കാമുകിയെത്തേടി 7000 കിലോമീറ്റർ യാത്ര, ഒടുവിൽ തളർന്ന് ആശുപത്രിയിൽ 

പീറ്റര്‍ കിര്‍ക്ക് ആശുപത്രിയിൽ

ഓൺലൈൻ പ്രണയങ്ങൾക്ക് പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഈ നാട്ടിൽ ഇതാ മറ്റൊരു പ്രണയകഥ കൂടി. ഡച്ചുക്കാരനായ അലക്‌സാണ്ടര്‍ പീറ്റര്‍ കിര്‍ക്ക് ആണ് കഥയിലെ നായകൻ. ഓണ്‍ലൈനില്‍ പരിചയപ്പെട്ട കാമുകിയെ കാണാന്‍ കിർക്ക് 7000 കിലോമീറ്റര്‍ ദൂരം പറന്ന് ഹോളണ്ടിൽ നിന്നും ചൈനയിൽ എത്തി. വിമാനത്താവളത്തിൽ യുവതി തന്നെ സ്വീകരിക്കാൻ വരും എന്നു പറഞ്ഞതനുസരിച്ച് പീറ്റര്‍ കാത്തിരുന്നു. ഒന്നും രണ്ടും മണിക്കൂർ അല്ല, 10 ദിവസം. എന്നിട്ടും ആരും വന്നില്ല. ഇതിനിടയിൽ വിമാനത്താവള അധികൃതർ സ്ഥലം വിട്ടു പോകാൻ പറഞ്ഞെങ്കിലും പീറ്റര്‍ കേട്ടില്ല. കാരണം തന്നെ കാണാതെ കാമുകി പോയാലോ എന്ന പേടി.

ഒടുവിൽ ഊണും ഉറക്കവുമില്ലാതെ ആരോഗ്യസ്ഥിതി മോശമായതിനെ പീറ്ററിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. അതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പീറ്ററിന്റെ ചിത്രങ്ങള്‍ വൈറലായി. പീറ്റർ രണ്ടുമാസം മുമ്പ് മൊബൈല്‍ ആപ്പിലൂടെയാണ് സാങ് എന്ന യുവതിയെ പരിചയപ്പെടുന്നത്. സാങ്ങിനെ കാണാന്‍ മോഹം കലശലായതോടെയാണ് ഹോളണ്ടില്‍ നിന്നും ചൈനയിലേക്ക് എത്തുന്നത്.

പീറ്റര്‍ കിര്‍ക്ക് ആശുപത്രിയിൽ

എന്നാൽ സംഗതി കളിയല്ലായിരുന്നു. പീറ്റര്‍ വന്ന വാർത്ത മാധ്യമങ്ങളിൽ വന്നതോടെ സാങ് മറനീക്കി പുറത്തു വന്നു. പീറ്ററുടെ വരവ് ഒരു തമാശയായേ താന്‍ കരുതിയിരുന്നുള്ളൂ എന്നാണ് 26കാരിയുടെ പ്രതികരണം.ചൈനയിലേക്കുള്ള വിമാനയാത്രയുടെ ടിക്കറ്റിന്റെ ചിത്രം പീറ്റര്‍ അയച്ചു കൊടുത്തപ്പോൾ അതു തമാശയാണ് എന്നാണു യുവതി കരുതിയത്. ആംസ്റ്റര്‍ഡെമില്‍ നിന്നും ചൈനയിലുള്ള തന്നെ കാണാന്‍ പീറ്റര്‍ ഇത്രദൂരം വരുമെന്ന് ഞാന്‍ കരുതിയതേ ഇല്ല എന്നു യുവതി പറയുന്നു.

പീറ്റര്‍ എയര്‍പോര്‍ട്ടില്‍ വരുന്ന സമയത്ത് താന്‍ പ്ലാസ്റ്റിക് സര്‍ജറിക്കായി ആശുപത്രിയിൽ ആയിരുന്നു എന്നും അതിനാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തെന്നും സാങ് പറയുന്നു. എന്തായാലും കാമുകിയോട് ഇത്രയും ആത്മാർഥത കാണിച്ച പീറ്ററുടെ കഥയിപ്പോൾ നാട്ടിൽ പാട്ടാണ്.