മനോരമ ന്യൂസ് ന്യൂസ്മേക്കർ ഡിജിപി ജേക്കബ് തോമസ്

ഡിജിപി ഡോ. ജേക്കബ് തോമസ് 2015ലെ വാർത്താതാരമായി. മുത്തൂറ്റ് ഫിൻകോർപിന്റെ സഹകരണത്തോടെ മനോരമ ന്യൂസ് സംഘടിപ്പിച്ച അഭിപ്രായവോട്ടെടുപ്പിലാണ് പോയവർഷത്തെ വാർത്താതാരമായി ജേക്കബ് തോമസിനെ പ്രേക്ഷകർ തിരഞ്ഞെടുത്തത്.

മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്ത പരിപാടിയിൽ സാഹിത്യകാരൻ അശോകൻ ചരുവിൽ, അഡ്വ. കെ.രാധിക എന്നിവരുടെ സാന്നിധ്യത്തിലാണ് സംവിധായകൻ സത്യൻ അന്തിക്കാട് ഒന്നരമാസം നീണ്ട വോട്ടെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചത്. താനും ആഗ്രഹിച്ച ഫലം തന്നെയാണ് പ്രഖ്യാപിച്ചതെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ഒറ്റയാൾ പോരാട്ടമാണ് ജേക്കബ് തോമസ് നടത്തിയത്. അദ്ദേഹത്തെ പിന്തുണച്ച നിശ്ശബ്ദസമൂഹത്തിൽ താനും ഉൾപ്പെട്ടിരുന്നു.

സത്യത്തിന്റെ കൂടെനിൽക്കുന്ന സന്മനസ്സുള്ള ജനങ്ങൾക്ക് ലഭിച്ച അംഗീകാരമാണിതെന്നും താൻ അവരുടെ ഒരു പ്രതിനിധി മാത്രമാണെന്നും ജേക്കബ് തോമസ് പ്രതികരിച്ചു. അഴിമതിക്കെതിരെ നിലപാടെടുത്ത ജനഹിതത്തോടൊപ്പം മനോരമ ന്യൂസ് നിന്നതിൽ സന്തോഷമുണ്ട്. സത്യത്തിന്റെ കൂടെ നിൽക്കുന്നവർ നമുക്കു ചുറ്റുമുണ്ടെന്ന സന്ദേശം ഈ പുരസ്കാരം നൽകുന്നു. എഴുന്നേറ്റുനിന്ന് മുന്നോട്ടുനോക്കി കർമം ചെയ്യുക എന്ന് അർജുനന് ശ്രീകൃഷ്ണൻ നൽകിയ സന്ദേശമാണ് താനും സ്വീകരിച്ചത്.

അഴിമതിയില്ലാത്തവരുടെ ദൗർഭാഗ്യ ജീവിതമാണ് ജേക്കബ് തോമസ് തുറന്നുകാണിച്ചതെന്ന് അശോകൻ ചരുവിൽ ചൂണ്ടിക്കാട്ടി. രാഷ്ട്രീയനേതൃത്വത്തോട് ഏറ്റുമുട്ടിയ ജേക്കബ് തോമസിന്റെ പേരു തന്നെ ഈ വർഷത്തെ ന്യൂസ് മേക്കർ പട്ടികയെ വ്യത്യസ്തമാക്കിയെന്ന് അഡ്വ. രാധിക പറഞ്ഞു.

2015ൽ വാർത്തകളിൽ നിറഞ്ഞുനിന്ന 10പേരെയാണ് ന്യൂസ്മേക്കർ തിരഞ്ഞെടുപ്പിന്റെ പ്രാഥമികഘട്ടത്തിൽ പരിഗണിച്ചത്. ഇവരിൽ ഏറ്റവുമധികം വോട്ട് നേടിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, നടൻ നിവിൻ പോളി എന്നിവർ ജേക്കബ് തോമസിനൊപ്പം ഫൈനലിലെത്തി. ഓൺലൈനിലും എസ്എംഎസിലുമായി ഒരുമാസം നീണ്ട വോട്ടെടുപ്പിൽ ആറുലക്ഷത്തിലേറെ പ്രേക്ഷകർ പങ്കെടുത്തു. ന്യൂസ്മേക്കർ പ്രഖ്യാപനത്തിന്റെ പുനഃസംപ്രേഷണം ഇന്നു രാവിലെ 11 മണിക്ക് മനോരമ ന്യൂസിൽ കാണാം.