ട്വിറ്ററിലൂടെ പ്രതിരോധ മന്ത്രി ഇടപെട്ടു; നാവിക സേനാ ഓഫിസർക്കു തിരികെ കിട്ടിയതു മകളെ

പ്രതിരോധ മന്ത്രി മനോഹർ പരീക്കർ

രവികാന്ത് സോനി നാവികസേനയിൽ ഓഫിസറായി രാജ്യത്തിനു സേവനം ചെയ്തതു 20 വർഷക്കാലമായിരുന്നു. തന്റെ കുടുംബത്തിന് ഒരു അടിയന്തര ആവശ്യമുണ്ടായപ്പോൾ രവികാന്ത് സഹായം ആവശ്യപ്പെട്ടതും പ്രതിരോധ മന്ത്രാലയത്തോടു തന്നെ. മിനിറ്റുകൾക്കുള്ളിൽ സഹായം അനുവദിച്ചു പ്രതിരോധ മന്ത്രി മനോഹർ പരീക്കർ ഇടപെട്ടപ്പോൾ ജീവനേകിയതു രവികാന്തിന്റെ മകൾക്കാണ്.

രവികാന്ത് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണു പ്രതിരോധ മന്ത്രാലയത്തിന്റെ സഹായം തേടിയത്. നാവികസേനയിൽ നിന്നു വിരമിച്ച ശേഷം ഡിസ്ട്രിക്റ്റ് സോൾഡിയർ വെൽഫെയർ ഓഫിസറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ചത്തീസ്ഗണ്ഡിലെ ബിലായ് എന്ന സ്ഥലത്ത് ആശുപത്രിയിൽ അടിയന്തര അവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹത്തിന്റെ മകൾ.

വിദഗ്ധ ചികിത്സ തേടി ഡൽഹിയിലെ ആശുപത്രിയിലേക്കു മാറ്റാൻ ഏയർ ലിഫ്റ്റിനു വേണ്ടി ഇദ്ദേഹം വ്യോമസേനയുടെ സഹായം തേടിയിരുന്നു. പക്ഷെ അവസാന നിമിഷം ചില ഇടപെടലുകളെ തുടർന്ന് അതു നടന്നില്ല. ഇതേത്തുടർന്നാണു മകൾക്കു സഹായം തേടി രവികാന്ത് തന്റെ അവസ്ഥ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സാധാരണ വിമാനങ്ങൾ നോക്കിയെങ്കിലും പല പ്രതിസന്ധികളും മുന്നിലുണ്ടായി. റോഡ് മാർഗമുള്ള യാത്രയും പ്രതിസന്ധിയിലായി. മകളെ ഉടൻ മാറ്റിയില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥ. ഇതേത്തുടർന്നാണു അദ്ദേഹം സഹായം തേടി ട്വിറ്ററിൽ തന്റെ അവസ്ഥ പോസ്റ്റ് ചെയ്തത്.

പ്രതിരോധ മന്ത്രാലയത്തിന്റെ ഇടപെടൽ ഉടനെത്തി. പ്രതിരോധ മന്ത്രി മനോഹർ പരീക്കറുടെ പ്രത്യേക നിർദേശത്തെത്തുടർന്നു വ്യോമസേനയുടെ വിമാനം സഹായവുമായെത്തി. പ്രതിരോധ മന്ത്രി അദ്ദേഹത്തിന്റെ സഹോദരനെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. മകൾ ഗുരുതരവാസ്ഥ പിന്നിട്ടതോടെ സഹായങ്ങൾക്കു നന്ദി പറഞ്ഞ് അദ്ദേഹം വീണ്ടും ട്വിറ്ററിൽ പോസ്റ്റ് ഇട്ടിരുന്നു.