പൂജ്യത്തിൽ നിന്നു കോടീശ്വരിയിലേക്ക്

ജാജി

ഏതൊരു സംരംഭകയ്ക്കും പ്രചോദനം ലഭിക്കുന്ന വിജയകഥയാണു കൊല്ലത്തു ജാജീസ് ഇന്നൊവേഷൻസ് എന്ന പേരിൽ ബ്യൂട്ടി ക്ലിനിക്കുകൾ നടത്തുന്ന കെ. ജാജി മോളുടേത്. അ‍ഞ്ചു കോടിയോളം വാർഷികവരുമാനമുള്ള ബ്ല്യൂട്ടി ക്ലിനിക്കുകളുടെ തുടക്കത്തെക്കുറിച്ചു ചോദിച്ചാൽ ജാജി പറയുക, ‘സീറോയിൽനിന്നു പോലുമായിരുന്നില്ല എെന്റ തുടക്കം, അതിലുമപ്പുറം മൈനസിൽ നിന്നായിരുന്നു. കയ്യില്‍ അഞ്ചു പൈസയുണ്ടായിരുന്നില്ല. പക്ഷേ, വിജയിക്കണമെന്ന നിശ്ചയദാർഢ്യവും എത്രവേണമെങ്കിലും പരിശ്രമിക്കാനും കഷ്ടപ്പെടാനുമുള്ള മനസ്സുമുണ്ടായിരുന്നു.

കൊല്ലം എസ്എൻ കോളജിൽ നിന്നു ബിരുദപഠനം പൂർത്തിയാക്കിയ ജാജി ആദ്യം കൈവച്ച മേഖല വസ്ത്രങ്ങളുടെ ഡിസൈനിങ്ങും വിപണനവുമായിരുന്നു. നല്ല രീതിയിൽ നടന്നു കൊണ്ടിരുന്ന ബിസിനസ് വേണ്ടത്ര തൊഴിലാളികളെ കിട്ടാത്തതിനാൽ നിർത്തേണ്ടി വന്നു.

പിന്നീടാണു ബ്യൂട്ടീഷൻ‌ കോഴ്സ് പഠിക്കാൻ തീരുമാനിക്കുന്നത്. രണ്ടു കുട്ടികളുള്ള, മുപ്പതു കഴിഞ്ഞ വീട്ടമ്മ ഒന്നര വർ‌ഷത്തെ കോഴ്സിനു ബാംഗ്ലൂരിലേക്കു വണ്ടി കയറുമ്പോൾ വിമർശിച്ചവർ ഏറെയുണ്ടായിരുന്നു. പതിനഞ്ചു വർഷം മുൻപായിരുന്നു അത്. ഒന്നരലക്ഷം രൂപയായിരുന്നു കോഴ്സ് ഫീ. സ്വർണം മുഴുവൻ പണയം വച്ചായിരുന്നു പണം കണ്ടെത്തിയത്. ബ്യൂട്ടീഷൻ കോഴ്സിനോടൊപ്പം തന്നെ ബാംഗ്ലൂർ എഎൽടി കോളജിൽ നിന്നു ഫാഷൻ ഡിസൈനിങ്ങും പാസ്സായി. പഠനം കഴിഞ്ഞു ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്ന് ഒരുലക്ഷം രൂപ വായ്പ എടുത്തിട്ടാണു വീടിനോടു ചേർന്നു ജാജി ആദ്യത്തെ ബ്യൂട്ടി പാർലർ തുടങ്ങുന്നത്.

ലോകത്തു ബ്യൂട്ടി കെയർ രംഗത്തു നടക്കുന്ന എല്ലാ മാറ്റങ്ങളും അപ്പപ്പോൾ പഠിച്ച് അപ്ഡേറ്റഡ് ആകുന്നതാണു ജാജിയൂടെ രീതി. പല വിദേശരാജ്യങ്ങളിലും പോയി ബ്യൂട്ടി കെയറിൽ ഉപരിപഠനം നടത്തി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ജാജീസ് ഇന്റർ‌നാഷണൽ അക്കാദമി ആരംഭിക്കുന്നത് 2006ൽ ആണ്. ഇന്നു കൊല്ലം ജില്ലയിൽ ജാജീസ് ഇന്നൊവേഷൻസിനു മൂന്നു ബ്രാഞ്ചുകളുണ്ട്.