കണ്ണുനനയ്ക്കുമീ പ്രണയകഥ, ഭാര്യയെ ഇത്രയേറെ സ്നേഹിക്കുന്ന ഭർത്താവ്

മാർക് ഷെൽട്ടണും ഭാര്യ ലിസയും

പ്രണയകഥകൾ പല വികാരങ്ങളിലേക്കാണു നമ്മെ കൊണ്ടെത്തിക്കുക. ചിലതൊക്കെ സന്തോഷിപ്പിക്കും, ചിലതു കരയിക്കുകയും ചിലതു ആശ്ചര്യപ്പെടുത്തുകയും ചെയ്യും. എങ്ങനെയായാലും ദുരന്തകഥകളേക്കാൾ നമുക്കു പ്രിയം സന്തോഷത്തോടെ അവസാനിക്കുന്ന പ്രണയങ്ങളെ കേൾക്കാനാണ്. ഇപ്പോള്‍ സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്നതും വ്യത്യസ്തമായ ഒരു പ്രണയമാണ്. നിങ്ങൾ കേട്ടു തഴമ്പിച്ചതു പോലൊരു പ്രണയകഥയല്ലിത്. ട്രാജഡിയും സന്തോഷവുമെല്ലാം കൂടിച്ചേർന്ന, തന്റെ പങ്കാളിക്കു വേണ്ടി എന്തും ചെയ്യാൻ തയ്യാറായ ഒരു ഭർത്താവിന്റെ കഥ.

സ്കൂൾ കാലത്ത് ഒന്നിച്ചു പഠിച്ചവരായിരുന്നു യുഎസ് സ്വദേശികളായ മാർക്ക് ഷെൽട്ടണും ലിസയും. പഠനകാലമെല്ലാം കഴിഞ്ഞു ജോലിയും നേടി ഇരുവരും തങ്ങളുടെ ജീവിതപങ്കാളികളെ കണ്ടെത്തി മറ്റൊരു ജീവിതം ആരംഭിച്ചിരുന്നു. പക്ഷേ ജീവിതത്തിൽ ചില കാര്യങ്ങൾ നേരത്തെ നിശ്ചയിക്കപ്പെടുമെന്നു പറയുന്നതുപോലെ പഠനശേഷം വേർപിരിഞ്ഞ ഇരുവരും വീണ്ടും കാലങ്ങൾക്കുശേശം കണ്ടുമുട്ടി. അതു രണ്ടുപേരേയും എന്നെന്നേക്കുമായി ഒരുമിപ്പിക്കുകയും ചെയ്തു.

ലിസയ്ക്കു വേണ്ടി മാർക് ഷെൽട്ടണ്‍ ഗാനം ആലപിക്കുന്നു

വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ രണ്ടുപേർക്കും അത്ഭുതമായിരുന്നു, പിന്നീടു തുടങ്ങിയ സൗഹൃദം വിവാഹത്തിലേക്കെത്തിച്ചു. 2014ലാണ് ഇരുവരും വിവാഹം കഴിച്ചത്, നിർഭാഗ്യകരം എന്നു പറയട്ടെ വിവാഹം കഴിഞ്ഞു മൂന്നാംദിവസം ലിസ അർബുദ രോഗിയാണെന്നു കണ്ടെത്തി. സ്വപ്നങ്ങളോടെയും പ്രതീക്ഷകളോടെയും പുതിയ ജീവിതത്തിലേക്കു കാലുകുത്തിയ ആ ദമ്പതികൾക്ക് ആഘാതമായിരുന്നു ആ വാർത്ത. കുടലിൽ ബാധിച്ച കാൻസർ അപ്പോഴേക്കും നാലാം സ്റ്റേജിലേക്കെത്തിയിരുന്നു.

ലിസയുടെ മെഡിക്കൽ ചെക്അപ്പുകൾ നടക്കുന്നതിനിടയില്‍ ഒരിക്കലാണ് മാർക് തന്റെ പത്നിയോട് എന്താണു ലിസ ഏറ്റവുമധികം ആഗ്രഹിക്കുന്നത് അതു താൻ പൂർത്തീകരിച്ചു തരാമ‌ന്നു പറയുന്നത്. ഇറ്റലിയിലേക്കോ ഹവായിലേക്കോ പോകണോ? എന്താഗ്രഹിച്ചാലും താൻ അതു നടത്തിത്തരുമെന്നു പറഞ്ഞു. പക്ഷേ യാത്രകളോ ആഡംബര സൗകര്യങ്ങളോ ഒന്നുമായിരുന്നില്ല അമ്പത്തിയേഴുകാരിയായ ലിസ തന്റെ ഭർത്താവിനു മുന്നിൽ ആവശ്യപ്പെട്ടത്. ഒരൽപം കൗതുകകരവും എ​ന്നാൽ മാർക്കിനെ ഞെട്ടിക്കുന്നതുമായിരുന്നു ആ ആഗ്രഹം.

സ്കൂള്‍ കാലത്തിൽ ജംപ്സ്യൂട്ട് ഒക്കെ ധരിച്ചു ഗായകനായ എൽവിസ് പ്രിസ്‌ലിയെ അനുകരിച്ചു പാടിയതുപോലെ ഒരിക്കൽക്കൂടി പാടണം. പക്ഷേ ഈ ആഗ്രഹം എങ്ങനെ നടത്തിക്കൊടുക്കുമെന്നതായിരുന്നു മാർക്കിന്റെ സങ്കടം. കാരണം സ്കൂൾകാലത്തിലെ വണ്ണം കുറഞ്ഞ പയ്യൻ അല്ലിന്ന്, 181 കിലോയാണു തന്റെ ഭാരം. പക്ഷേ രോഗബാധിതയായ ഭാര്യയെ വിഷമിപ്പിക്കാനും കഴിയില്ല. ഒട്ടും ആലോചിക്കാതെ ഒകെ പറഞ്ഞ മാർക്ക് പിന്നീടുള്ള ഒരുവർഷം തന്റെ വണ്ണം കുറയ്ക്കാനായി അശ്രാന്തപരിശ്രമം നടത്തി.

കൃത്യം ഒരുവർഷം കഴിഞ്ഞപ്പോഴേക്കും ഭാരം 90 കിലോയായി കുറഞ്ഞു. ശേഷം ഒരു ബാൻഡുമായി സംസാരിച്ച് തന്റെ പത്നിയുടെ ആഗ്രഹം അറിയിച്ച മാര്‍ക് നാലുമാസം അവരോ‌ടൊപ്പം ചേർന്നു റിഹേഴ്സൽ ന‌ടത്തി. അങ്ങനെ ടിക്കറ്റ് വിൽപനയോടെ പരിപാടി ന‌ടത്താനും അതിൽ നിന്നും ലഭിക്കുന്ന പണം ലിസയു‌ടെ ചികിത്സയ്ക്കായി ഉപയോഗിക്കാനും തീരുമാനിച്ചു. മാർക്കിന്റെ പ്രകടനം കണ്ട ലിസയാകട്ടെ സന്തോഷം കൊണ്ടു തുള്ളിച്ചാടുകയായിരുന്നു. സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ട സമയമായിരുന്നു അത്, ഇത്രയും സ്നേഹിക്കുന്ന ഭർത്താവിനെ നൽകിയതിൽ എല്ലാദിവസവും ദൈവത്തോടു നന്ദി പറയുകയാണ്-ലിസ പറഞ്ഞു.