നാടുനീളെ ക്ഷണമില്ല, ഗംഭീരൻ സദ്യയില്ല, ഒരു തരി പൊന്നില്ല, ഈ വിവാഹം വേറെ ലവൽ!

ഐറിഷും ഹിതയും

പ്രണയിക്കുന്നത് അത്ര എളുപ്പമല്ല, ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തണം, അവരോടു പ്രണയം പറയണം, സമ്മതം തേടണം, പിന്നെ അവരുടെ ഇഷ്ടങ്ങൾ നമ്മുടേതുമായി ചേരണം... ഇതൊക്കെ ശരിയായാലോ, വിവാഹത്തോടടുക്കുമ്പോൾ അറിയാം പ്രശ്നങ്ങൾ. വീട്ടുകാരുടെ നിർബന്ധം , സ്ത്രീധനം, നാട്ടുകാരുടെ വിശേഷങ്ങൾ ചോദിക്കൽ... നീളുന്ന കുരുക്കുകൾ. ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് ഐറിഷിന്റെയും ഹിതയുടെയും വിവാഹം. നാടടച്ച് നാട്ടുകാർക്ക് ക്ഷണങ്ങളില്ല, വിവാഹത്തിന് തലേന്നാൾ രാത്രിയിലെ ഗംഭീരൻ ഇറച്ചി വിളമ്പിയ സദ്യകളില്ല, വരുന്നവർക്ക് മരത്തൈകൾ കിട്ടും... എന്താണ് സംഭവമെന്നല്ലേ? കോഴിക്കോട് പേരാമ്പ്രക്കാരനായ ഐറിഷ് വത്സമ്മയുടെ വൈറലായ പോസ്റ്റാണ് സംഭവം. ഈ വരുന്ന ഫെബ്രുവരി 19 നു നടക്കുന്ന വിവാഹത്തിൽ പ്രത്യേക രീതിയിലാണ് ഐറിഷ് സുഹൃത്തുക്കളെ ക്ഷണിച്ചത്.

പോസ്റ്റ് വായിക്കാം:

"ഫെബ്രുവരി 19ന് (ഞായറാഴ്ച്ച)പേരാമ്പ്ര കുന്നുമലെ ഞങ്ങടെ വീട്ടില് വെച്ച് മൂന്ന് മണിക്ക്. സൊറ പറഞ്ഞിരിക്കാന്‍, സന്താേഷം പങ്ക് വെയ്ക്കാന്‍ വന്നോളു. പാടാം ആടാം മ്മക്ക് .
മതപരമായ യാതൊരു ചടങ്ങും ഇല്ലാതെ ഒരു തരി സ്വര്‍ണ്ണത്തില് കുളിപ്പികാതെ, സ്ത്രിധനം പറഞ്ഞ് കച്ചവടം ഉറപ്പിക്കാതെ ഞാനോളെ, എന്റെ കുമ്പേനേ ജീവിതത്തില് കൂടെ കൂട്ടുകയാണ്.
തിന്നാന്‍ വേണ്ടി മാത്രായിട്ട് ആരും വരേണ്ടതില്ല.. നോണ്‍ വെജ്ജും മദ്യവും ഉണ്ടാവുന്നതല്ല.
ക്ഷണക്കത്തും ഇല്ല പ്രത്യേക ക്ഷണിതാക്കളും ഇല്ല. മരത്തൈ വേണമെന്നുള്ളവര്‍ക്ക് തൈകള്‍ തന്നുവിടുന്നതാണ്..
വരുന്നവർ തീര്‍ച്ചയായും അറിയിക്കുമല്ലോ , താമസ സൗകര്യവും ഭക്ഷണവും ക്രമീകരിക്കേണ്ടതുണ്ട്..
റൂട്ട് കോഴിക്കോട്ന് - തൊട്ടില്‍പ്പാലം / കുറ്റ്യാടി ബസ് കേറി പേരാമ്പ്ര ഇറങ്ങി വിളിച്ചാ മതി."


മലപ്പുറത്തെ അഡ്വഞ്ചർ പാർക്ക് ഡിസൈനറും പേഴ്‌സണാലിറ്റി ഡെവലപ്പ്മെന്റ് ട്രെയിനറുമാണ് ഐറിഷ്. ഹിത മെഡിക്കൽ സ്റ്റുഡന്റാണ്‌ . പരിസ്ഥിതി പ്രണയികളാണ് രണ്ടു പേരും, അതുകൊണ്ടു തന്നെ മരം വയ്ക്കുക എന്ന ആശയം ഇന്ത്യ മുഴുവൻ നടത്തുന്ന ഗ്രീൻവെയിൻ എന്ന പരിസ്ഥിതി സംഘടനയുടെ പ്രവർത്തകരുമാണ് ഇരുവരും. കല്യാണത്തിന് ക്ഷണമില്ലെന്നു പറഞ്ഞുവെങ്കിലും ഐറിഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായതോടെ കല്യാണം കാണാൻ ദൂരെ നിന്ന് പോലും സുഹൃത്തുക്കൾ എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.