സ്വവർഗ്ഗദമ്പതികൾ ബീജദാതാവിനെ തേടി ഫെയ്സ്ബുക്കിൽ!

സ്വവർഗ്ഗ വിവാഹം ലോകം എമ്പാടും ചർച്ചാ വിഷയം ആകുമ്പോൾ, ന്യൂസിലാന്റിലെ ഈ ലെസ്ബിയൻ ദമ്പതികൾ ഫെയ്സ്ബുക്കിൽ എത്തിയിരിക്കുന്നത് പ്രത്യേകമായ ഒരു ആവശ്യത്തിനാണ്. തങ്ങൾക്ക് ഒരു കുഞ്ഞിനു ജന്മം നല്കണമെന്നും അതിനായി ബീജദാതാവിനെ തേടുന്നു എന്നുമാണ് ഇവർ ഫെയ്സ്ബുക്കിലൂടെ പരസ്യം നല്കിയത്. ആഷ്ലെയ് ഹാബ്ഗുഡ്, അലെയ് വില്യംസ് എന്നീ സ്വവർഗ ദമ്പതികളാണ് ഇത്തരമൊരു പരസ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.  ഫെയ്സ്ബുക്കിൽ നാം പലതിനുമായി പരസ്യം നല്കുന്നു, അതുകൊണ്ട് തന്നെ എന്തുകൊണ്ട് ബീജ ദാതാവിന് വേണ്ടി ഒരു പരസ്യം കൊടുത്തുകൂടാ എന്നാണ് ഇവരുടെ വാദം.

വെറുതെ ഒരു ബീജ ദാതാവിനെ പോര, പകരം ആരോഗ്യവാനും, കുറെയേറെ ഗുണങ്ങളും ഉള്ള വ്യക്തിയിൽ നിന്നാണ് ബീജം സ്വീകരിക്കാൻ ഇവർ ആഗ്രഹിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിൽ ഇവ വ്യക്തമാക്കിയിട്ടുണ്ട്.  ബീജദാതാവിന് സാമാന്യം ഉയരം ഉണ്ടാവണം, 45 വയസിനു താഴെയായിരിക്കണം പ്രായം, ഒരു തരത്തിലുമുള്ള ജനിതകമായ വൈകല്യങ്ങൾ ഉണ്ടാകരുത് എന്നിങ്ങനെ നീളുന്നു ഇവരുടെ നിബന്ധനകൾ. ആരോഗ്യം, സർഗ്ഗശേഷി, പ്രത്യേകമായ ഒരു രംഗത്ത് പ്രതിഭ തെളിയിച്ച വ്യക്തി എന്നീ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ അഭികാമ്യം. വെള്ളക്കാരൻ ആവണമെന്ന് നിർബന്ധമില്ല. എന്തൊക്കെയാണെങ്കിലും ഒടുവിൽ തങ്ങൾക്ക് ആരോഗ്യവാനായ ഒരു കുട്ടിയെ ആണ് ആവശ്യമെന്ന് ഇവർ വ്യക്തമാക്കുന്നു.

തങ്ങളുടെ അക്കൌണ്ട് ആരും ഹാക്ക് ചെയ്തിട്ടില്ലെന്നും, ഇത് തങ്ങള് തന്നെ എഴുതുന്നതാണെന്നും പറഞ്ഞുകൊണ്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റ്‌ ആരംഭിക്കുന്നത്. "കുറെ തവണ ഈ കാര്യം ഫെയ്സ്ബുക്കിൽ പോസ്റ്റ്‌ ചെയ്യണമോ വേണ്ടയോ എന്ന് ഞങ്ങൾ ആലോചിച്ചു, എന്തിനും ഏതിനും നമ്മൾ ഫെയ്സ്ബുക്കിൽ പരസ്യം ചെയ്യുന്നു, എങ്കിൽ പിന്നെ എന്തുകൊണ്ട് ബീജ ദാതാവിനായി ഒരു പരസ്യം ചെയ്തുകൂടാ?അതെ,ഞങ്ങള്ക്ക് ബീജം വേണം!"-ആഷ്ലെയ് പറയുന്നു.  രാജ്യത്ത് ബീജത്തിന്റെ ലഭ്യതയിൽ വളരെ വലിയ കുറവ് വന്നിട്ടുണ്ട്, ബീജം ലഭ്യമാകുന്ന സംഘടനകളുടെ ലിസ്റ്റിൽ അംഗങ്ങൾ ആണെങ്കിലും ഒത്തിരി കാല താമസം നേരിടുന്നു. ദത്തെടുക്കുന്നതിനെക്കാൾ തങ്ങൾ ആഗ്രഹിക്കുന്നത് ഒരു കുട്ടിക്ക് ജന്മം നല്കുക എന്നതാണ്. അതുകൊണ്ട് താല്യപര്യം ഉള്ളവർ തങ്ങൾക്ക് മെയിൽ  അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റ്‌ അവസാനിക്കുന്നത്. ഏതായാലും ഈ ഫെയ്സ്ബുക്ക് പോസ്റ്റ്‌ അന്താരാഷ്‌ട്ര തലത്തിൽ തന്നെ ചർച്ച ആയിക്കൊണ്ടിരിക്കുകയാണ്.