പ്രമേഹത്തെ പാട്ടിലാക്കി ഇന്ദു തമ്പി

ഇന്ദു തമ്പി

ഒരു തലവേദന വന്നാൽ പോലും സ്വയം ശപിച്ച് കഴിയുന്ന നമ്മുടെ ഇടയിലേക്ക് ചെറുപ്പം മുതലേ താൻ പ്രമേഹ ബാധിതയായിരുന്നു എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മുൻ മിസ് കേരളയും സിനിമാ സീരിയൽ താരവുമായ ഇന്ദു തമ്പി. മെട്രോണിക് എന്ന മെഡിക്കൽ എക്യുപ്മെന്റ് കമ്പനിയുടെ ഇൻസുലിൻ പമ്പിന്റെ ആദ്യ ബ്രാൻഡ് അംബാസിഡറുമാണ് ഇൗ താര സുന്ദരി.

പ്രമേഹത്തെക്കുറിച്ച് പുറത്തു പറയാനുണ്ടായ കാരണം?

കുട്ടികളിൽ വരുന്ന ടെപ്പ് വൺ പ്രമേഹമായിരുന്നു എനിക്ക്. ഇതിന്റ ഗൗരവവും പ്രത്യേകതകളുമൊന്നും ചെറുപ്പത്തിലേ അറിയില്ലായിരുന്നു. ഏഴുവയസുള്ളപ്പോഴാണ് ഇതറിയുന്നത്. വേറെ പലർക്കു ഇൗ അസുഖം ഉണ്ടെന്നൊന്നും അന്ന് അറിയില്ലായിരുന്നു. മിസ് കേരള കിട്ടിക്കഴിഞ്ഞാണ് അസുഖത്തിന്റെ ബോധവൽക്കരണത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് ചിന്തിച്ചു തുടങ്ങിയത്. അപ്പോഴാണ് എന്നെ എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങിയതും. അപ്പോൾ പറഞ്ഞാൽ ഫലമുണ്ടാകുമെന്നു കരുതി.

ഇതു ആരുടേയും കുറ്റമല്ല, അച്ഛന്റേയും അമ്മയുടേയും കുറ്റമല്ല, കുട്ടികളുടേയും കുറ്റമല്ല, പാരമ്പര്യമായി വരുന്നതുമല്ല. എങ്കിലും എല്ലാവരും ഒളിച്ചു വയ്ക്കുന്നു. പുറത്തു പറയാൻ നാണക്കേട് കാണിക്കുന്നു. ഇൗ അസുഖമുള്ള പെൺകുട്ടികളുടെ ഭാവിയോർത്ത് വേദനിക്കുന്ന ഒരു പാട് അമ്മമാരുണ്ട്. ഒരുപാട് ദു:ഖം ഒതുക്കിയാണ് ഇവർ ജീവിക്കുന്നത്. അങ്ങനെയാണ് ഡോക്ടറോട് ഇതേക്കുറിച്ച് സംസാരിച്ചത്. ഡോക്ടർക്കും സന്തോഷമായി. മെട്രോണിക്ക് എന്ന മെഡിക്കൽ ഉപകരണങ്ങൾ ഉണ്ടാക്കുന്ന ഒരു കമ്പനിയുണ്ട്. ഇൗ കമ്പനിയുടെ ഇൻസുലിൻ പമ്പിന്റെ ഇന്ത്യയിലെ ആദ്യ ബ്രാൻഡ് അംബാസിഡർ ആണ് ഞാൻ.

ഇൗ അസുഖം എങ്ങനെയാണ് വരുന്നത്?

മധുരം കഴിക്കുന്നതു കൊണ്ടു വരുന്നതല്ലിത്. നമ്മുടെ പാൻക്രിയാസിൽ അണുബാധയോ അങ്ങനെ മറ്റെന്തെങ്കിലും കാരണമോ കൊണ്ട് ഇൻസുലിൻ ഉൽപാദിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഡയബറ്റിക്സ് എന്ന് പേരുണ്ടെന്നേ ഉള്ളൂ. രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല. പാൻക്രിയാസിലെ ബീറ്റാസെൽസാണ് ഇൻസുലിൻ ഉൽപാദിപ്പിക്കുന്നത്. ഇൗ ബീറ്റാ സെൽസിന്റെ പ്രവർത്തനം നിലയ്ക്കുമ്പോൾ വരുന്ന അസുഖമാണിത്.

എന്തൊക്കെ പ്രവർത്തനങ്ങൾ ഇത് സംബന്ധിച്ച് ചെയ്യുന്നു?

ഇതു സംബന്ധമായ സെമിനാറുകളിലും ബോധവൽക്കരണ ക്ലാസുകളിലുമൊക്കെ പങ്കെടുത്ത് എന്റെ അനുഭവങ്ങൾ ഇത്തരത്തിലുള്ള കുട്ടികളുടെ അച്ഛനമ്മമാരുമായി പങ്കുവയ്ക്കാറുണ്ട്. കുട്ടികൾക്കും പ്രചോദനമാകാൻ ശ്രമിക്കാറുണ്ട്.

ഇന്ദു തമ്പി

എങ്ങനെ ഇൗ അസുഖത്തെ മറികടന്നു?

എന്റെ വീട്ടുകാർ എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. അവരുടെ മനോധൈര്യമാണ് എന്നെ രക്ഷിച്ചത്. നിനക്കൊരു പ്രശനവുമില്ലല്ലോ എന്ന മനോഭാവമായിരുന്നു അവർക്ക്. അവർ വായിച്ചും അന്വേഷിച്ചുമൊക്കെ അറിവ് നേടുകയായിരുന്നു. എന്നെ ഒരു കാര്യത്തിൽ നിന്നും മാറ്റി നിർത്തിയില്ല. സ്കൂളിൽ എല്ലാ പരിപാടികളിലും പങ്കെടുപ്പിച്ചു.

ഒരു അസുഖമുള്ള കുട്ടിയായി കണക്കാക്കി ഭയപ്പെടുത്തിയില്ല. എല്ലാവരും അങ്ങനെയാണെന്നാണ് ഞാൻ കരുതിയിരുന്നത്. പിന്നെയാണ് എല്ലാവരും ഇൗ അസുഖത്തെ ഭയത്തോടെ കാണുന്നുവെന്ന് മനസിലാക്കിയത്. അപ്പോഴാണ് ബോധവൽക്കരണം നൽകണമെന്ന് വിചാരിച്ചത്. ഞാൻ മിസ് കേരള വരെഎത്തി. എനിക്ക് സൗകര്യങ്ങൾ കുറവായിട്ടുകൂടി മിസ് കേരളവരെ എത്താനായി. അപ്പോൾ ഇന്നത്തെക്കുട്ടികൾക്ക് ഒരുപാട് സൗകര്യങ്ങളുണ്ട്. അവർ വളരട്ടെ.

എങ്ങനെയാണ് കണ്ടെത്തിയത്?

ഏഴുവയസുള്ളപ്പോഴാണ് ഇത് കണ്ടെത്തുന്നത്. ഭയങ്കര ക്ഷീണം, വല്ലാതെ മെലിയുന്നു, ഭയങ്കര വിശപ്പും ഉണ്ടാകുന്നു. ഒരുപാട് ഭക്ഷണം കഴിച്ചിട്ടും ക്ഷീണമൊന്നും മാറുന്നില്ല. അങ്ങനെ ഡോക്ടറെ കാണുകയായിരുന്നു. അപ്പോഴൊന്നും ഇങ്ങനെയൊരസുഖത്തെക്കുറിച്ച് കേട്ടിട്ടുപോലുമില്ലായിരുന്നു. എന്റെ ഭാഗ്യത്തിന് അന്ന് നല്ലൊരു ഡോക്ടറെ ലഭിച്ചു.

സെലിബ്രിറ്റിയായതുകൊണ്ട് ഇൗ അസുഖം പുറത്തു പറയുന്നതിനെ ആരും വിലക്കിയില്ലേ?

ഇല്ല. ആരും വിലക്കിയില്ല. എന്റെ ഡോക്ടറും സന്തോഷപൂർവമാണ് സ്വീകരിച്ചത്. ആ തീരുമാനം എടുക്കേണ്ടത് ഞാനാണ്. ആളുകൾ ഇപ്പോൾ ഒരുപാട് എന്നെ വിളിക്കാറുണ്ട്. അയ്യോ ഞങ്ങൾക്കൊക്കെ ഭയമായിരുന്നു ഇൗ അസുഖത്തെക്കുറിച്ച് ബന്ധുക്കളോട് പോലും പറയാനെന്നാണ് അവർ പറയാറ്.

ഇന്ദു തമ്പി ഭർത്താവ് കിഷോറിനോെടാപ്പം

വിവാഹത്തിനു മുമ്പ് ഭാവി വരനോട് പറഞ്ഞിരുന്നോ?

ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. അദ്ദേഹത്തോട് നേരത്തെ എല്ലാം തുറന്നു പറ‍ഞ്ഞിരുന്നു. അദ്ദേഹം ഇതിനെക്കുറിച്ച് ഒരുപാട് വായിക്കുകയും മനസിലാക്കുകയുമൊക്കെ ചെയ്തു. വലിയ പിന്തുണയാണ് കിഷോർ എനിക്ക് തരുന്നത്.

ദിനചര്യകൾ?

വ്യായാമം മുടക്കാറില്ല. 45 മിനുറ്റ് എല്ലാ ദിവസവും വ്യായാമം ചെയ്യാറുണ്ട്. മധുരം അധികം കഴിക്കില്ല. കാരണം എല്ലാ ഭക്ഷണത്തിലൂടെയും മധുരം നമ്മുടെ ഉള്ളിൽ എത്തുന്നുണ്ട്. പിന്നെ മരുന്നും മുടക്കാറില്ല. ഇൻസുലിൻ പമ്പ് ആണ് ഞാൻ ഉപയോഗിക്കുന്നത്. അമിതമായി എന്തു കഴിച്ചാലും വിഷം എന്നു പറയാറില്ലേ, അതുപോലാണിത്.

സിനിമാ സീരിയൽ സ്വപ്നങ്ങൾ?

ഇപ്പോൾ അസുഖം സംബന്ധിച്ച പ്രവർത്തനങ്ങളുമായി തിരക്കിലാണ്. നീണ്ട ഷെഡ്യൂളുകൾ ഏറ്റെടുക്കാൻ പറ്റില്ല. അതുകൊണ്ട് സിനിമകളാണ് നോക്കുന്നത്. ചർച്ചകൾ നടക്കുന്നുണ്ട്. ഉടൻ പ്രതീക്ഷിക്കാം.

ഇന്ദു തമ്പി