മദർ എഴുതിയ കത്ത് വഴിത്തിരിവായി: മാണി വി പോൾ

മാണി വി പോൾ, മദർ തെരേസയിൽ നിന്നു ലഭിച്ച കത്ത്

മദർ തെരേസ തനിക്കായി എഴുതിയ കത്ത് ഹൃദയത്തിൽ സൂക്ഷിക്കുകയാണ് മോട്ടിവേഷണൽ സ്പീക്കറായ മാണി വി പോൾ. മദർ എഴുതിയ കത്തിനെ തനിക്കു ലഭിച്ച അനുഗ്രഹമായി കാണാനാണ് മാണി വി പോളിനിഷ്ടം. കത്തു ലഭിച്ച അനുഭവം അദ്ദേഹം പങ്കു വയ്ക്കുന്നു.

തിരുവനന്തപുരത്തെ മിഷണറീസ് ഓഫാ ചാരിറ്റിയുടെ ;അനാഥാലയത്തിൽ ഞാൻ അന്നു സ്ഥിരം സന്ദർശകനായിരുന്നു. അത്യാവശ്യം വേണ്ട കാര്യങ്ങളൊക്കെ അവിടുത്തെ അന്തേവാസികൾക്കായി ചെയ്യുക എന്നത് എനിക്ക് സന്തോഷമുള്ള കാര്യമായിരുന്നു. അങ്ങനൊരു ദിവസം എത്തിയപ്പോഴാണ് മദർ വന്നിരുന്നുവെന്നും തന്നെ അന്വേഷിച്ചുവെന്നും അവിടുത്തെ മദർ സുപ്പിരിയർ പറയുന്നത്. കേട്ടമാത്രയിൽ നന്ദി അറിയിച്ചുകൊണ്ടു ഞാൻ മദറിന് ഒരു കത്തെഴുതി. അവിടെവച്ചു തന്നെ പോസ്റ്റു ചെയ്തു.

എന്നാൽ അതിനു മറുപടി ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. കത്തു കിട്ടിയതിന് സന്തോഷമറിയിച്ചുകൊണ്ടും കൽക്കട്ടയിൽ തങ്ങളുടെ ട്രസ്റ്റ് സന്ദർശിക്കണമെന്നും ആ സമയത്ത് കൽക്കട്ടയിൽ ഉണ്ടെങ്കിൽ തീർച്ചയായും താങ്കളെ കാണുമെന്നും മദർ ആ കത്തിൽ മറുപടി എഴുതി. ഒപ്പം പരസ്പരം സ്നേഹിക്കുവാനും നന്മ ചെയ്യുവാനും കത്തിൽ പറയുന്നുണ്ട്. പേരെടുത്തു സംബോധന ചെയ്താണ് മദർ കത്തെഴുതിയത്.

മദർ തെരേസയിൽ നിന്നു ലഭിച്ച കത്ത്

1993 ലാണു കത്ത് ലഭിക്കുന്നത്. 1999ലാണ് എനിക്ക് കൽക്കട്ട സന്ദർശിക്കുവാൻ സാധിക്കുന്നത്. അന്നു പക്ഷേ മദർ വിടവാങ്ങിയിരുന്നു. ആ കത്ത് ഇന്നും ഞാൻ നിധിപോലെ സൂക്ഷിക്കുന്നു. ഞാൻ എവിടെപ്പോയാലും ആ കത്ത് എന്റെ പേഴ്സിൽ ഭദ്രമായിരിക്കും. 1993ലാണ് മോട്ടിവേഷണൽ ട്രെയിനറായുള്ള എന്റെ ആദ്യ ചുവടുവയ്പ്പ്. അതുവരെ ഞങ്ങളുടെ ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. ഉൗളമ്പാറ പോലുള്ള മാനസീകാരോഗ്യ കേന്ദ്രത്തിലും വേണ്ട സഹായങ്ങൾ ചെയ്യുമായിരുന്നു. മദറിന്റെ അനുഗ്രഹമാണോ എന്നെ ട്രെയിനറാക്കിയതെന്ന് ചിന്തിക്കാറുണ്ട്. അങ്ങനെ കരുതാനാണെനിക്കിഷ്ടം.

ഞാൻ കരുതിയിരുന്നത് മദർ എല്ലാവർക്കും കത്തെഴുതുമായിരുന്നുവെന്നാണ്. എന്നാൽ പിന്നീടാണ് അറിഞ്ഞത് വളരെ ചുരുക്കം പേർക്കെ മദർ കത്തെഴുതിയിട്ടുള്ളൂവെന്ന്. അതിലൊരാൾ ഞാനായതിനുള്ള നന്ദി എന്നും എന്റെ പ്രാർഥനയിൽ രേഖപ്പെടുത്താറുണ്ട്.

( നടിയും അവതാരകയുമായ പേളി മാണിയുടെ പിതാവാണ് മാണി വി പോൾ )