ആരാധകന്റെ അവസാന ആഗ്രഹം നിറവേറ്റാൻ താരങ്ങളെത്തി, അവർ പോയ ഉടൻ മരണവും

പാഡി ലോലറിനെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായ മുഹൂർത്തമായിരുന്നു അത്.

വലിയ ഫുട്‌ബോൾ കമ്പക്കാരനായിരുന്നു പാഡിലോലർ എന്ന 73 കാരൻ.  ഓർമ്മവച്ച കാലം മുതൽ ഫുട്‌ബോൾ നെഞ്ചിലേറ്റി നടന്ന വ്യക്തി. 4 വർഷം മുൻപാണ് പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച് ലോലർ കിടപ്പിലാകുന്നത്. ഓർമവെച്ച കാലം മുതൽക്കു തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകനായിരുന്നു ലോലർ. 

ചികിത്സകൾ വിഫലമായി മരണത്തെ നേരിൽക്കണ്ട് കിടന്നപ്പോൾ ലോലർ തന്റെ അവസാന ആഗ്രഹമായി മക്കളോട് ആവശ്യപ്പെട്ടത് ജീവിതകാലം മുഴുവൻ താൻ ആരാധിച്ച ക്ലബ്ബിലെ ഒരു താരത്തെയെങ്കിലും നേരിട്ട് കണ്ടശേഷം മരിക്കണം എന്നതായിരുന്നു. എന്നാൽ തന്റെ ആഗ്രഹം മക്കളോട് പറയുമ്പോൾ അത് സാധിക്കുമെന്ന് ലോലർ ഒരിക്കലും കരുതിയിരുന്നില്ല. 

എന്നാൽ മുത്തച്ഛന്റെ ആഗ്രഹം കേട്ട പേരക്കുട്ടി കെയ്‌ലി ലോലർ അതിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു. കെയ്‌ലി തന്റെ മുത്തച്ഛന്റെ ആഗ്രഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. കെയ്‌ലിയുടെ ഈ പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ മാഞ്ചസ്റ്റർ താരങ്ങൾ ഏറ്റെടുക്കുകയായിരുന്നു. മാഞ്ചസ്റ്ററിലുള്ള വീട്ടിലേക്ക് ഒന്നല്ല 4 താരങ്ങൾ ലോലറെ കാണാനായി എത്തി.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ  ആഷ്‌ലി യങ്, ജെസി ലിംഗാർഡ്, മാർക്കസ് റാഷ്‌ഫോർഡ്, തിമോത്തി ഫോസു മെൻസ എന്നിവരാണ് തങ്ങളുടെ പ്രിയപ്പെട്ട ആരാധകന്റെ ആഗ്രഹ പൂർത്തീകരണത്തിനായി എത്തിയത്. നാലുപേരും പാഡി ലോലറിന്റെ മരണക്കിടയ്ക്ക് ചുറ്റുംനിന്ന് അദ്ദേഹത്തെ കണ്ട് സംസാരിച്ചു.

പേരക്കുട്ടി കെയ്‌ലി ലോലർ ഇട്ട ഫേസ്‌ബുക്കിൽ പോസ്റ്റ് മാഞ്ചസ്റ്റർ താരം  ലിംഗാർഡിന്റെ കസിൻ റോബർട്ട് കിൽസോ കാണുകയും  ലോലറുടെ ആഗ്രഹത്തെക്കുറിച്ച് തന്റെ കസിനോട് പറയുകയുമായിരുന്നു. വിവരം അറിഞ്ഞപ്പോൾ മറ്റു മൂന്നു താരങ്ങൾകൂടി ലിംഗാർഡിനൊപ്പം ചേർന്നു. കാറിൽ ലോലറുടെ വീട്ടിലെത്തിയ താരങ്ങൾ അരമണിക്കൂർ അവിടെ ചെലവിടുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.

പാഡിലോലറിനെ സംബന്ധിച്ച്  ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായ മുഹൂർത്തമായിരുന്നു അത്. വീട്ടിൽ നിന്നും താരങ്ങൾ പോയി മുക്കാൽ മണിക്കൂറിനകം ലോലർ നിറഞ്ഞ മനസ്സോടെ ഈ ലോകത്തോട് വിടപറയുകയും ചെയ്തു. ജീവിതകാലമത്രയും ആരാധിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരങ്ങൾ തന്നെ കാണാനെത്തുന്നതിലും അപ്പുറം മറ്റൊന്നും സാധിക്കാനില്ലെന്ന സന്തോഷത്തോടെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.