മക്കൾക്ക് വേണ്ടത് സമ്മാനക്കൂമ്പാരങ്ങളല്ല അച്‌ഛനമ്മമാരെ; കാണാം ഒരു കിടിലൻ വിഡിയോ

ആകാശം മുട്ടെ സമ്മാനങ്ങളോ കൈനിറയെ മിട്ടായി പാക്കറ്റുകളോ ഒന്നും വേണ്ട തരിമ്പും കളങ്കമില്ലാത്ത മാതാപിതാക്കളുടെ സ്നേഹം മാത്രം മതി മക്കളെ തൃപ്തിപ്പെടുത്താൻ. അച്ഛന്റെയും അമ്മയുടെയും കരുതലിലും സ്നേഹത്തിലും വളരുകയെന്നതു തന്നെയാണ് ഏതു മക്കളും ആഗ്രഹിക്കുക. അവരുടെ അസാന്നിധ്യം പകരുന്ന വേദന പറഞ്ഞറിയിക്കാനാവില്ല. ഇത്തരത്തിൽ ഏറെ നാളായി കാണാതിരിക്കുന്ന അച്ഛനെ അപ്രതീക്ഷിതമായി കാണുന്ന മക്കളുടെ വിഡിയോ ആണിപ്പോൾ വൈറലാകുന്നത്. മിലിട്ടറി ഉദ്യോഗസ്ഥനായ അച്ഛൻ മകള്‍ക്കും ഡൗൺ സിൻഡ്രോം ബാധിച്ച മകനും മുന്നിൽ ഒരു മുന്നറിയിപ്പും നൽകാതെ ചെന്നെത്തുകയാണ്.

അമേരിക്കൻ സ്വദേശിയും മിലിട്ടറി ഉദ്യോഗസ്ഥനുമായ ജോൺ ഗ്രീറ്റൻ കഴിഞ്ഞ ആറുമാസമായി വീടുവിട്ടു നിൽക്കുകയായിരുന്നു. തിരിച്ചു വരുമ്പോൾ മക്കൾക്ക് എന്തുനൽകും എന്ന ആലോചനയ്ക്കിടയിലാണ് അവർക്കു മുന്നിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടാൻ തീരുമാനിച്ചത്. അച്ഛനു വേണ്ടി കാത്തിരിക്കുന്ന മക്കൾക്കു നൽകാൻ അതിൽപ്പരം സമ്മാനം വേറെയെന്താണുള്ളത്. പതിനഞ്ചുവയസുകാരനായ മകൻ ജോഷ്വാ കൂട്ടുകാർക്കിടയിൽ അച്ഛനെക്കുറിച്ചു തന്നെ സംസാരിച്ചിരിക്കുകയാണ്. പെട്ടെന്നാണ് പുറകിൽ നിന്നൊരാൾ ഞാനിവിടെ ഇരുന്നോട്ടെയെന്നു ചോദിക്കുന്നത് തിരിഞ്ഞു നോക്കിയ ജോഷ്വാ ഞെട്ടി ചാടിെയഴുന്നേറ്റ് അച്ഛനെ കെട്ടിപ്പിടിക്കുകയും കരയുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ആവേശത്തിനും ആഹ്ലാദത്തിനുമൊടുവിൽ ഇതാണ് എന്റെ അച്ഛൻ എന്ന സുഹൃത്തുക്കൾക്കു പരിചയപ്പെടുത്തുന്നുമുണ്ട് ജോഷ്വാ.

അടുത്തതായി ജോൺ ഞെട്ടിക്കുന്നത് തന്റെ മകളെയാണ്. പതിനൊന്നു വയസുകാരിയായ മകൾ ജെസീക്ക സുഹൃത്തുക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിയ്ക്കുന്ന സമയമാണ്. മകനെ പറ്റിച്ചതുപോലെ തന്നെ ജോൺ മകളെയും പറ്റിച്ചു. കാണുന്നവരെ ഒരുപോലെ സന്തോഷിപ്പിക്കുന്നതും കണ്ണീരണിയിക്കുന്നതുമാണ് ഈ വിഡിയോ.