സ്ത്രീയെ കൈക്കരുത്തിൽ കീഴടക്കുന്നവനാണ് ലോകത്തിലെ ഏറ്റവും വലിയ ഭീരു; മഞ്ജു വാരിയർ

പെരുമ്പാവൂരിലെ പെൺകുട്ടി നമ്മുടെയൊക്കെ മനസിൽ കണ്ണീരായി കിടപ്പുണ്ട്. നിർഭയയെയും സൗമ്യയെയും പോലെ കാമവെറിയാൽ തീർന്ന മറ്റൊരു പെൺജന്മം. ഒരായുസിന്റെ വേദന മുഴുവൻ സഹിച്ച് ഈ ലോകം വിട്ടുപോയ ജിഷമോള്‍ എന്ന പെൺകുട്ടിയുടെ നീതിയ്ക്കു വേണ്ടി മുറവിളി കൂട്ടുകയാണ് കേരളമൊന്നാകെ. ജിഷമോൾക്കു വേണ്ടി മലയാളികൾക്കൊപ്പം വേദന പങ്കിടാൻ നടി മഞ്ജു വാരിയറും രംഗത്തെത്തിയിരിക്കുകയാണ്. ജിഷയുടെ സംഭവത്തിൽ മഞ്ജു എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ഒരു വാക്കിനും ഭാഷയ്ക്കും ഉൾക്കൊള്ളാനാകാത്ത അത്രയും ദേഷ്യവും സങ്കടവും ഉള്ളിൽ നിറയുകയാണ്. അപമാനിക്കപ്പെട്ട്...അല്ല...അങ്ങനെ പറഞ്ഞാൽ മതിയാകില്ല. ഒരു കടലാസ് കഷണമെന്നോണം നെടുകെയും കുറുകെയും വലിച്ചുകീറപ്പെട്ട് മരിക്കാതെ മരിച്ച ജിഷയെന്ന അനുജത്തി അനുഭവിച്ച വേദനയ്ക്ക് പുറത്തെ തീവേനലിനേക്കാൾ ചൂടുണ്ട്. നമുക്ക് അവളോട് ഒന്നും പറയാനില്ല. നിശബ്ദമായി നില്കുക മാത്രം ചെയ്യാം. ഞാൻ നിങ്ങളിലൊരാളായിരുന്നില്ലേ..എന്ന അവളുടെ ചോദ്യത്തിന് നമുക്ക് മറുപടിയില്ല. മൃഗങ്ങൾ പോലും ചിലപ്പോൾ പ്രതികരിച്ചേക്കാം. അത് ചെയ്തയാളെ അവരോട് ഉപമിക്കുന്നത് കേട്ടാൽ. സമ്പൂർണസാക്ഷരതയിലും അറിവിലും സംസ്കാരത്തിലുമൊക്കെ അഭിരമിക്കുന്ന മലയാളിമനസ്സിന് ഇനി ഉത്തരേന്ത്യയിലേക്ക് നോക്കി പുച്ഛിക്കാനാകില്ല. നിർഭയയെ ഓർത്ത് സഹതപിക്കാനാകില്ല. ജിഷ-അവളിപ്പോൾ കേരളത്തിന് നിർഭയയേക്കാൾ വലിയ ചോദ്യചിഹ്നമാണ്.കേരളത്തിന്റെ തെരുവിലും, രാത്രിയിലും മാത്രമല്ല സ്ത്രീയുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്നത്. സ്വന്തം വീടിനുള്ളിൽ കൂടിയാണ്. ആ ഞെട്ടിക്കുന്ന തിരിച്ചറിവിന് നമ്മൾ ഇന്ത്യയിലെ മറ്റിടങ്ങളിലുണ്ടായ സംഭവങ്ങളേക്കാൾ തീവ്രതയുണ്ട്. പ്രതിഷേധങ്ങൾ ഉയരുന്നു. പരാതികളും ആരോപണങ്ങളും നിറയുന്നു. എല്ലാം നാളെ നിലയ്ക്കും. വലിച്ചുകീറപ്പെടാൻ അപ്പോഴും പെണ്ണ് ഒരു കടലാസായി ബാക്കിയുണ്ടാകും. അമ്മ,പെങ്ങൾ എന്ന പതിവ് ചോദ്യത്തിലേക്ക് പോകുന്നില്ല. ഒന്നുമാത്രം പറയട്ടെ...ഒരു സ്ത്രീയെ കൈക്കരുത്തിൽ കീഴടക്കുന്നവനാണ് ലോകത്തിലെ ഏറ്റവും വലിയ ഭീരു. അവനെ ഒരിക്കലും ആണെന്ന് വിളിക്കാനാകില്ല...