നാട്ടുകാർക്ക് സിയാൻ ഏലിയൻ, തളരാതെ മുന്നോട്ട്!

സിയാ യുവാൻഹായ്‌

പ്രായത്തിനൊത്തു ശരീരം വളരുകയും നിശ്ചയ പ്രായപരിധിയെത്തുമ്പോൾ ആ വളർച്ച അവസാനിക്കുകയും ചെയ്യുക എന്നതു പ്രകൃതി നിയമമാണ്. മനുഷ്യരിൽ മാത്രമല്ല മറ്റു ജീവജാലങ്ങളിലും ഇതങ്ങനെ തന്നെ. എന്നാൽ പ്രായപൂർത്തിയായിട്ടും ശരീരം വളർന്നുകൊണ്ടിരുന്നാലോ? ജനിതകവൈകല്യം എന്നതിനെ വിളിക്കാം. 

ഇത്തരം ഒരവസ്ഥയിലൂടെയാണ് ചൈനയിലെ ലാവോട്ടു ഗ്രാമവാസിയായ സിയാ യുവാൻഹായ്‌ കടന്നു പോകുന്നത്. 53 വയസ്സാണ് സിയയുടെ ഇപ്പോഴത്തെ പ്രായം. ശരീരത്തെക്കാൾ വലുപ്പമേറിയ മുഖമാണ് സിയയുടെ പ്രശ്നം. ഈ മുഖം 53 ആം വയസിലും വളർന്നുകൊണ്ടേയിരിക്കുന്നു. ജനിതകവൈകല്യത്തിന്റെ ഭാഗമായി മുഖത്തെ കലകൾ അമിതമായി വളരുന്നതാണ് സിയയുടെ പ്രശ്നം. 

സിയാ ഒരു സാധാരണകുട്ടിയെപ്പോലെയാണ് ജനിച്ചതും വളർന്നതും. പ്രായപൂർത്തിയായതിനു ശേഷമാണ് മുഖം ഇത്തരത്തിൽ അമിതമായി വളർന്നു തുടങ്ങിയത്. ചികിൽസിക്കാമെന്നു വച്ചപ്പോഴാകട്ടെ ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ട്, രോഗാവസ്ഥയോട‌െ മുന്നോട്ടു പോയി. എന്നാൽ ഇപ്പോൾ അവസ്ഥ തീർത്തും പരിതാപകരമാണ്. 

ശരീരത്തെക്കാൾ വലിയ മുഖവുമായി നടക്കുന്ന സിയയെ അന്യഗ്രഹജീവിയായ ഏലിയനു തുല്യമായാണ് ഗ്രാമവാസികൾ കാണുന്നത്. മുഖകലകളുടെ അമിതമായ വർധനവിനെ തുടർന്ന് മുഖം വലിപ്പം വച്ചതിലൂടെ പല്ലുകൾ കൊഴിഞ്ഞു പോയി. കേൾവി ശക്തി പൂർണ്ണമായും നഷ്ടപ്പെട്ടു. ഇപ്പോൾ 66 വയസ്സുകാരനായ സഹോദരൻ സിയാ യുവാൻചാങ് ആണ് സിയയെ നോക്കുന്നത്. 

എന്നാൽ ഇനിയും ഏറെ നാൾ ഈ അവസ്ഥയിൽ തുടരാൻ തന്റെ സഹോദരന് സാധിക്കില്ല എന്ന് മനസിലാക്കിയ യുവാൻചാങ് സിയയെ രക്ഷിക്കാനായി വൈദ്യസഹായം തേടിയിരിക്കുകയാണ്. ശരീരകലകളുടെ അമിതമായ പെരുപ്പത്തെ നിയന്ത്രിക്കുക എന്നതാണ് ഡോക്ടർമാരുടെ മുന്നിലുള്ള പോം വഴി. ഇതിനാൽ മുന്നോട്ടു വയ്ക്കുന്നതാകട്ടെ, ഏറെ ചെലവേറിയ ശസ്ത്രക്രിയയും. അതിനാൽ ഏതു വിധേനയും തുക കണ്ടെത്തി സഹോദരന്റെ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലാണ് യുവാൻചാങ് .