സമ്പാദ്യമെല്ലാം ദരിദ്രർക്ക്, രജനീകാന്തിന്റെ ദത്തുപിതാവ്

കല്യാണസുന്ദരം, രജനീകാന്ത്

പത്തു കിട്ടിയാൽ നൂറു മതിയെന്നും ശതമായാൽ സഹസ്രം മതിയെന്നും... മനുഷ്യസഹജമായ മോഹത്തെക്കുറിച്ച് മഹാകവി പൂന്താനം പാടിയ ഈ വരികൾ എല്ലാകാലത്തും പ്രസക്തമാണ്. കാരണം നാമൊക്കെയും ദാനത്തെക്കുറിച്ച് നാഴികയ്ക്കു നാല്‍പതുവട്ടം പൊതുസദസുകളിൽ പറയുമെങ്കിലും ചിലവാക്കേണ്ട ഘട്ടങ്ങളിൽ നിന്നെല്ലാം പിൻവാങ്ങുന്നവരാണ്. പണം ഇനിയും ഇനിയും കൂട്ടണമെന്നല്ലാതെ ഉള്ളതിൽ നിന്ന് ഒരു ചെറിയ പങ്കെങ്കിലും ഇല്ലാത്തവർക്ക് കൊടുക്കാൻ മുന്നിട്ടിറങ്ങുന്നവർ കുറവാണ്. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് കല്യാണസുന്ദരം എന്ന മനുഷ്യൻ. കാരുണ്യ പ്രവര്‍ത്തനം എന്ന വാക്കിന്റെ മൂർത്തീഭാവമാണ് കല്യാണസുന്ദരം എന്നു പറഞ്ഞാലും തെറ്റില്ല, കാരണം കഴിഞ്ഞ മുപ്പത്തിൽപരം വർഷമായി ഇദ്ദേഹം തനിക്കു കിട്ടുന്ന മുഴുവൻ ശമ്പളവും പാവങ്ങൾക്കായി നൽകുകയാണ് ചെയ്യുന്നത്. അതെ, സ്വാർഥ താൽപര്യങ്ങളുമായി ജീവിക്കുന്ന ഭൂരിഭാഗം പേരുള്ള രാജ്യത്ത് ഇങ്ങനെയും ചില നന്മമരങ്ങളുണ്ട്.

കഷ്ടപ്പാടിന്റെ കാലടികള്‍

തമിഴ്നാട്ടിലെ മേലാകരിവേലംകുളം എന്ന സ്ഥലത്താണ് കല്യാണ സുന്ദരം ജനിച്ചത്. റോഡോ വൈദ്യുതിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ എത്തിപ്പെടാത്ത ഒരു കുഗ്രാമം. ഒരു വയസുള്ളപ്പോഴാണ് കല്യാണസുന്ദരത്തിന്റെ പിതാവു മരിക്കുന്നത്. പിന്നീടങ്ങോട്ട് ഏറെ കഷ്ടപ്പെട്ടാണ് അമ്മ അദ്ദേഹത്തെ വളർത്തിയത്. അതുകൊണ്ടു തന്നെ സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവർക്കു വേണ്ടി എന്നും നിലകൊള്ളണമെന്നും ആ അമ്മ അദ്ദേഹത്തെ പഠിപ്പിച്ചു. പത്തു രൂപ കിട്ടിയാൽ അതിലൊന്നു പാവങ്ങള്‍ക്കായി നൽകണമെന്നും സന്തുഷ്ടരായിരിക്കാൻ അത്യാഗ്രഹത്തെ ദൂരെക്കളയണമെന്നും അമ്മ പഠിപ്പിച്ചു. സ്കൂളോ കോളേജോ ഒന്നുമല്ല നിരക്ഷരയായ അമ്മയുടെ ആ വാക്കുകളാണ് ജീവിതത്തിലുടനീളം പ്രചോദനമായത്. പിന്നീ‌ടു വലുതായപ്പോൾ കൂടുതൽ വിദ്യാഭ്യാസം നേടുകയും അന്നെല്ലാം ട്രൈബൽ സമൂഹത്തെ പരമാവധി സഹായിക്കണമെന്നു ഉള്ളാലെ നിശ്ചയിക്കുകയും ചെയ്തു. തമിഴിൽ മാസ്റ്റർ ഡിഗ്രി എടുക്കണമെന്നായിരുന്നു കല്യാണസുന്ദരത്തിന്റെ ആഗ്രഹം. എന്നാൽ ആ വിഷയം തിരഞ്ഞെടുത്തത് അദ്ദേഹം ഒരാൾ മാത്രമായിരുന്നതിനാൽ കോളേജ് അധികൃതർ അദ്ദേഹത്തോട് മറ്റേതെങ്കിലും വിഷയം എടുക്കാൻ ആവശ്യപ്പെട്ടു. തുടർന്നു പഠിക്കുകയാണെങ്കിൽ അതു തമിഴ് എടുത്തു തന്നെ എന്നത് കല്യാണ സുന്ദരത്തിന്റെ ദൃഡനിശ്ചയമായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ അർപ്പണബോധത്തിൽ എംടിടി കോളേജ് സ്ഥാപകന്‍ ആകൃഷ്ടനാവുകയും വിദ്യാഭ്യാസ ചിലവുകൾ എടുക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു.

കിട്ടുന്നതിൽ പാതിയല്ല മുഴുവനും ദരിദ്രർക്കായി

പരിചയമില്ലാത്തൊരാൾ അടുത്തുവന്ന് ചില്ലറ പൈസ ആവശ്യപ്പെട്ടാൽ പോലും തിരിഞ്ഞു നടക്കുന്നവരാണ് ഏറെയും, ഇനി കൊടുക്കുകയാണെങ്കിൽ തന്നെ ചിലർ രണ്ടാമതൊന്ന് ആലോചിക്കും. ചിലർ ചെറിയൊരു ഭാഗം പണം സന്നദ്ധ സംഘടനകൾക്കു നൽകി ആജീവനാന്തം തന്റെ കർമ്മം നിർവഹിക്കപ്പെട്ടതായി കരുതി കൃതാർഥരാകും. എ​ന്നാൽ ദരിദ്രരെ സഹായിക്കുകയെന്ന ലക്ഷ്യം മാത്രം വച്ചു ഭൂമിയിൽ പിറവിയെടുത്ത ചിലരുമുണ്ട്. അത്തരത്തിലൊരാളാണ് കല്യാണ സുന്ദരം എന്ന 76 കാരനായ ഈ പഴയ ലൈബ്രേറിയൻ. ലൈബ്രേറിയനായി ജോലി ചെയ്യുന്ന കാലത്തു കിട്ടിയ ശമ്പളവും ശേഷം വിരമിച്ചപ്പോൾ ലഭിച്ച പത്തുലക്ഷവും അവാർഡായി ലഭിച്ച മുപ്പതുകോടിയുമെല്ലാം ഇദ്ദേഹം പാവങ്ങൾക്കായി വീതിച്ചു നൽകി. കിട്ടുന്നതിൽ പാതി സഹായങ്ങളായി നൽകുക എന്നതല്ല കിട്ടുന്നതു മുഴുവനായി ദരിദ്രര്‍ക്കു വീതിച്ചു നൽകുക എന്നതാണ് ഇദ്ദേഹത്തിന്റെ ജീവിതലക്ഷ്യം. അപ്പോൾ തോന്നും ഉള്ള ശമ്പളവും പെൻഷനുമെല്ലാം വീതിച്ചു നൽകിയ വ്യക്തി സ്വന്തം കാര്യങ്ങൾ നിവർത്തിച്ചത് എങ്ങനെയാണെന്നല്ലേ? അതിനായി പാർട്‌ടൈം ജോലികൾ ചെയ്തു. എന്നിട്ട് ദിവസവരുമാനവും മറ്റും വീതിച്ചു നല്‍കുകയും ചെയ്തു.

എല്ലാവരും ആർഭാടത്തോടെ ജീവിക്കാനായി കഠിനാധ്വാനം ചെയ്യുമ്പോൾ അദ്ദേഹം രാപകലില്ലാതെ കഷ്‌ടപ്പെട്ടത് പാവങ്ങൾക്കു ദാനം ചെയ്യാനായിരുന്നു. പെന്‍ഷൻ തുക പത്തുലക്ഷവും അവാർഡ് തുക മുപ്പതു കോടി രൂപയും പോലും വീതിച്ചുവെന്നു പറയുമ്പോൾ മനസിലാകുമല്ലോ കല്യാണസുന്ദരം എന്ന മനുഷ്യന്റെ ഹൃദയവിശാലത.

സാമൂഹിക സേവനത്തിന്റെ തുടക്കം

സാമൂഹിക സേവനത്തിന്റെ തുടക്കത്തിനു പ്രചോദനമായത് ജവഹർ ലാൽ നെഹ്റുവായിരുന്നു. നെഹ്റുവിന്റെ ആഹ്വാനപ്രകാരം ഇന്ത്യാ-ചൈനാ യുദ്ധം നടക്കുന്ന സമയത്ത് യുദ്ധ ഫണ്ടിലേയ്ക്കുള്ള സംഭാവനയായി സ്വർണ്ണ ചെയിൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കാമരാജിന് അദ്ദേഹം നൽകി. അന്ന് അങ്ങനെ ചെയ്ത ആദ്യത്തെ വിദ്യാർഥിയായിരുന്നു കല്യാണസുന്ദരം. എല്ലാവരും ആർഭാടത്തോടെ ജീവിക്കാനായി കഠിനാധ്വാനം ചെയ്യുമ്പോൾ അദ്ദേഹം രാപകലില്ലാതെ കഷ്‌ടപ്പെട്ടത് പാവങ്ങൾക്കു ദാനം ചെയ്യാനായിരുന്നു. പെന്‍ഷൻ തുക പത്തുലക്ഷവും അവാർഡ് തുക മുപ്പതു കോടി രൂപയും പോലും വീതിച്ചുവെന്നു പറയുമ്പോൾ മനസിലാകുമല്ലോ കല്യാണസുന്ദരം എന്ന മനുഷ്യന്റെ ഹൃദയവിശാലത. ഓരോ ദിവസം കൂടുമ്പോഴും പാവങ്ങൾക്കു വേണ്ടി എങ്ങനെയെല്ലാം ജീവിക്കാമെന്ന് അദ്ദേഹം കരുതുകയായിരുന്നു. രാജ്യത്തെ ദരിദ്രർ കഴിയുന്ന ജീവിതരീതികൾ അനുഭവിക്കാൻ അദ്ദേഹവും റെയിൽവേ സ്റ്റേഷനുകളിലും കടത്തിണ്ണകളിലും പാതയോരങ്ങളിലുമെല്ലാം അന്തിയുറങ്ങി. അടുത്ത വീട്ടിൽ ഒരു വണ്ടി വാങ്ങുമ്പോൾ ഇവിടെ മിനിമം രണ്ടെണ്ണമെങ്കിലും വേണമെന്നു ശഠിക്കുന്ന ജനങ്ങളുള്ള രാജ്യത്താണ് തനിക്കു വേണ്ടി ഒരുരൂപ പോലും സേവ് ചെയ്യാതെ ഒരു മനുഷ്യൻ ജീവിച്ചതെന്നോർക്കണം.

ആത്മഹത്യ ചെയ്യാനിറങ്ങിയ നാളുകൾ

സഹായ മനോഭാവവും അനുകമ്പയം അളവറ്റുണ്ടായിട്ടും സ്ത്രീകളുടേതു പോലുള്ള തന്റെ ശബ്ദം അദ്ദേഹത്തെ പലപ്പോഴും വിഷമിപ്പിച്ചിരുന്നു. സാധാരണ ശബ്ദത്തിൽ സംസാരിക്കുന്നതിന് കല്യാണസുന്ദരത്തിനു വളരെ ബുദ്ധിമുട്ടായിരുന്നു. പെണ്ണിനെപ്പോലെയെന്നു പറഞ്ഞ് സഹപാഠികൾ എപ്പോഴും പരിഹസിച്ചിരുന്നു. കളിയാക്കലുകളെ ഭയന്ന് നാലാളുകൾ മുന്നിലിരുന്നു സംസാരിക്കാൻ അദ്ദേഹം പലപ്പോഴും വിമുഖത കാണിച്ചു. ഇക്കാരണത്താൽ ഒരുവേള ആത്മഹത്യ ചെയ്യാൻ പോലും മുന്നിട്ടറങ്ങി. ആ കാലത്ത് തമിഴ്‌വാനന്‍ എന്ന, സെൽഫ് ഇംപ്രൂവ്മെന്റ് പുസ്തകങ്ങൾ എഴുതുന്ന വ്യക്തിയെ കാണാനിടയായാതാണ് കല്യാണസുന്ദരത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ''നീ എങ്ങനെ സംസാരിക്കുന്നു എന്നതിനെക്കുറിച്ച് ആശങ്കപ്പെടരുത്, മറ്റുള്ളവർ നിന്നെക്കുറിച്ചു നല്ലതു സംസാരിക്കാൻ പരിശ്രമിക്കൂ'' എന്ന അദ്ദേഹത്തിന്റെ വാക്കുകൾ മനസിൽ തട്ടി. പിന്നീടിങ്ങോട്ട് തന്റെ കുറവുകളൊന്നും കല്യാണസുന്ദരം ഗൗനിച്ചതേയില്ല പകരം എങ്ങനെയ‌െല്ലാം മറ്റൊരുവനു ഉപകാരം ചെയ്യാം എന്നു ശ്രമിച്ചുകൊണ്ടിരുന്നു.

കാരുണ്യ പ്രവര്‍ത്തനം എന്ന വാക്കിന്റെ മൂർത്തീഭാവമാണ് കല്യാണസുന്ദരം എന്നു പറഞ്ഞാലും തെറ്റില്ല, കാരണം കഴിഞ്ഞ മുപ്പത്തിൽപരം വർഷമായി ഇദ്ദേഹം തനിക്കു കിട്ടുന്ന മുഴുവൻ ശമ്പളവും പാവങ്ങൾക്കായി നൽകുകയാണ് ചെയ്യുന്നത്.

സാമൂഹിക സേവനത്തിനായി വിവാഹം വേണ്ടെന്നുവച്ചു

വിവാഹം കഴിച്ചാൽ തനിക്കൊരിക്കലും ഇത്രത്തോളം സാമൂഹിക സേവനം ചെയ്യാൻ കഴിയില്ല എന്നതു തന്നെയാണ് ബാച്ചിലർ ആയിരിക്കാൻ തീരുമാനിക്കാനുള്ള കാരണമെന്നു പറയുന്നു കല്യാണ സുന്ദരം രാമകൃഷ്ണ പരമഹംസന്റെ പത്നി ശാരദാദേവിയെപ്പോലെ ഒരു സ്ത്രീയെ കണ്ടിരുന്നുവെങ്കിൽ തീർച്ചയായും വിവാഹം കഴിച്ചേനെ. ജോലി ചെയ്തുണ്ടാക്കുന്ന പണം മുഴുവനായി മറ്റുള്ളവർക്കു ദാനം ചെയ്താൽ ഒരു ഭാര്യയും സഹിച്ചിരിക്കില്ല. ദൈനംദിന നിവർത്തികൾക്കായി മറ്റു വേലകൾ ചെയ്യുന്നതു കണ്ടാലും ആളുകൾ അംഗീകരിക്കില്ല. കോളേജിൽ നിന്നു വന്നാൽ അഞ്ചുമണി മുതൽ ഏഴുമണി വരെ വിദ്യാർഥികൾക്ക് ട്യൂഷൻ എടുത്തും എട്ടുതൊട്ടു പതിനൊന്നു വരെ വെയ്റ്ററായും ജോലി ചെയ്താണ് സ്വന്തം ചിലവുകൾ നോക്കിയിരുന്നത്. അന്ന് ആ ഹോട്ടലിലെ ഉടമ തന്നോട് ക്യാഷ്യർ, മാനേജർ പോസ്റ്റുകളിൽ ഏതെങ്കിലുമൊന്നിൽ ജോലി ചെയ്താൽ മതിയെന്നു നിർബന്ധിച്ചിരുന്നു. എന്നാൽ ഒരുകാലത്ത് തന്റെ അമ്മ വെയ്റ്റർ ആയി ജോലി ചെയ്തിരുന്നുവെന്നതാണ് കല്യാണ സുന്ദരത്തെയും ആ ജോലിയോടുള്ള ഇഷ്ടം കൂട്ടിയത്. പതിയെപ്പതിയെ ആളുകൾ ഞാൻ കോളേജിൽ ജോലി ചെയ്യുന്ന കാര്യവും അറിഞ്ഞു തുടങ്ങി. അങ്ങനെ കോളേ‍ജിലെ ലൈബ്രേറിയൻ വെയ്റ്റർ ആയിട്ടുള്ള റെസ്റ്റോറന്റ് എന്നാണ് അവിടം കുറേക്കാലം അറിയപ്പെട്ടത്.

പാവപ്പെട്ടവർക്കു കൈത്താങ്ങായ, പാലം

വിരമിക്കലിനു ശേഷവും അദ്ദേഹം സന്നദ്ധപ്രവർത്തനങ്ങളിൽ നിന്നു വിട്ടുനിന്നില്ല. എങ്ങനെ തന്റെ സാമൂഹിക സേവനം വിപുലമാക്കാം എന്ന ചിന്തയാണ് പാലം എന്ന സംഘടനയിലെക്കെത്തിച്ചത്. പേരുപോലെ തന്നെ പാവപ്പെട്ടവർക്കു കാരുണ്യത്തിന്റെ കൈത്താങ്ങായിരുന്നു പാലം. സംഭാവന നൽകുന്നവരും ഉപഭോക്താക്കളും തമ്മിലുള്ള പാലമായാണ് സംഘടന പ്രവർത്തിക്കുന്നത്. സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് പണവും വസ്തുക്കളും ശേഖരിച്ച് ആവശ്യക്കാര്‍ക്കു നൽകുന്ന രീതിയായിരുന്നു പാലത്തിന്റേത്.

രജനീകാന്തിന്റെ ദത്തുപിതാവ്

അവിവാഹിതനായ കല്യാണ സുന്ദരത്തിന്റെ ദാനപ്രവർത്തികൾ കേട്ടറി‍ഞ്ഞ് സൂപ്പർസ്റ്റാർ രജനീകാന്ത് അദ്ദേഹത്തെ തന്റെ പിതാവായി ദത്തെടുക്കുകയും ചെയ്തു. കല്യാണസുന്ദരത്തിന്റെ സൽപ്രവർത്തികൾ കേൾക്കാനിടയായ സൂപ്പര്‍സ്റ്റാർ രജനീകാന്ത് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് ആ നല്ല മനുഷ്യനെ തന്റെ പിതാവായി ദത്തെടുക്കാൻ രജനീകാന്ത് തീരുമാനിച്ചത്. കഷ്ടതയിൽ നിന്നും സൗഭാഗ്യങ്ങളിലേക്ക് ഉയിർത്തെണീറ്റ ആ താരം ഈ നന്മയ്ക്കു മുന്നിൽ കണ്ണുതുറക്കാത്തതെങ്ങനെ? അങ്ങനെയാണു നാലു വർഷങ്ങൾക്കു മുമ്പ് രജനീകാന്ത് കല്യാണ സുന്ദരത്തെ പിതാവായി ദത്തെടുക്കുന്നത്. രജനിയോടു മകനോടുള്ള ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തോടൊപ്പം ആ കുടുംബത്തിൽ കഴിയാൻ കല്യാണസുന്ദരം തയ്യാറല്ല. രജനി എപ്പോഴും അദ്ദേഹത്തിനൊപ്പം താമസിക്കണമെന്നു പറയാറുണ്ടെങ്കിലും കല്യാണ സുന്ദരത്തിനു തന്റെ ജീവിതം ഇല്ലാത്തവര്‍ക്കൊപ്പമാകുന്നതാണ് കൂടുതൽ സന്തോഷം. രജനി സ്വന്തം വീട്ടുകാരനെപ്പോലെ കാണുന്നുണ്ടല്ലോ ആ സ്നേഹം മാത്രം മതി മറ്റൊന്നും താൻ ആഗ്രഹിക്കുന്നില്ലെന്നാണ് കല്യാണസുന്ദരം പറയുന്നത്. എന്നും ആ വീടിന്റെ വാതിൽ തനിക്കു മുന്നിൽ തുറന്നിരിക്കുന്നുണ്ടെന്ന് രജനി പറയാറുണ്ട്, ആ പരിഗണന മാത്രം മതി തനിക്ക്.

അടുത്ത വീട്ടിൽ ഒരു വണ്ടി വാങ്ങുമ്പോൾ ഇവിടെ മിനിമം രണ്ടെണ്ണമെങ്കിലും വേണമെന്നു ശഠിക്കുന്ന ജനങ്ങളുള്ള രാജ്യത്താണ് തനിക്കു വേണ്ടി ഒരുരൂപ പോലും സേവ് ചെയ്യാതെ ഒരു മനുഷ്യൻ ജീവിച്ചതെന്നോർക്കണം.

പുരസ്കാരപ്രഭയിൽ മുങ്ങി

പുരസ്കാര പ്രഭയിൽ മുങ്ങി നിൽക്കുമ്പോഴും അദ്ദേഹം മാധ്യമങ്ങളിൽ നിന്നും ഒരകലം പാലിച്ചിരുന്നു. അതുകൊണ്ടാണ് രാജ്യത്തെ കോടിപതികളെയെല്ലാം ഹൃദിസ്ഥമാക്കിയിട്ടുള്ള പുതുതലമുറയ്ക്ക് കല്യാണസുന്ദരം എന്ന സാധുമനുഷ്യന്റെ സൽകർമങ്ങൾ അറിയാതെപോയത്. ലൈബ്രറി സയൻസിൽ ഗോൾഡ് മെഡലിസ്റ്റും സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും എടുത്തിട്ടുള്ള കല്യാണ സുന്ദരത്തിന് ഐക്യരാഷ്ട്രസംഘടനയുടെ 20 ാം നൂറ്റാണ്ടിലെ വിശിഷ്ടവ്യക്തികളിലൊരാൾ എന്ന പ്രശംസ ലഭിച്ചിട്ടുണ്ട്. അമേരിക്കൻ ഗവൺമെന്റ് 'മാൻ ഓഫ് ദ മില്ലേനിയം' എന്ന ബഹുമതിയും കേംബ്രിഡ്ജിലെ ദി ഇന്റർനാഷണൽ ബയോഗ്രഫിക്കൽ സെന്റർ ലോകകുലീനരിലെ ഒരാൾ എന്ന ബഹുമതിയും നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2011 ൽ ആജീവനാന്ത സേവനത്തിനുള്ള റോട്ടറി ഇന്റർനാഷണൽ അവാർഡ്, 2012 ലെ മികച്ച ലൈബ്രേറിയനുള്ള BAPASI അവാർഡ്, കേന്ദ്രസർക്കാരിന്റെ ഏറ്റവും മികച്ച ലൈബ്രേറിയൻ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

എല്ലാം വീതിച്ച ലോകത്തിലെ ആദ്യത്തെ മനുഷ്യൻ

അതെ തനിക്കു ലഭിച്ച പണമെല്ലാം സാമൂഹിക സേവനത്തിനായി വിനിയോഗിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തിയാണ് കല്യാണ സുന്ദരം. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്നാണ് പൊതുവെ പറയാറുള്ളത്. ഏതെങ്കിലുമൊക്കെ രീതിയിൽ സമൂഹത്തിലെ ആവശ്യക്കാർക്കു ദാനം ചെയ്യാതെ നമുക്കൊരിക്കലും നിലനിൽക്കാൻ കഴിയില്ലെന്നാണ് കല്യണസുന്ദരം പറയുന്നത്. പകലന്തിയെന്നില്ലാതെ കഷ്ടപ്പെട്ട് സുഖസൗഭാഗ്യങ്ങളെല്ലാം നേടാൻ മത്സരിക്കുന്നവർക്ക് പാഠമാവുകയാണ് കല്യാണ സുന്ദരം എന്ന ഈ നന്മമനുഷ്യൻ.. ഒടുവിൽ ഈ ഭൂമിയോടു യാത്ര പറഞ്ഞു ആറടിമണ്ണിൽ അഭയം പ്രാപിക്കുമ്പോൾ കൂട്ടിനീ സുഖസൗകര്യങ്ങളൊന്നും ഉണ്ടാവില്ലെന്നും സ്നേഹിക്കുന്ന മനസുകളിൽ ഇടംനേടലാണ് ആത്യന്തികമായും വേണ്ടതെന്നും പഠിപ്പിക്കുകയാണ് ഇദ്ദേഹം. തിരിച്ചൊന്നും ആഗ്രഹിക്കാതെയും പ്രതീക്ഷിക്കാതെയും മറ്റൊരാൾക്ക് ഉപകാരം ചെയ്യുന്നവരാണ് സമൂഹത്തിലെ യഥാർഥ ഹീറോസ്. സംശയമില്ല, കല്യാണസുന്ദരം ഹീറോകളുടെ ഹീറോ തന്നെയാണ്.