വിശപ്പിൽ വളർന്ന പ്രതിഭ

മേരി ക്യൂറി

പോളണ്ടിൽ നിന്നാണു മാർജ പാരിസിൽ പഠിക്കാനെത്തിയത്. ഒരു ദിവസം അവൾ ക്ലാസിൽ തലചുറ്റി വീണു. ഒട്ടു നേരം ബോധമില്ലാതെ കിടന്നു. അധ്യപകനെത്തി കാര്യം തിരക്കി യപ്പോൾ അവൾ അന്നു രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല. വേണ്ടാഞ്ഞിട്ടല്ല, തീരെ നിവൃത്തിയില്ലാഞ്ഞിട്ടാണു കഴിക്കാ തിരുന്നത്. ഒരു റൊട്ടി പല കഷണങ്ങളാക്കി മുറിച്ചു വച്ച് വിശപ്പു സഹിക്കാനാകാതെ വരുമ്പോൾ മാത്രം അതിലൊന്നു കഴിക്കുകയായിരുന്നു അവളുടെ പതിവ്. അവളെക്കുറിച്ച് ആ പ്രഫസർ കൂടുതൽ തിരക്കി. ഉന്നത വിദ്യാഭ്യാസമുളളവരാണെങ്കിൽ പോലും അവളുടെ മാതാപിതാക്കൾ തൊഴിൽ രഹിതരായിരുന്നു. അവർക്കു മറ്റു മക്കളെക്കൂടി പഠിപ്പിക്കാനുമുണ്ടായിരുന്നു. ആദ്യം പഠിക്കാൻ പോയത് അവളുടെ ചേച്ചിയാണ്. അന്ന് മാർജ ഉന്നതരുടെ വീടുകളിൽ ആയയായി പ്രവർത്തിച്ച് ചേച്ചിക്കു പഠിക്കാനുളള പണമുണ്ടാക്കി.പിന്നെയാണ് അവൾ സ്വന്തമായി സമ്പാദിച്ച കൊച്ചു ഫണ്ടുമായി പാരിസിലെത്തി സോബോൺ സർവകലാശാലയിൽ ചേർന്നത്.

പഠിക്കാൻ ഗണിതവും ഭൗതികവും രസതന്ത്രവും തിരഞ്ഞെടുത്ത അവൾ എല്ലാത്തിലും മിന്നുന്ന പ്രകടനം കാഴ്ച വച്ചു. പക്ഷേ, താമസിച്ചിരുന്നത് ഇടിഞ്ഞു പൊളിഞ്ഞ ഒരു കൊച്ചു ചാർത്തിലായിരുന്നു. കൊടും തണുപ്പിൽ പോലും ഒട്ടും രക്ഷയില്ലാതെ തണുത്തും വിറച്ചുമാണ് അവൾ കഴിഞ്ഞി രുന്നത്. ഈ മാർജയുടെ ശരിപ്പേര് മേരി സ്കൊളോഡ് വ്സ്ക ക്യൂറി എന്നാണ്. അതേ കണ്ടുപിടിത്തങ്ങളുടെ മഹാരാജ്ഞിയായ, രണ്ടു വട്ടം നൊബേൽ ജേതാവായ മാഡം ക്യൂറി തന്നെ!