മനുവും ശ്രീജയും വിവാഹിതരായി, അതിലെന്താ ഇത്ര പ്രത്യേകതയെന്ന് ഇത് വായിച്ചാൽ ചോദിക്കില്ല!

തുന്നിച്ചേർത്ത കൈകൾ കൊണ്ട് ശ്രീജയുടെ കഴുത്തിൽ മനു താലി ചാർത്തുന്നു

മനുവും ശ്രീജയും വിവാഹിതരായി. ഏതൊരു വിവാഹവാർത്തയും പോലെ സാധാരണ വരികൾ. എന്നാൽ, അസാമാന്യമായ ഒരു തിരിച്ചു വരവിന്റെ കഥ ഈ സാധാരണ വരികൾക്കു പിന്നിലുണ്ട്. മനുവെന്ന ചെറുപ്പക്കാരന്റെ ആത്മവിശ്വാസമുള്ള ജീവിതകഥ. ശ്രീജയെ മനു സ്വന്തം ജീവിതത്തിലേക്കു ചേർത്തു പിടിക്കുന്നതു ജന്മനാ സ്വന്തമായ കൈകൾ കൊണ്ടല്ല. രാജ്യത്തു തന്നെ ആദ്യമായി ഇരു കൈപ്പത്തികളും മാറ്റിവച്ച യുവാവാണു മനു. ആ കൈകൾ കൊണ്ടു മനു ജീവിതം തിരിച്ചു പിടിച്ചു. സ്വന്തം ജീവിതം തിരിച്ചു പിടിക്കുക മാത്രമല്ല, മറ്റുള്ളവർക്കു കൈത്താങ്ങേകാൻ ആ ജീവിതം മാറ്റിവയ്ക്കുകയും ചെയ്യുന്നു.

ഇന്നലെകളിലെ മനു

തൊടുപുഴ തൊമ്മൻകുത്ത് തെങ്ങനാൽ വീട്ടിൽ ടി.എൻ.രാജഗോപാല പിള്ളയുടെയും ഇന്ദിരയുടെയും മകനായ മനുവിന്റെ ജീവിതം മാറി മറിയുന്നതു നാലുവർഷം മുൻപാണ്. 2013 ഏപ്രിലിൽ മൂകാംബികയിലേക്കുള്ള മനുവിന്റെ യാത്ര അതുവരെയുള്ള ജീവിതത്തിൽ നിന്നു പുറത്തേക്കുള്ള യാത്രയായിരുന്നു. ജനറൽ കംപാർട്മെന്റിൽ യാത്ര ചെയ്തിരുന്ന മനു കൂടെ യാത്ര ചെയ്ത ദമ്പതികളെ ഹിന്ദി സംസാരിക്കുന്ന നാലു പേർ അസഭ്യം പറയുന്നതു ചോദ്യം ചെയ്തു. കണ്ടില്ലെന്നു നടിച്ചു യാത്ര തുടരാമായിരുന്നു മനുവിന്. പക്ഷേ, അങ്ങനെ ചെയ്യാൻ മനുവിന്റെ മനഃസാക്ഷി അനുവദിച്ചില്ല. ആദ്യം പിന്മാറിയ സംഘം രാത്രി വീണ്ടുമെത്തി മനുവിനെ ആക്രമിച്ചു, ട്രെയിനിന്റെ വാതിലിനു സമീപം നിന്നു യാത്ര ചെയ്തിരുന്ന മനുവിനെ ഇവർ തള്ളിപ്പുറത്തേക്കിട്ടു. തൃശൂർ പൈങ്കുളം റയിൽവേക്രോസിനു സമീപം വീണുകിടന്ന മനുവിനെ നാട്ടകാരാണു തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചത്.

രണ്ടു ദിവസത്തെ അബോധാവസ്ഥയിൽ നിന്നു ജീവിതത്തിലേക്കു തിരിച്ചെത്തിയപ്പോൾ മനു തിരിച്ചറിഞ്ഞു, ഇരു കൈപ്പത്തികളും ഇനി തനിക്കു സ്വന്തമായില്ലെന്ന്. ഒന്നര മാസത്തെ ചികിൽസയ്ക്കുശേഷം മനു വീണ്ടും തൊമ്മൻകുത്തിലെ വീട്ടിലേക്കു തിരിച്ചെത്തി; ജീവിതത്തിൽ മുറുകെപ്പിടിക്കേണ്ട ഇരു കൈപ്പത്തികളും ഇല്ലാതെ. കൃത്രിമ കൈ വയ്ക്കുന്നത് അടക്കമുള്ള സാധ്യതകൾ പരിശോധിച്ചിരുന്നു. ഇതിനിടെ ഒരു ടിവി പരിപാടി വഴിയാണു കൈകൾ മാറ്റിവയ്ക്കാൻ സാധിക്കുമെന്ന അറിവു മനുവിനു ലഭിക്കുന്നത്. അങ്ങനെ മനു ആ പരിപാടി അവതരിപ്പിച്ച ഡോക്ടറെത്തേടിയെത്തി. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് വിഭാഗം മേധാവി ഡോ. കെ.സുബ്രഹ്മണ്യ അയ്യരായിരുന്നു ആ ഡോക്ടർ.

പരിശോധനകൾ പൂർത്തിയാക്കി കൈപ്പത്തികൾ മാറ്റിവയ്ക്കാമെന്നുള്ള തീരുമാനത്തിലേക്കു ഡോ. സുബ്രഹ്മണ്യ അയ്യർ എത്തുകയായിരുന്നു. മനുവിന്റെ ജീവിതത്തിൽ ഇതു പുതിയ പ്രതീക്ഷയായി. സംസ്ഥാന സർക്കാരിന്റെ അവയവ ദാനത്തിനുള്ള ഏജൻസിസായ കേരള നെറ്റ്‌വർക്ക് ഓഫ് ഓർഗൻ ഷെയറിങ്ങിൽ (കെഎൻഒഎസ്) മനുവിന്റെ പേരു റജിസ്റ്റർ ചെയ്തു.

ഇതിനിടെയാണു എറണാകുളം വരാപ്പുഴ ചിറയ്ക്കകം ഓളിപ്പറമ്പിൽ വീട്ടിൽ ഉത്തമന്റെ മകൻ ബിനോയി എന്ന 26കാരൻ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലാകുന്നത്. ബൈക്കിൽ പിൻസീറ്റിൽ യാത്രചെയ്യുമ്പോൾ റോഡിലേക്കു തെറിച്ചു വീണാണു ബിനോയി അപകടത്തിൽപ്പെടുന്നത്. മകൻ തിരിച്ചു വരില്ലെന്നറി‍ഞ്ഞ നിമിഷത്തിലെ വേദനയ്ക്കിടയിലും ഉത്തമനും ഭാര്യ ബേബിയും അവയവദാനത്തിനു സമ്മതം നൽകുകയായിരുന്നു. കൈകൾകൂടി ദാനം ചെയ്യാൻ ഇവർ സമ്മതം നൽകി. ഗ്ലാസ് പെയിന്ററായ ബിനോയിയുടെ കൈകൾ ജീവിതത്തിന്റെ ചിത്രം വരയ്ക്കാൻ വീണ്ടുമുണ്ടാകട്ടെ എന്ന തോന്നലിലാകാം അവർ കൈകൾ ദാനം ചെയ്യാനുള്ള അനുമതി നൽകിയത്. ബിനോയിയുടെ അച്ഛൻ ഉത്തമൻ ദീർഘകാലമായി തളർന്നു കിടക്കുകയാണ്.

2015 ജനുവരി 13ന് അങ്ങനെ ആരോഗ്യ രംഗത്തു പുതിയൊരു ചരിത്രമായി ബിനോയിയുടെ കൈപ്പത്തികൾ മനുവിലേക്കു മാറ്റിവച്ചു. ഡോ. സുബ്രഹ്‌മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘം 17 മണിക്കൂർ നീണ്ട ശസ്‌ത്രക്രിയയ്‌ക്കൊടുവിലാണു കൈപ്പത്തികൾ തുന്നിച്ചേർത്തത്. ഒരു വർഷത്തോളം എടുത്തു കൈപ്പത്തികൾ സാധാരണ ഗതിയിൽ പ്രവർത്തിപ്പിച്ചു തുടങ്ങാൻ.

അമൃത ആശുപത്രിയിൽ ട്രാൻസ്പ്ലാന്റ് കൗൺസലറായുള്ള ജോലിക്കിടെ മനു. ചിത്രം: ഇ.വി. ശ്രീകുമാർ

പൂത്തുലഞ്ഞ നന്മമരം

ഇപ്പോൾ മനുവിനെ വീണ്ടും കാണാം. സദാ ചെറുപുഞ്ചിരിയുമായി അമൃത ആശുപത്രിയുടെ ഇടനാഴികളിൽ മനു നമുക്കു നേരെ ഹസ്തദാനത്തിനായി കൈ നീട്ടും. അമൃത ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് കൗൺസലിങ് അസിസ്റ്റന്റാണു മനു ഇപ്പോൾ. അവയവം മാറ്റിവയ്ക്കേണ്ട ആളുകൾക്കു നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ മനസിലാക്കി അവർക്കു കൗൺസലിങ് നടത്തുകയാണു മനു ചെയ്യുന്നത്. സ്വന്തം ജീവിതം മറ്റുള്ളവർക്കു നന്മ ചെയ്യാൻ കൂടിയുള്ളതാണെന്നു മനു പറയുന്നു. ബിനോയിയുടെ കുടുംബം നൽകിയ സ്നേഹമാണു തന്റെ ജീവിതമെന്നു മനു വിശ്വസിക്കുന്നു.

മനുവിന്റെ ജീവിതത്തിനു പുതിയ വെളിച്ചം നൽകിയത് അമൃത മഠവും അമൃത ആശുപത്രിയുമാണ്. ട്രാൻസ്പ്ലാന്റ് വിഭാഗത്തിൽ മനുവിനു ജോലി നൽകാൻ മഠം തീരുമാനമെടുക്കുകയായിരുന്നു. മുന്നിലെത്തുന്ന രോഗികളോടു വേറാരു സംസാരിക്കുന്നതിനെക്കാളും നൂറു മടങ്ങ് ഫലമാണു മനു സംസാരിക്കുമ്പോൾ ലഭിക്കുന്നത്. ട്രാൻസ്പ്ലാന്റ് കൗൺസലറായാണു ജോലിക്ക് എടുത്തതെങ്കിലും മെഡിക്കൽ ഫൊട്ടോഗ്രഫി അടക്കമുള്ളവയിൽ മനു സഹായിക്കുന്നുണ്ടെന്നു ഡോ. സുബ്രഹ്മണ്യ അയ്യർ പറയുന്നു. വളരെ ഊർജസ്വലനായി മനു ജീവിതം മുന്നോട്ടു നയിക്കുന്നതു മറ്റുള്ളവർക്കു പ്രചോദനമാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഇരു കൈപ്പത്തികളും നഷ്ടപ്പെട്ടപ്പോൾ ജീവിതം അവസാനിച്ചുവെന്നാണ് ആദ്യം തോന്നിയതെന്നു മനു പറയുന്നു. എന്നാൽ തിരിച്ചു വരാമെന്ന ഏതോ ഒരു ഉൾവിളി മനസിൽ ഉണ്ടായിരുന്നു. കൈകൾ നഷ്ടപ്പെട്ടു തൃശൂർ മെഡിക്കൽ കോളജിൽ കിടക്കുന്ന സമയത്തു കാണാനെത്തിയ ജെയ്സൺ എന്ന സ്നേഹിതനോടു മനു പറഞ്ഞിരുന്നു. ഞാൻ തിരിച്ചു വരും. എത്രകാലമെന്ന് അറിയില്ല. പക്ഷേ, തിരിച്ചു വരും. നാലു വർഷത്തിനിപ്പുറം ആ വാക്കുകൾ നൂറു ശതമാനം ശരിയെന്നു മനുവിന്റെ ജീവിതം നമ്മോടു പറയും.

ജീവിതത്തിൽ തിരിച്ചു വരണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും എങ്ങനെയെന്ന് ആദ്യഘട്ടത്തിൽ അറിയില്ലായിരുന്നെന്നു മനു പറയുന്നു. ജീവിതം അവസാനിപ്പിക്കേണ്ടി വരുമോയെന്നു തോന്നിയ നാളുകൾ. എന്നാൽ വീട്ടുകാരും കൂട്ടുകാരും എല്ലാക്കാര്യത്തിലും ഒപ്പം നിന്നപ്പോൾ അവർക്കുവേണ്ടി ജീവിക്കണമെന്നു തോന്നി. അനിയന്മാരായ രാജ്മോഹനും സനുവും എല്ലാക്കാര്യത്തിലും ഒപ്പം നിന്നു.

ജീവിതത്തിൽ കഷ്ടപ്പെടുന്ന സമയത്തും എല്ലാം ശരിയാകുമെന്നുള്ള പ്രതീക്ഷ കാത്തു സൂക്ഷിച്ചതാണ് ഇപ്പോൾ ഇങ്ങനെ നിൽക്കാൻ സാധിക്കുന്നതെന്നു മനു പറയുന്നു. പ്രതിസന്ധികൾ വരുമ്പോൾ തളരുന്നതല്ല, അതു മനസിലാക്കി എങ്ങനെ മുന്നോട്ടു പോകുകയാണു വേണ്ടതെന്നാണ് മനു തന്റെ ജീവിതത്തിലൂടെ പറയുന്നത്. ഇപ്പോൾ മനുവിന്റെ വച്ചു പിടിപ്പിക്കപ്പെട്ട കൈകൾ 95 ശതമാനത്തോളം പ്രവർത്തിച്ചു തുടങ്ങിയതായി ഡോ. സുബ്രഹ്മണ്യ അയ്യർ പറയുന്നു. ഇപ്പോൾ ഭാരമൊക്കെ മനു ഉയർത്തുന്നുണ്ട്. കൂടാതെ കാറും ബൈക്കും എല്ലാം ഓടിക്കുന്നു. ആശുപത്രി ജോലിയുടെ ഭാഗമായി പുറത്തു പോകുമ്പോൾ പലപ്പോഴും ബൈക്കിലാണു യാത്ര. അമൃതയിൽ നിന്ന് ആദ്യമായി കിട്ടിയ ശമ്പളവുമായി മനു പോയത് ബിനോയിയുടെ വീട്ടിലേക്കാണ്.

മനുവും ശ്രീജയും (ഇടത്തുനിന്ന് രണ്ടാമത്) കൈകൾ ദാനം നൽകിയ ബിനോയിയുടെ കുടുംബത്തോടൊപ്പം

പുതിയ ജീവിതത്തിലേക്ക്

അമൃത ആശുപത്രിയിൽ നിന്നാണു മനുവിനു ജീവിത സഖിയെയും ലഭിക്കുന്നത്.ശ്രീജ അമൃതയിലെ നഴ്സാണ്. ഇന്നായിരുന്നു ഇവരുടെ വിവാഹം. റാന്നി തോട്ടമൺകാവ് ദേവിക്ഷേത്രത്തിൽ മനു ശ്രീജയ്ക്കു താലി ചാർത്തി. ഏഴു വർഷമായി അമൃത ആശുപത്രിയിൽ ജോലി നോക്കുന്ന ശ്രീജ റാന്നി വടശേരിക്കര വട്ടമലമേലേതിൽ വീട്ടിൽ ശശിധരൻപിള്ളയുടെയും പരേതയായ പ്രസന്ന കുമാരിയുടെയും മകളാണ്. മനുവിന്റെ കൈപ്പത്തി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ വാർത്തകൾ ശ്രദ്ധിച്ചിരുന്നെങ്കിലും അന്നു പരിചയപ്പെട്ടിരുന്നില്ല. പിന്നീട് ഫിസിയോതെറപ്പിക്ക് എത്തിയപ്പോഴാണു മനുവിനെ പരിചയപ്പെടുന്നത്. മനു അമൃതയിൽ ജോലിക്കു പ്രവേശിച്ചപ്പോൾ ഇരുവരും നല്ല സുഹൃത്തുക്കളായി. ജീവിതത്തിൽ മനുവിന്റെ കൈപിടിച്ച് ഇനിയെന്നും നടക്കാമെന്നു ശ്രീജ തീരുമാനമെടുത്തപ്പോൾ ഇരു വീട്ടുകാരും സമ്മതിച്ചു. നഴ്സായ ശ്രീജയ്ക്കു മനുവിന്റെ ആരോഗ്യപരമായ കാര്യങ്ങൾ അടക്കം മനസിലാക്കാൻ സാധിക്കുമെന്നതിനാൽ ഇതൊരു നല്ലബന്ധമായി തോന്നിയെന്നു ഡോ. സുബ്രഹ്മണ്യ അയ്യർ പറയുന്നു. അങ്ങനെ വീട്ടുകാർ തമ്മിൽ വിവാഹം ആലോചിച്ച് ജനുവരി 25ന് ഇരുവരുടെയും കല്യാണ നിശ്ചയം കഴിഞ്ഞു. അന്നു ശ്രീജയുടെ കൈകളിൽ സ്വന്തം കൈ കൊണ്ടു മനു മുറുകെപ്പിടിച്ചപ്പോൾ ആത്മവിശ്വാസത്തിന്റെ ചൂടുണ്ടായിരുന്നു. സ്നേഹത്തിന്റെ നൈർമല്യമുണ്ടായിരുന്നു.