വിശന്നൊട്ടിയ വയറുകൾക്കൊപ്പം ചെന്നൈയിൽ കണ്ടത് – ജോൺസ് എഴുതുന്നു

ചെന്നൈ പ്രളയഭൂമിയിലേയ്ക്ക് പുറപ്പെടും മുമ്പ് മനോരമ ഓൺലൈനിൽ വന്ന വാർത്തകളെ തുടർന്ന് കേരളത്തിൽ  നിന്നും  പ്രതീക്ഷിച്ചതിൽ കൂടുതൽ റിലീഫ് മെറ്റീരിയലുകളാണ് ലഭിച്ചത്. ഇതോടെയാണ് ജനങ്ങൾ നൽകിയ ആ ഉത്തരവാദിത്വം നിറവേറ്റാനായി ഏറ്റവും കൂടുതൽ സഹായം ആവശ്യമായിരുന്ന ചേരികളിലേക്കു നേരിട്ട് ചെല്ലണം എന്ന തീരുമാനം എടുത്തത്‌. ചെന്നൈയിൽ തന്നെ ജോലി ചെയ്യുന്ന മലയാളി സുഹൃത്തുക്കളെ കൂടി കിട്ടിയതോടെ പ്രാദേശിക പാർടികൾ പുറത്തു നിന്നും ഉള്ളവരെ വിലക്കിയിരിക്കുന്ന ദളിത്‌ ചേരികളിലേക്കും പോവാൻ സാധിച്ചു.

ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങൾ ആണ് അവിടെ  കാണാൻ കഴിയുന്നത്‌. പതിനഞ്ചും പതിനാറും വയസുള്ള അവിവാഹിതകളായ അമ്മമാർ. അതിൽ തന്നെ പതിനാലു വയസ്സുള്ള 7 മാസം ഗർഭിണിയായ ഒരു  പെണ്‍കുട്ടിയുമായി ഞാൻ  സൗഹൃദം ഉണ്ടാക്കി. ഇവരുടെ വാർത്തകൾ പുറം ലോകം അറിഞ്ഞാൽ അവിടെ നിന്നും രക്ഷപെടാൻ കഴിയുമെന്ന പ്രതീക്ഷയിൽ ചിത്രം പകർത്താനും കൂടുതൽ വിവരങ്ങൾ നൽകാനും സമ്മതിച്ചു അവർ.

നരികുറവർ എന്ന വിഭാഗം ആണ് ആ കോളനിയിൽ ഉള്ളത്. നഗര മധ്യത്തിൽ, മിലിട്ടറി ക്യാമ്പിനടുത്തുള്ള ഈ ചേരിയിൽ ഇരുട്ട് വീണാൽ ബാലപീഡകരുടെ വേട്ട സ്ഥലമാണ്. ഇവിടെ നിന്നും ചെറിയ പെണ്‍കുട്ടികളെ അച്ഛനമ്മമാരെ ഭീഷണിപ്പെടുത്തിയും  ലഹരിയോ കുറച്ചു പണമോ കൊടുത്തും പലയിടങ്ങളിലും എത്തിക്കുന്നു. ദുരുപയോഗം ചെയ്യുന്നു.

ഞങ്ങൾ  ഭക്ഷണവും ആയി ചെന്നപ്പോൾ വിശപ്പ്‌ കാരണമാണ് ഈ പതിനാലു വയസുകാരിയായ പെണ്‍കുട്ടി ഏഴു മാസത്തെ  ഗർഭകാലത്തിന്റെ അവശതയുമായി ക്യൂ  നിൽക്കാൻ എത്തിയത്. ഞാനുമായി സംസാരിക്കുന്നതു കണ്ടപ്പോൾ അവളുടെ അമ്മ എന്റെ സമീപത്തെത്തി. പെൺകുട്ടിക്ക് ഇരുപതു വയസായെന്നും ഭർത്താവ് ജോലിക്ക് പോയെന്നുമാണ് അവർ പറഞ്ഞത്. എന്നാൽ രാണ്ടാം ദിവസം ചെന്നപ്പോഴാണ് തിക്കി തിരക്കി വന്ന അവൾ തനിക്കു പതിനാലു വയസാണെന്നു പറഞ്ഞത്. ഭർത്താവൊന്നും ഇല്ല, പക്ഷെ പുറത്തു കൊണ്ട് പോവുമ്പോൾ താലി ഒക്കെ അണിയിക്കുമത്രേ.

ഇത് ഏതെങ്കിലും ഉൾനാടൻ ഗോത്ര പ്രദേശങ്ങളിലോ മറ്റോ ആല്ല, സ്ത്രീ ശാക്തീകരണം, മനുഷ്യാവകാശം എന്നിവയുടെ സംരക്ഷണം മൂല്യമായി ഉയർത്തി ക്കാട്ടുന്ന ഒരു മെട്രോ നഗരത്തിന്റെ ഹൃദയ ഭാഗത്താണെന്നതാണ് ശ്രദ്ധേയം. പന്നികളും വൃദ്ധരും മനുഷ്യക്കുഞ്ഞുങ്ങളും അഴുക്കു വെള്ളത്തിൽ ഇഴയുന്ന തെരുവിന്റെ പേര് ജീവനഗർ എന്നാണ്. പൂർണ്ണമായും മരിച്ചു തീരും മുൻപേ ഒരു പൂച്ചയെ ഭക്ഷണം ആക്കുന്ന വിശന്ന പന്നികൾ ദാരിദ്ര്യത്തിന്റെ നേർചിത്രമാവുന്നു.

മരവിച്ച  മനസുമായല്ലാതെ ഈ  ചേരികളിൽ നിന്നും മടങ്ങാനാവില്ല.