുമല്ല അനുഭവമുള്ള സംവിധായകരുടെ കൂടെ നിൽക്കാൻ ഉള്ള ക്ഷമയിൽ നിന്നും ഉണ്ടാകുന്ന അറിവുകൾ ഗുണം ചെയ്യില്ലേ? 

പറഞ്ഞു കൊടുത്തു...

പ്രയോജനമില്ല...

എന്നാൽ നിങ്ങൾ ഒരു ഷൊട്ട് ഫിലിം ചെയ്യൂ...

അതൊന്നും പറ്റില്ല... ആദ്യം ഒരു സിനിമ തന്നെ...

അപ്പോൾ പണം? അതുവരെയുള്ള ജീവിതം?

സിനിമയുടെ പേര് പറഞ്ഞു ഇനി മഹേഷ്‌ കടം വാങ്ങാൻ നാട്ടിലോ സുഹൃത്തുക്കളുടെ ഇടയിലോ ആരും തന്നെയില്ല. ഏറ്റവും കുറഞ്ഞത് ഒരാളിൽ നിന്ന് 10000 രൂപയ്ക്കെങ്കിലും കടക്കാരനാണ് മഹേഷ്‌. 

മുപ്പതു മുപ്പത്തഞ്ചു വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാനാകാതെ വീട്ടിൽ നിൽക്കുന്ന ചേച്ചിയോ ഇഷ്ടമുള്ളയാളോടൊപ്പം ഇറങ്ങി പോയ അനിയത്തിയോ ഒന്നും അയാളെ സ്പർശിച്ചിട്ടേ ഇല്ലെന്നു തോന്നിയിട്ടുണ്ട്. 

അവസാനം കുറച്ചു ആഡ് ഫിലിമുകളുടെ ആശയങ്ങളുമായാണ് മഹേഷ്‌ കാണാൻ വന്നത്. ആഡിന്റെ ജിങ്ങിൽസിനു പാടാൻ വരികൾക്കായി വരുമ്പോൾ സന്തോഷം തോന്നി... ഒടുവിൽ ജീവിയ്ക്കാൻ തീരുമാനിച്ചോ...

സിനിമ പടിയിറക്കാതെ  അനുഭവങ്ങൾക്കായി കാത്തിരിയ്ക്കാൻ തീരുമാനിച്ചോ... മഹേഷിന്റെ അപാരമായ ഫ്രെയിം സെൻസിനോട് അടുപ്പം തോന്നിയിരുന്നു. ഒരു നല്ല ചായാഗ്രാഹകനാകാൻ ഉള്ള കഴിവുകൾ കൃത്യമായും അയാൾക്കുണ്ട്,പക്ഷേ ഒരു കുടുംബത്തെ കൊണ്ട് പോകാൻ കഴിവില്ലാത്ത ഒരാള്, പണം മാനേജ് ചെയ്യാൻ അറിയാത്ത ഒരാൾ സംവിധായകനായാൽ...  വാക്കുകള കൊണ്ട് ഒരിക്കലും അയാളെ ആരും മുറിവേൽപ്പിച്ചില്ല... പക്ഷേ കാത്തിരിപ്പ്‌ മാത്രം ബാക്കിയാക്കി മഹേഷ്‌ ഇന്നലെ വിട പറഞ്ഞു...

ഒരു നീളൻ കയറിൽ അയാൾ തൂങ്ങിയാടിയത് വീടിനുള്ളിലായിരുന്നു. ദിവസങ്ങളോളം അടച്ചിട്ട വീടിന്റെ നിശബ്ദതയിൽ അയാൾ എകനായിരുന്നുവത്രേ. ഏറെ വൈകി വിവാഹിതയായ ചേച്ചിയും ഇളയ മകളുടെ അടുത്തേയ്ക്ക് പോയ അച്ഛനും നേരത്തെ ഹൃദയം വിലപിച്ചു വിട്ടകന്ന അമ്മയും ഒന്നും അയാളെ ആശ്വസിപ്പിച്ചില്ല.  "ഞാൻ അമ്മയ്ക്കൊപ്പം പോകുന്നു" എന്ന മരണക്കുറിപ്പിൽ ഒന്നുമുണ്ടായിരുന്നില്ല. 

പക്ഷേ അറിയുന്നുണ്ട്, മഹേഷിന്റെ ജീവിതത്തിന്റെ താളം തെട്ടലുകൾ. 35 വയസ്സിന്റെ നെടുവീർപ്പുകൾ . ഒറ്റയായവന്റെ തേങ്ങലുകൾ... നാട് മുഴുവൻ കൂട്ടുകാരുള്ള മഹേഷിന്റെ ശരീരം പോസ്റ്റ്‌ മോര്‍ട്ടതിനു കൊണ്ടുപോകാനോ, അതു തിരികെ കൊണ്ടുവന്ന് ഇത്തിരി നേരം അടുത്തിരുന്നു കരയാനോ വന്നവർ വിരലിൽ ഒതുങ്ങും എന്നതോർക്കുമ്പോൾ എവിടെയാണ് പിഴച്ചതെന്നു മനസ്സിലാകുന്നു. സുഹൃത്തുക്കളെ ഒന്നും ഒരിക്കലും അവരുടെ ആവശ്യങ്ങളിൽ കൂടെ നിൽക്കാൻ മഹേഷിനു കഴിഞ്ഞിരുന്നില്ല. എല്ലാവരിൽ നിന്നും പണം കടം വാങ്ങി വാങ്ങി പലപ്പോഴും അത് തിരികെ ചോദിയ്ക്കുമ്പോൾ അവരെ ഒഴിവാക്കി ഒഴിവാക്കി ഒറ്റയ്ക്കായിപ്പോയവനായിരുന്നല്ലോ അവൻ. 

പണം സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടു പ്രൊഡ്യൂസർമാരെ കണ്ടെത്തി വാങ്ങുക എന്നത് മഹേഷിന്റെ ജീവിതമാർഗ്ഗം തന്നെയായിരുന്നു. ജീവിതം നേരെ കൊണ്ട് പോകാനല്ല ആ പണം അയാൾ ചിലവഴിച്ചത്, മറിച്ചു വില കൂടിയ ഡ്രസ്സുകൾ, ഷൂസുകൾ, സാങ്കേതിക ഉപകരണങ്ങൾ എന്നിവ വാങ്ങിയതിനപ്പുറം പരസ്യങ്ങള്‍ക്കായി സംസാരിയ്ക്കാൻ പോകാൻ കാറിന്റെ തണുത്ത ചില്ലുകളിൽ നിന്നിറങ്ങി വരുന്ന ആഡംബരവും വേണമായിരുന്നു. സുഹൃത്തുക്കള്‍ ഒടുവിൽ കൂടെ ചെല്ലാതായപ്പോൾ പണം കയ്യിലില്ലാത്തവൻ സിസിയ്ക്ക് കാര്‍ എടുക്കുന്ന അവസ്ഥ വരെ എത്തി നിന്നു.

മഹേഷ്‌ ഒരു പേര് മാത്രമാണ്. എത്ര എത്ര ആത്മഹത്യകളുടെ ഒരു വെറും പേര് മാത്രം. മനസിലെ മോഹങ്ങള്‍ നടക്കാൻ ഒട്ടുമേ അധ്വാനിയ്ക്കാതെ ചുറ്റുമുള്ളവരുടെ പണം കൊണ്ട് കിനാവ്‌ കാണുന്നവന് ജീവിതം എന്ത് കൊടുക്കണം എന്നുള്ളതിന്റെ ഉത്തരമാണ് മഹേഷ്‌... ആത്മഹത്യകൾ ഒരിക്കലും ജീവിച്ചിരിക്കുന്നവർക്ക് ആശ്വാസമല്ല, പക്ഷേ തിരിച്ചറിയലാണ്. 

ഒരു തൂങ്ങിയാടലിന്റെ കിതപ്പ് ഇപ്പോഴും നെഞ്ചിലുണ്ട്. അതിരാവിലെ എഴുന്നേറ്റു മുറ്റത്തെ മാവിൻ കൊമ്പിൽ തൂങ്ങിയാടുന്ന ഒരു ഉടൽ കണ്ട വിറയലുകൾ ജീവിതം എന്നെങ്കിലും അവസാനിപ്പിക്കുമോ? രക്ഷപെടുന്നവർക്ക് ഏറ്റവും എളുപ്പത്തിൽ കയർ തുമ്പുകൾ കയ്യെത്തി പിടിക്കാം. പക്ഷേ അതിന്റെ കെട്ടറുത്ത്  മാറ്റുമ്പോൾ മുതൽ തുടങ്ങും ജീവിച്ചിരിയ്ക്കുന്ന ബാക്കിയുള്ളവരുടെ ആധികൾ, വിങ്ങലുകൾ. 

മരിയ്ക്കാൻ തീരുമാനമെടുക്കപ്പെടുന്ന ഒരു നിമിഷത്തിൽ മുതൽ നാം സ്വാർത്ഥതയിൽ ചിന്തിയ്ക്കാൻ ആരംഭിക്കുന്നു. പരാജയം തിരിച്ചറിയാനല്ലാതെ അതിന്റെ തിരുത്തലുകളിലേയ്ക്ക് അടുക്കാൻ മടി പിടയ്ക്കുന്ന മനസ്സിനൊപ്പം ശരീരവും മുന്നോട്ട്..

ചില ആത്മഹത്യകൾ മാത്രം ചിലപ്പോൾ അറിയാതെ വഴികൾ ഇല്ലാതെ അടഞ്ഞു നിൽക്കുന്നവയാണ്. ശരീരവും മനസ്സും ഇല്ലാതെയാകുമ്പോൾ ചിലവു കണ്ടെത്തുന്ന മാർഗ്ഗവുമാകുന്നു അത്. രാജ്യത്തെ പോലും ഉലച്ചു കളഞ്ഞ ചില ആത്മഹത്യകൾ (?) സാക്ഷിയാകുന്നു. ഓരോരുത്തരുടെയും തലയ്ക്കു മുകളിൽ തൂങ്ങിയാടുന്ന വാളുകൾ പോലെ ചില തൂങ്ങി നിൽക്കലുകൾ. അത് ജീവിതത്തെ ഓർമ്മിപ്പിക്കും, ജീവിച്ചിരിക്കുന്നവരെ ഒാർമ്മിപ്പിക്കും. അതിജീവനത്തെയും ഓർമ്മിപ്പിക്കും.