മാതാപിതാക്കള്‍ക്ക് ജിഷ്ണുവിന്റെ സ്നേഹ സമ്മാനം

വ്യത്യസ്തമായ അഭിനയ മികവിലൂടെ പ്രേക്ഷക മനസിലിടം നേടിയ ന‌ടൻ ജിഷ്ണു പണ്ടേ ഗ്ലാമർ ലോകത്തിനപ്പുറം സാധാരണ ജീവിതം ഇഷ്ടപ്പെടുന്നയാളാണ്. അർബുദ ചികിത്സയുടെ ഭാഗമായി കുറച്ചായി സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന ജിഷ്ണു സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ ഇഷ്ടപ്പെടുന്നവരോടു സ്ഥിരം സംവദിക്കാറുണ്ട്. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലെല്ലാം വ്യക്തമായ അഭിപ്രായം കുറിക്കുന്ന ജിഷ്ണുവിന് കുടുംബത്തെ വിട്ടൊരു ജീവിതമില്ല. ഇപ്പോൾ നടൻ കൂടിയായ അച്ഛന്‍ രാഘവന്റെയും അമ്മയുടെയും വിവാഹ വാർഷിക ദിനത്തില്‍ വ്യത്യസ്തവും ലളിതവുമായൊരു സമ്മാനമാണ് ജിഷ്ണു നൽകുന്നത്. മറ്റൊന്നുമല്ല ഇരുവർക്കുമൊപ്പം നാടൻ തട്ടുകടയിൽ നിന്നൊരു ചായ. മൂന്നുപേരും ചായയ്ക്കു വേണ്ടി കാത്തിരിക്കുന്നതിന്റെ ചിത്രം പങ്കുവച്ചാണ് ജിഷ്ണു അമ്മയ്ക്കും അച്ഛനും വിവാഹ വാർഷിക ആശംസ നേർന്നിരിക്കുന്നത്.

ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

41 വർഷത്തെ സംഭവബഹുലവും സാഹസികവും സന്തോഷകരവുമായ കുടുംബജീവിതം... അവരുടെ ജീവിതത്തിലേക്കും ഒന്നിച്ചുള്ള ജീവിതത്തിലേക്കും തിരികെ നോക്കുമ്പോൾ അവ ഏറ്റക്കുറച്ചിലുകളുടെയും ഉയര്‍ച്ചത്താഴ്ച്ചകളുടെയും മനേഹരമായ ആകെത്തുകയാണെന്നു കാണാം. അവര്‍ ഈ യാത്രയെ എത്രത്തോളം അത്ഭുതകരമായാണ് നയിച്ചതെന്നോര്‍ത്ത് അഭിമാനിക്കുന്നതിനൊപ്പം അവർക്കരികിൽ അവരുടെ മകനായി ഇരിക്കാൻ കഴിഞ്ഞതിലും ഞാന്‍ അനുഗ്രഹീതനാണ്. എനിക്കിപ്പോൾ പേടിയൊട്ടുമില്ല, കാരണം ഞാൻ അവരു‌‌ടെ മകനാണ്.

ഇതാണ് അവർ ഇന്ന് ആഗ്രഹിച്ചത്, ഒരു കപ്പു ചായ. ഞങ്ങളിപ്പോഴുള്ള പ്രകൃതി ചികിത്സ കേന്ദ്രത്തിൽ ചായ അനുവദനീയമല്ലാത്തതിനാല്‍ അടുത്തുള്ള തട്ടുകടയിൽ ഈ പ്രത്യേക ദിനത്തിൽ ഒരു സ്പെഷ്യൽ ചായയ്ക്കായി കാത്തിരിക്കുന്നു. വിവാഹവാർഷിക ആശംസകൾ......