പ്രണയം പറയാൻ പാറയിൽ കയറിയ കാമുകനു പറ്റിയ പറ്റ്

കാമുകിയെ ഒന്നു ‘ഇംപ്രസ്’ ചെയ്യിക്കാൻ വേണ്ടി മല കയറിയ കാമുകന് എട്ടിന്റെ പണി കിട്ടിയ കഥ.

‘ലേലു അല്ലു ലേലു അല്ലു, അഴിച്ചു വിട്...’ എന്ന അതേ അവസ്ഥയിലായിരുന്നു കഴിഞ്ഞ ദിവസം കലിഫോർണിയക്കാരൻ മൈക്കെൽ ബാങ്ക്സ്. ലാലേട്ടനെ ‘തേന്മാവിൻ കൊമ്പത്തിൽ’ മരത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നെങ്കിൽ ബാങ്ക്സ് പെട്ടു പോയത് ഒരു പാറപ്പുറത്താണ്. അതും ഭൂനിരപ്പിൽ നിന്ന് 24 മീറ്ററോളം മുകളിൽ. ഒടുവിൽ രക്ഷാപ്രവർത്തകർ വരേണ്ടി വന്നു ബാങ്ക്സിനെ നിലത്തെത്തിക്കാൻ. പാറകയറ്റം നിരോധിച്ചിട്ടുള്ള കലിഫോർണിയയിലെ മോറോ റോക്കിലായിരുന്നു ബാങ്ക്സിന്റെ ഈ സാഹസം. 200 മീറ്ററാണ് ഈ പാറക്കൂട്ടത്തിന്റെ ഉയരം. നിരോധനമുണ്ടായിട്ടും ബാങ്ക്സ് കയറാൻ പക്ഷേ ഒരു കാരണമുണ്ട്. കാമുകിയെ ഒന്നു ‘ഇംപ്രസ്’ ചെയ്യിക്കാൻ വേണ്ടിയായിരുന്നു കക്ഷിയുടെ കയറ്റം.

ചുമ്മാതൊന്നുമല്ല, പാറമേൽ കയറിയിരുന്നു ഒരു പ്രപ്പോസൽ നടത്തുക– ‘വിൽ യു മാരി മി..?’. അതായിരുന്നു ലക്ഷ്യം. വിഡിയോ കോളിങ് സംവിധാനമായ ‘ഫെയ്സ് ടൈമി’ലൂടെ ബാങ്ക്സിന്റെ സാഹസം കാമുകി ലൈവായി കണ്ടുകൊണ്ടിരിക്കെയായിരുന്നു ഈ പ്രപ്പോസൽ. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയ കാമുകി അപ്പോൾത്തന്നെ ‘യെസ്’ പറഞ്ഞു.

രക്ഷാപ്രവർത്തകരിലൊരാൾ ഹെലികോപ്റ്ററിൽ നിന്നു താഴേക്കൂർന്നു വന്നു. ഒരുവിധത്തിൽ പാറക്കൂട്ടത്തിനിടയിൽ നിന്ന് ബാങ്ക്സിനെ വലിച്ചെടുത്ത് സ്വന്തം ശരീരത്തോടു ബന്ധിച്ചു.

ആ സന്തോഷത്തിൽ പാറകൾക്കിടയിലിരുന്നൊന്ന് വിശ്രമിച്ചതാണ് ബാങ്ക്സ്. പക്ഷേ അതൊരു ഒന്നൊന്നര ഇരിപ്പായിപ്പോയി. കാരണം ആ ഇരുപത്തിയേഴുകാരൻ അവിടെ നിന്ന് അനങ്ങാൻ പറ്റാത്ത വിധം പാറകൾക്കിടയിൽ കുടുങ്ങിപ്പോയി. മുകളിലോട്ടോ താഴോട്ടോ വശങ്ങളിലോട്ടോ നീങ്ങാൻ പറ്റാത്ത അവസ്ഥ. കാലൊന്നു മാറ്റിയാൽ ദേ കിടക്കുന്നു താഴെ. അങ്ങനെ നൂറുകണക്കിന് മരണം സംഭവിച്ച ഇടം കൂടിയായിരുന്നു മോറോ റോക്ക്. എന്തായാലും ബാങ്ക്സിന്റെ സാഹസം കണ്ണിൽപ്പെട്ട രക്ഷാപ്രവർത്തകർ ഉടനെത്തന്നെ സ്ഥലത്തേക്ക് ഒരു ഹെലികോപ്ടറുമായെത്തി. വേറെ യാതൊരു വഴിയുമില്ലായിരുന്നു. അമ്മാതിരി കുരുക്കിലായിരുന്നു ബാങ്ക്സ് പെട്ടതെന്നു ചുരുക്കം.

രക്ഷാപ്രവർത്തകരിലൊരാൾ ഹെലികോപ്റ്ററിൽ നിന്നു താഴേക്കൂർന്നു വന്നു. ഒരുവിധത്തിൽ പാറക്കൂട്ടത്തിനിടയിൽ നിന്ന് ബാങ്ക്സിനെ വലിച്ചെടുത്ത് സ്വന്തം ശരീരത്തോടു ബന്ധിച്ചു. പാറയിൽ നിന്നിറങ്ങും വരെ വലിയ പരിഭ്രമമൊന്നും കാണിച്ചില്ലെങ്കിലും മുകളിലേക്ക് വലിച്ചുകയറ്റുന്നതിനിടയിൽ ബാങ്ക്സിന്റെ മുഖം കണ്ട് താൻ പോലും പേടിച്ചു പോയെന്നാണ് രക്ഷാപ്രവർത്തകൻ പറഞ്ഞത്. എന്തായാലും താൻ ചെയ്ത സാഹസമോർത്ത് ബാങ്ക്സിന് സങ്കടമോ നിരാശയോ ഒന്നുമില്ല. കുറച്ച് കഷ്ടപ്പെട്ടാലെന്താ കാമുകി ഇഷ്ടമാണെന്നു പറഞ്ഞല്ലോ!