സ്വവര്‍ഗപ്രണയം വീട്ടിലറിഞ്ഞു, യുവതി ആത്മഹത്യ ചെയ്തു

Representative Image

സ്വവര്‍ഗപ്രണയം, സ്വവര്‍ഗരതി എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണങ്ങള്‍ പാഴ്വാക്കാകുന്നു. വീട്ടുകാര്‍ അറിഞ്ഞതിനെത്തുടര്‍ന്ന് ആത്മഹത്യക്കു ശ്രമിച്ച ലെസ്ബിയന്‍ കമിതാക്കളിൽ ഒരാള്‍ മരിച്ചു. മുബൈ നഗരത്തിലെ ചുനാഭട്ടി പ്രദേശത്താണ് സംഭവം. രോഷ്നി തണ്ടാല്‍ , രുജുക്ത ഗവാണ്ട് എന്നീ യുവതികളാണ് ആത്മഹത്യക്കു ശ്രമിച്ചത്. മാതാപിതാക്കള്‍ തങ്ങളുടെ ബന്ധം മനസിലാക്കുകയും അംഗീകരിക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ ഇരുവരും ആത്മഹത്യക്കു ശ്രമിച്ചത്. വീട്ടിലെ ഫാനില്‍ തൂങ്ങിയ രോഷ്നി തണ്ടാല്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഫിനോയില്‍ കുടിച്ച രുജുക്ത ചികിത്സയിലാണ്. 

21 വയസു പ്രായമുള്ള ഇരുവരും ബാല്യകാലം മുതല്‍ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ പിന്നീട് ആ സൗഹൃദം വളര്‍ന്നു പ്രണയത്തിൽ എത്തിച്ചേരുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മറൈന്‍ ഡ്രൈവില്‍ എത്തിയ ഇരുവരും ആലിംഗന ബദ്ധരായി നില്‍ക്കുന്നത് ഒരു ബന്ധു കണ്ടു. അദ്ദേഹം അതു രുജുക്തയുടെ അച്ഛനെ അറിയിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. വിവരം അറിഞ്ഞ അച്ഛന്‍ രുജുക്തയോട് സംഭവത്തെക്കുറിച്ച് ചോദിക്കുകയും രുജുക്ത നിജസ്ഥിതി വെളിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ മകളുടെ ഭാഗം മനസിലാക്കുന്നതിനു പകരം അദ്ദേഹം രുജുക്തയെ ചീത്ത പറയുകയും ഇനി മേലില്‍ റോഷ്നിയെ കാണരുത് എന്നു പറഞ്ഞു വിലക്കുകയും ചെയ്തു. മാത്രമല്ല ഈ വിവരം അദ്ദേഹം റോഷ്നിയുടെ വീട്ടില്‍ അറിയിക്കുകയും സ്ഥലത്തെ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ വച്ചു പ്രശ്നം പറഞ്ഞ് ഒത്തുതീര്‍പ്പാക്കാൻ ശ്രമിക്കുകയും ചെയ്തു. അവിടെ വച്ചാണ് രുജുക്ത ഫിനോയില്‍ കുടിച്ച് ആത്മഹത്യക്കു ശ്രമിച്ചു എന്ന വാര്‍ത്ത കേള്‍ക്കുന്നത്. സുഹൃത്തായ രുജുക്ത ആത്മഹത്യക്കു ശ്രമിച്ച വിവരമറിഞ്ഞ റോഷ്നി വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് രുജുക്തയുടെ പിതാവ് കിഷോര്‍ ഗവാണ്ടിനെ പോലീസ് അറസ്റ്റ് ചെയ്തു.