മഴവില്ലു പോലൊരു പ്രണയം, ആചാരപ്രകാരം അവൻ അവന്റെ ചെക്കന് മോതിരമിട്ടു!

ജോൺ മക്കെയ്നും ചലപതി റാവുവും വിവാഹം ഉറപ്പിക്കൽ ചടങ്ങിനു ശേഷം

വിവാഹം രണ്ടു മനസുകൾ കൂടിച്ചേരുന്ന പ്രക്രിയയാണ്. അതിനു പ്രത്യേക മാനദണ്ഡങ്ങളില്ല. ജാതിയോ മതമോ സ്ത്രീയോ പുരുഷനോ എന്ന വിവേചനങ്ങളൊന്നുമില്ല. എതിർലിംഗത്തിൽപ്പെട്ടവർ മാത്രമേ വിവാഹം കഴിക്കുകയുള്ളു എന്ന ചിന്താഗതിയ്ക്കൊന്നും ഇപ്പോൾ സ്ഥാനമില്ല. ഗേ വിവാഹവും ലെസ്ബിയൻ വിവാഹവുമൊക്കെ സാധാരണയായി. മനസുകൾ തമ്മിൽ ഒന്നിക്കണമെന്നു തീരുമാനിച്ചാൽ പിന്നൊരു വേലിക്കെ‌ട്ടുകൾക്കും അവയെ തകർക്കാനാവില്ല. അതു തെളിയിച്ചു തരികയാണ് മെൽബോണിൽ നിന്നുള്ള ഒരു ഗേ പ്രണയികൾ. മൂന്നു വർഷം പ്രണയിക്കുക മാത്രമല്ല തങ്ങളുടെ എൻഗേജ്മെന്റ് ആചാരമുറകളോ‌ടെ വമ്പൻ രീതിയിൽ തന്നെ നടത്തുകയും ചെയ്തു അവർ. എൽജിബിടി സമൂഹത്തോട് ഇന്നും മുഖം തിരിക്കുന്നവർക്ക് ഒരു ചുട്ടമറുപടി കൂടിയാവും ഈ വിവാഹം. കാരണം ഇവർ ശരീരത്തേക്കാൾ സ്നേഹിക്കുന്നത് മനസിലാക്കും എന്നുറപ്പുള്ള ഒരു മനസിനെയാണ്. സമൂഹത്തിലെ ടിപ്പിക്കൽ വിശ്വാസങ്ങളോടു ഗുഡ്ബൈ പറഞ്ഞ് ആന്ധ്രാപ്രദേശ് സ്വദേശിയും ഇരുപത്തിമൂന്നുകാരനുമായ ചലപതി റാവുവും ഓസ്ട്രേലിയൻ സ്വദേശിയും ഇരുപത്തിയെട്ടുകാരനുമായ ജോണും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. കേൾക്കാം ജോൺ മക്കെയ്നിന്റെയും ചലപതി റാവുവിന്റെയും പ്രണയകഥ..

കടലുകൾപ്പുറമിരുന്നു പ്രണയിച്ചു....

സമൂഹത്തിലെ ടിപ്പിക്കൽ വിശ്വാസങ്ങളോടു ഗുഡ്ബൈ പറഞ്ഞ് ആന്ധ്രാപ്രദേശ് സ്വദേശിയും ഇരുപത്തിമൂന്നുകാരനുമായ ചലപതി റാവുവും ഓസ്ട്രേലിയൻ സ്വദേശിയും ഇരുപത്തിയെട്ടുകാരനുമായ ജോണും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു

ലോകത്തിന്റെ രണ്ടുകോണിലാണ് ജോണും ചലപതിയും താമസിക്കുന്നത്. േജാൺ ഒഹിയോയിലെ പീബിൾസിലും റാവു ഓസ്ട്രേലിയയിലെ മെൽബോണിലും. എല്‍ജിബിടി വിഭാഗക്കാർക്കായുള്ള ഗ്രൂപ്പിലൂടെയാണ് ജോണു ചലപതിയും പരിചയപ്പെടുന്നത്. ക്രിസ്ത്യൻ ആയി ജനിച്ച ജോണ്‍ ഹിന്ദു ഫിലോസഫിയിലും സക്രിപ്ച്ചറിലുമൊക്കെ നേരത്തെ മുതൽ ആകൃഷ്ടനായിരുന്നു. പുരാതന ഇന്ത്യൻ എഴുത്തുകളിലെല്ലാം ഒരേ ലിംഗത്തിൽപ്പെട്ടവരിൽ നിന്നു ജനിച്ച ദൈവങ്ങളെയും മൂന്നാം ലിംഗക്കാരായ ദൈവങ്ങളെയുമൊക്കെ വായിച്ചറിഞ്ഞ ജോൺ ഇന്ത്യയെക്കുറിച്ചും ഹിന്ദുയിസത്തെക്കുറിച്ചുമൊക്കെ കൂടുൽ പഠിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ഇന്ത്യയിലെത്തിയ ജോൺ പൗരോഹിത്യത്തെക്കുറിച്ചു പഠിക്കാൻ തുടങ്ങി. തിരിച്ചു വീട്ടിലെത്തിയപ്പോലഴും ജോൺ തന്റെ വീട്ടിൽ ആരാധനയ്ക്കു വേണ്ടി ഇടമൊരുക്കിയിരുന്നു. സമാനമായ ചിന്താഗതിയുമായി കടലുകൾക്കപ്പുറം ചലപതി എന്ന ഇരുപത്തിമൂന്നുകാരനും ജീവിക്കുന്നുണ്ടായിരുന്നു. ആയിടയ്ക്കാണ് ഹിന്ദു വിഭാഗത്തിൽപ്പെട്ട എ​ൽജിബിടി സമൂഹക്കാർക്കു വേണ്ടി ചലപതി ഫേസ്ബുക്കിലൂടെ ഒരു ഗ്രൂപ് ആരംഭിക്കുന്നത്. ഇതാണ് ഇരുവരെയും പരിചയപ്പെടുത്തിയ മാധ്യമം. സംസാരിച്ചു വന്നപ്പോൾ രണ്ടുപേർക്കും ഒരേ ഇഷ്ടങ്ങളാണെന്നു തിരിച്ചറിഞ്ഞു. ആദ്യദിവസം സംസാരിച്ചപ്പോൾ തന്നെ തങ്ങൾ എട്ടര മണിക്കൂറോളം തുടർച്ചയായി സംസാരിച്ചു അന്നു തന്നെ മനസിലാക്കിയിരുന്നു തന്നെ ചലപതിയുമായി എന്തോ അടുപ്പിക്കുന്നുണ്ടെന്ന്-ജോൺ പറയുന്നു.

പ്രണയം തുറന്നു പറയുന്നു..

ഒഹിയോവിലെ ഒരു ക്ഷേത്രത്തിൽ വച്ച് അനൗദ്യോഗികമായി ഇരുവരും അവരുടെ വിവാഹം ഉറപ്പിച്ചു. ഒരു മോതിരവും മഴവിൽ നിറത്തിലുള്ള വിശുദ്ധമായ നൂലും കൈമാറിയിരുന്നു അത്.

പരസ്പരം വേണ്ടുവോളം മനസിലാക്കിയെന്നു തോന്നിയതോടെ ഇരുവരും കാണാൻ തീരുമാനിച്ചു. 2013ൽ ഇരുവരും കാണാൻ തീരുമാനിച്ചു. റാവുവിനു വേണ്ടി താനേറെ ഇഷ്ടപ്പെടുന്ന ഇന്ത്യയിലേക്ക് ഒരിക്കൽക്കൂടി േജാൺ എത്തി. യാത്രകളെ അങ്ങേയറ്റം പ്രണയിക്കുന്ന ഇരുവരും ഇന്ത്യയിലെമ്പാടുമുള്ള സ്ഥലങ്ങൾ ചുറ്റിക്കറങ്ങി. 2015 ആയപ്പോഴേയ്ക്കും ചലപതി തന്റെ ഉള്ളിലെ ഇഷ്ടം തുറന്നു പറയാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ഒരു അമേരിക്കൻ യാത്രയ്ക്കിടയിൽ റാവു ആ ഇഷ്ടം ജോണിനെ അറിയിച്ചു. ചലപതി ഇഷ്ടമാണെന്നു പറഞ്ഞ നിമിഷം ജോണും തിരിച്ചറിഞ്ഞു ഇതുതന്നെയാണല്ലോ താനും ആഗ്രഹിക്കുന്നതെന്ന്. ഒഹിയോവിലെ ഒരു ക്ഷേത്രത്തിൽ വച്ച് അനൗദ്യോഗികമായി ഇരുവരും അവരുടെ വിവാഹം ഉറപ്പിച്ചു. ഒരു മോതിരവും മഴവിൽ നിറത്തിലുള്ള വിശുദ്ധമായ നൂലും കൈമാറിയിരുന്നു അത്.

പൂർണ പിന്തുണയുമായി കുടുംബവും..

ചലപതി റാവുവിന്റെ കുടുംബത്തിനൊപ്പം ജോൺ മക്കെയ്ൻ

താൻ സ്നേഹിക്കുന്നതൊരു ഒരു പുരുഷനെ തന്നെയാണെന്ന് അറിഞ്ഞതോ‌ടെ തകർന്നതൊന്നുമില്ല ചലപതിയുടെ കുടുംബം. മറിച്ച് മകന്റെ ഇഷ്ടത്തിനനുസരിച്ച് അവന്റെ വിവാഹം നടത്തിക്കൊടുക്കാൻ തന്നെ അവർ തീരുമാനിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ചലപതി റാവുവിന്റെ കുടുംബം ഇരുവരുടെയും എൻഗേജ്മെന്റ് അയ്യങ്കാർ രീതിയിൽ ആർഭാടമായി തന്നെ ആഘോഷിച്ചു. റാവുവിന്റെ കുടുംബവും സുഹൃത്തുക്കളും നൽകുന്ന പിന്തുണ തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയെന്നു പറയുന്നു ജോൺ. എൺപതും എ​ഴുപതും പ്രായമുള്ള അപ്പൂപ്പന്മാരും അമ്മൂമ്മമാരും വരെ തങ്ങളെ മനസു നിറഞ്ഞ് അനുഗ്രഹിച്ചു. കുറ്റപ്പെ‌ടുത്തലുകളും ശകാരവും പ്രതീക്ഷിച്ചിരുന്ന ചുറ്റുപാടിൽ നിന്ന് നിറഞ്ഞ സ്നേഹത്തോടെ അനുഗ്രഹിച്ചു വിടുമ്പോൾ ജോണിനും റാവുവിനും പറയാൻ വാക്കുകളില്ല, മനസു നിറയെ സന്തോഷം മാത്രം.

ഒന്നല്ല, രണ്ടുവിവാഹം..

താൻ സ്നേഹിക്കുന്നതൊരു ഒരു പുരുഷനെ തന്നെയാണെന്ന് അറിഞ്ഞതോ‌ടെ തകർന്നതൊന്നുമില്ല ചലപതിയുടെ കുടുംബം. മറിച്ച് മകന്റെ ഇഷ്ടത്തിനനുസരിച്ച് അവന്റെ വിവാഹം നടത്തിക്കൊടുക്കാൻ തന്നെ അവർ തീരുമാനിച്ചു

അടുത്ത വർഷത്തോടെ രണ്ടു വിവാഹം നടത്താനുള്ള പദ്ധതിയിലാണ് ഇരുവരും. ഒന്നു അമേരിക്കയിലും മറ്റൊന്ന് ഇന്ത്യയിലോ മെൽബോണിലോ ആയിരിക്കും. വിവാഹത്തോടെ അമേരിക്കയിലെത്തി ജോണിനൊപ്പം താമസിക്കാനാണ് ചലപതിയുടെ പദ്ധതി. ഭാവിയെക്കുറിച്ച് ഇരുവർക്കും ആശങ്കയില്ല, താനും തന്റെ പങ്കാളിയും ഒരേ സ്വപ്നങ്ങൾ പങ്കുവയ്ക്കും. തീർന്നില്ല പരിചയപ്പെട്ടയന്നു മുതൽ ജോണും ചലപതിയും കൊണ്ടുനടന്ന ഒരു സ്വപ്നമുണ്ട്, എല്ലാ വിശ്വാസത്തിൽപ്പെട്ട വർക്കും ലിംഗഭേദ വ്യത്യാസമില്ലാതെ ചെന്നുകയറാനുതകും വിധത്തിൽ ഒരു അമ്പലവും ആശ്രമവും പണിതുയര്‍ത്തണമെന്നതാണത്. വിവാഹത്തോടെ അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും ആരംഭിക്കും. ‌എൽജിബിടി വിഭാഗത്തെ കാണുമ്പോൾ കണ്ണുചുളിക്കുന്നൊവർക്ക് ജോണും ചലപതിയുമൊക്കെ നൽകുന്ന മധുരപ്രതികാരമാണിത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ചലപതി റാവുവിന്റെ കുടുംബം ഇരുവരുടെയും എൻഗേജ്മെന്റ് അയ്യങ്കാർ രീതിയിൽ ആർഭാടമായി തന്നെ ആഘോഷിച്ചു.
എൽജിബിടി വിഭാഗത്തെ കാണുമ്പോൾ കണ്ണുചുളിക്കുന്നൊവർക്ക് ജോണും ചലപതിയുമൊക്കെ നൽകുന്ന മധുരപ്രതികാരമാണിത്