Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാബൂളിലെ സംഘർഷ ഭൂമിയിൽനിന്നെത്തി കോഴിക്കോടിനെ പ്രണയിക്കുന്ന ഫുട്ബോളർ

Mukhadar മുഖദർ ഖാസി സാദ

‘അറിയില്ല, വീട്ടിൽനിന്നിറങ്ങിയാൽ തിരിച്ചു വീട്ടിലെത്തുമോയെന്ന്. എങ്ങും ബോബുകളുടെ പെയ്ത്താണ്. ഭയം, അതുമാത്രമാണ് നാട്ടിലായിരിക്കുമ്പോൾ ഉള്ളുനിറയെ’. അപകടം പതിയിരിക്കുന്ന കാബൂളിൽനിന്ന് പന്തുകളി പ്രേമവുമായി കോഴിക്കോട്ടെത്തിയതാണ് മുഖദർ ഖാസി സാദ എന്ന അഫ്ഗാൻ പൗരൻ. അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തന്റെ നാടിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഭാവി പ്രതീക്ഷകളെക്കുറിച്ചും മുഖദർ യുവയോട് സംസാരിക്കുന്നു. 

ക്വാർട്സ് എഫ്സിക്കു വേണ്ടി കളിക്കാനാണ് അഫ്ഗാൻ ദേശീയ ടീം അംഗം കൂടിയായ മുഖദർ കോഴിക്കോട്ടെത്തിയത്. കാബൂളിൽ തങ്ങുന്ന കുടുംബത്തെയോർത്തു പേടിയാണ്. ഭാര്യയും മകനും രണ്ടു മാസം പ്രായമുള്ള മകളുമുണ്ട് ഈ ഇരുപത്തേഴുകാരന്. 

‘ഇടയ്ക്കിടെ സ്ഫോടനങ്ങളുണ്ടാകും ആളുകൾ മരിക്കും. അതിനോടു പൊരുത്തപ്പെട്ടുപോകുകയാണ് ഞങ്ങൾ. ഒരു വർഷം മുൻപു വീടിനടുത്തു കാർ ബോംബ് പൊട്ടി. അന്നു വീടിനു കേടുപാടുപറ്റി’. ചില്ലുകൊണ്ട് പരുക്കേറ്റ കൈകാലുകൾ കാണിച്ചു തരുന്നു മുഖദർ. ‘രണ്ടു മാസം മുൻപ് മനുഷ്യബോംബ് പൊട്ടിയും ഒട്ടേറെപ്പേർ മരിച്ചു. അന്ന് 250 പേർക്കു പരുക്കേറ്റു’. 

12 വയസ്സു മുതൽ തുടങ്ങിയതാണ് മുഖദറിനു ഫുട്ബോളുമായുള്ള കൂട്ട്. 2007 മുതൽ ദേശീയ ടീമിന്റെ ഭാഗമാണ്. ടീമിനൊപ്പം ഒട്ടേറെത്തവണ ഇന്ത്യയിലെത്തിയിട്ടുണ്ടെങ്കിലും ആദ്യമായി കളിക്കുന്ന ഇന്ത്യൻ ക്ലബ് ക്വാർട്സ് എഫ്സി ആണ്. 

ഒരു മാസത്തോളമായി ടീമിനൊപ്പം. കളിച്ചു കുറെ കാശുണ്ടാക്കി കുടുംബത്തെ ഇന്ത്യയിലെത്തിക്കണമെന്നാണ് ആശ. നാട്ടിൽ ഇനി നിൽക്കാൻ വയ്യെന്ന ബോധ്യമാണ് ആ വാക്കുകളിൽ. കേരളത്തിൽ ഭയമില്ലാതെ നടക്കാനും ആളുകളുമായി ഇടപഴകാനും കഴിയുന്നതിന്റെ ആശ്വാസം മുഖദർ മറച്ചുവയ്ക്കുന്നില്ല, അപ്പോഴും ഉള്ളിൽ ഭയമാണ്, നാട്ടിലെന്താണാവോ സ്ഥിതി?

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam