Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എതിരാളികളെയും കീഴടക്കുന്ന എളിമ

raju-minister മന്ത്രി കെ. രാജു

കാഴ്ചയിൽ ഒരു ചെറിയ മനുഷ്യനാണു വനംവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു. പക്ഷേ ആൾ ചെറിയ ആളല്ലെന്നു മനസ്സിലാകുന്നത് അദ്ദേഹത്തെ അടുത്തറിയുമ്പോഴാണ്. രാത്രി ഏഴുമണിക്കു കൊല്ലത്തു വച്ചു കാണാമെന്നു പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹം എത്തിയപ്പോൾ വളരെ വൈകി. ഒന്നു രണ്ടു പരിപാടികളിൽ പങ്കെടുക്കാനുണ്ടായിരുന്നു. റോട്ടറി പോലെയുള്ള ക്ളബ്ബിന്റെ പരിപാടികൾ എനിക്കു പരിചയമില്ല. വിചാരിച്ചതിലേറെ സമയമെടുത്തു - വൈകിയതിനു ക്ഷമാപണം നടത്തുമ്പോൾ മന്ത്രി പറഞ്ഞു. ഒരു രൂപ വക്കീൽ ഫീസും സ്റ്റാംപ് ഫീസ് പോലും വാങ്ങാതെ പാർട്ടി പ്രവർത്തകർക്കും കൃഷിക്കാർക്കും വേണ്ടി കേസു നടത്തിയിരുന്ന വക്കീലാണ് കെ. രാജു. ഒരു രൂപയുടെ അഴിമതി ആരോപണമുണ്ടായാൽ ആ നിമിഷം പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള സി.പി.ഐക്കാരൻ. കഴിഞ്ഞ നിയമസഭയിൽ ബജറ്റിനെതിരെ സമരം നടന്നപ്പോൾ ബജറ്റ്കീറാനും തമ്മിൽത്തല്ലാനും കസേരയൊടിക്കാനും കൂടാതിരുന്ന ഒരു പ്രതിപക്ഷ എം.എൽ.എ. മാത്രമേ ഉണ്ടായിരുന്നുള്ളൂ, സഭയിൽ. അത് കെ. രാജുവായിരുന്നു. അന്നത്തെ സ്പീക്കർ ജി. കാർത്തികേയൻ അതിന്റെ പേരിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. പുനലൂരിനു പുറത്ത് എന്നെയാരും അറിയില്ല എന്ന് അദ്ദേഹം സമ്മതിക്കുന്നത് അഭിമാനത്തോടെയാണ്. പക്ഷേ, പുനലൂരിന്റെ ഹൃദയത്തിൽ കെ. രാജുവിനുള്ള സ്ഥാനം വളരെ വലുതാണ്. ഓരോ തിരഞ്ഞെടുപ്പിലും വർദ്ധിക്കുന്ന ഭൂരിപക്ഷമാണ് അതിനുള്ള തെളിവ്. വിനയത്തിന്റെയും മാന്യതയുടെയും പ്രതിരൂപമായി മന്ത്രി കെ. രാജു മനോരമയോടു മനസ്സു തുറന്നു. ദീർഘ സംഭാഷണത്തിൽനിന്ന് :

കുട്ടിക്കാലം

ഞാൻ ഒരു കർഷക കുടുംബത്തിലാണു ജനിച്ചത്. അച്ഛൻ ഒരു നല്ല കൃഷിക്കാരനായിരുന്നു. കൃഷിക്കാരനാണെങ്കിലും അച്ഛൻ കരുണാകരൻ മുതലാളി എന്നാണ് അറിയപ്പെട്ടത്. കാരണം ചെറുപ്പകാലത്ത് അച്ഛൻ ബിസിനസ്സുകൾ നടത്തിയിരുന്നു. എന്റെ ഗ്രാമമായ പുനലൂർ ഏരൂർ നെട്ടയത്തെ സാമാന്യം ഭൂസ്വത്തുക്കളൊക്കെ ഉണ്ടായിരുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്. അമ്മ അച്ഛന്റെ അടുത്ത ബന്ധുവായിരുന്നു. പങ്കജാക്ഷി എന്നാണ് അമ്മയുടെ പേര്. അച്ഛൻ ഒരു കമ്യൂണിസ്റ്റുകാരനായിരുന്നു. എന്റെ ബന്ധുക്കളും എല്ലാവരും കമ്യൂണിസ്റ്റ്കാരാണ്. കൊച്ചിലേതന്നെ ഞാൻ കണ്ടു വളർന്നത് അവരെയാണ്. മുൻ എംഎൽഎ പി.കെ. ശ്രീനിവാസൻ എന്റെ അമ്മാവനാണ്. മുൻ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ സാർ എന്റെ ചിറ്റപ്പനാണ്. അമ്മയുടെ സഹോദരൻ കൃത്യവാസൻ സാർ - അദ്ദേഹവും കമ്യൂണിസ്റ്റ് നേതാവായിരുന്നു. കമ്യൂണിസ്റ്റ് എന്നു പറഞ്ഞാൽ എല്ലാവരും സിപിഐക്കാരാണ്. മുൻ എം.എൽ.എ. ഗോപാലൻ സാറും ഞങ്ങളുടെ കുടുംബാംഗമാണ്.

എംഎൻ ഗോവിന്ദൻ നായർ ഒളിവിൽ കഴിയുന്ന സമയത്തും അല്ലാതെയും വീട്ടിൽ വന്നിട്ടുണ്ട്. അച്ഛനുമായി നല്ല അടുപ്പമുണ്ടായിരുന്നു. അതൊക്കെ ചെറിയ പ്രായത്തിൽ തന്നെ മനസ്സിനെ സ്വാധീനിച്ചിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ ഞാനും ചേട്ടൻമാരും അച്ഛനോടൊപ്പം പാർട്ടി മീറ്റിങ്ങുകൾക്കും ജാഥകൾക്കുമൊക്കെ പോയിരുന്നു. അങ്ങനെയാണു ഞാൻ രാഷ്ട്രീയത്തിൽ ആകൃഷ്ടനാകുന്നത്. തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിലാണു ഞാൻ വളർന്നത്. വീട്ടിൽ എന്നെക്കൂടാതെ മൂന്നു സഹോദരിമാരും രണ്ടു സഹോദരൻമാരും ഉണ്ട്. ഏറ്റവും മൂത്തയാൾ ചിത്രഭാനു ഇപ്പോൾ കൊല്ലത്തു താമസിക്കുന്നു. അദ്ദേഹം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറായിരുന്നു. അതിനു താഴെയുള്ള സഹോദരൻ രഘുനാഥൻ ആയുർവേദ ഡോക്ടറാണ്. അഞ്ചൽ ആലഞ്ചേരിയിൽ താമസിക്കുന്നു. സഹോദരിമാരിൽ മൂത്തയാൾ കുസുമം പെരുമണ്ണിലാണു താമസിക്കുന്നത്. റിട്ടയേഡ് ടീച്ചറാണ്. അതിനിളയയാൾ പ്രഭാതം റിട്ടയേഡ് തഹസീൽദാരാണ്. കൊല്ലത്തു തേവള്ളിയിൽ താമസിക്കുന്നു. എനിക്ക് ഇളയവളായ അജിത ഹൈസ്കൂൾ അധ്യാപികയായിരുന്നു. എല്ലാവരും വിദ്യാസമ്പന്നരാണ്. എല്ലാവർക്കും സർക്കാർ ജോലിയുമുണ്ടായിരുന്നു. ഡോക്ടറായ ചേട്ടൻമാത്രം സ്വന്തമായി ആശുപത്രി നടത്തുന്നു.

വിദ്യാർത്ഥി ജീവിതം

ഞങ്ങൾ എല്ലാവരും ഒരേ സമയത്താണു സ്കൂളിലും കോളജിലുമൊക്കെ പഠിച്ചത്. അതുകൊണ്ടു സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പഠന കാര്യങ്ങൾക്കു കൃഷിയിൽ നിന്നുള്ള വരുമാനം മതിയാവില്ലായിരുന്നു. അഞ്ചലിൽ സെന്റ് ജോൺസ് കോളജ് ആരംഭിച്ചപ്പോൾ അതൊരു വലിയ സൗകര്യമായി കണക്കാക്കി പ്രീഡിഗ്രിക്ക് അവിടെയാണു ചേർന്നത്. അവിടെത്തന്നെ ബിഎയ്ക്ക് അഡ്മിഷൻ കിട്ടി. പൊളിറ്റിക്കൽ സയൻസായിരുന്നു വിഷയം. 1968 മുതൽ 73 വരെ അവിടെയാണു പഠിച്ചത്. അന്നു സെന്റ് ജോൺസിൽ ഡിഗ്രിക്കു പൊളിറ്റിക്കൽ സയൻസും മലയാളവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സെക്കൻഡ് ക്ലാസിൽ ബിഎ പാസായി. അന്നു സെക്കൻഡ് ക്ലാസ് കിട്ടുക എന്നു പറഞ്ഞാൽ വലിയ കാര്യമാണ്. എനിക്കു മെറിറ്റിൽ തന്നെ തിരുവനന്തപുരം ലോ കോളജിൽ അഡ്മിഷൻ കിട്ടി. എൽഎൽബി പാസായിക്കഴിഞ്ഞ് എൻറോൾ ചെയ്തു. ആ സമയത്ത് എൽഎൽഎമ്മിനും ചേർന്നു.

അഞ്ചൽ കോളജിൽ പഠിക്കുമ്പോൾ എഐഎസ്എഫിന്റെ വിദ്യാർഥി പ്രസ്ഥാനത്തിൽ സജീവമായിരുന്നു. അഞ്ചൽ കോളജിൽ പഠിക്കുന്ന സമയത്ത് നാലുവർഷം ഞാൻ മൽസരിച്ചു. നാലു പ്രാവശ്യവും തോറ്റു. കാരണം അഞ്ചൽ സെന്റ് ജോൺസ് കോളജ് അന്ന് കെഎസ്‍യുവിന്റെ കോട്ടയായിരുന്നു. ഇപ്പോൾ അതിനു മാറ്റം വന്നു. കോളജിൽ നിന്നിറങ്ങി പുറത്തു മൽസരിച്ച ഒരു മൽസരത്തിലും ഞാൻ തോറ്റിട്ടില്ല.

1976–ൽ ആദ്യമായി ഗ്രാമ പഞ്ചായത്ത് മെമ്പറായി. അതുകൊണ്ട് എൽഎൽഎം പൂർത്തിയാക്കാൻ സാധിച്ചില്ല. എൽഎൽഎം പരീക്ഷ എഴുതാൻ കഴിയാത്തതിൽ നിരാശ ഇപ്പോഴുമുണ്ട്. അന്ന് ഡിഗ്രി എടുത്തിരുന്നെങ്കിൽ ലോ കോളജിൽ ലക്ചറർ ആകാമായിരുന്നു. അതായിരുന്നു എനിക്ക് ഇഷ്ടവും. വക്കീൽ ജീവിതം

പുനലൂരിൽ വർഷങ്ങളോളം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. അഡ്വ. എൻ. രാജഗോപാലൻ സാറിന്റെ കീഴിലായിരുന്നു പ്രാക്ടീസ്. രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളതുകൊണ്ടു ധാരാളം കേസുകളും ഉണ്ടായി. കാശുണ്ടാക്കുകയായിരുന്നില്ല എന്റെ ലക്ഷ്യം. പാർട്ടിയുടെ കേസുകളും പാവപ്പെട്ടവരുടെ കേസുകളും ധാരാളം ഉണ്ടായിരുന്നു. ആ സമയത്ത് ഞാൻ എഐവൈഎഫ്ന്റെ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹിയായിരുന്നു. അതോടൊപ്പം പാർട്ടിയിലും സജീവമായി. പത്തു കൊല്ലം താലൂക്ക് സെക്രട്ടറിയായി പ്രവർത്തിച്ചു.

പിറവന്തൂർ എന്ന സ്ഥലത്ത് ഒരു ജൻമി കുടുംബമുണ്ടായിരുന്നു. അവരെ ആശ്രയിച്ചു കഴിയുന്ന കുറേ കർഷകത്തൊഴിലാളികൾ ഉണ്ടായിരുന്നു. കർഷകത്തൊഴിലാളിയും ജൻമിയുമായി തർക്കമുണ്ടായി. ഒടുവിൽ തൊഴിലാളികളെ ജൻമിയുടെ ഗുണ്ടകൾ മർദിച്ചു. ആ സംഭവുമായി ബന്ധപ്പെട്ട് ഇരുപതിലധികം ക്രിമിനൽ കേസുകൾ അന്നുണ്ടായി. രാജഗോപാലൻ നയർ സാറിന്റെ വക്കീൽ ഓഫിസിനു മുൻപിൽ ഞങ്ങൾ ബോർഡ് വച്ചു – കർഷകത്തൊഴിലാളികൾക്കു സൗജന്യ നിയമ സഹായം. രാജഗോപാലൻ നായർ സാർ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്നു. വളരെയധികം കഴിവുകൾ ഉള്ളയാളായിരുന്നു രാജഗോപാലൻ സാർ. പക്ഷേ, അദ്ദേഹം പുനൂരിൽ മാത്രം ഒതുങ്ങിനിന്നു. അദ്ദേഹത്തിന്റെ ക്രോസ് എക്സാമിനേഷൻ കാണേണ്ടതായിരുന്നു. എന്റെ സീനിയർ ആയതുകൊണ്ടു പറയുന്നതല്ല, അതുപോലൊരാളെ ഞാൻ വേറെ കണ്ടിട്ടില്ല. കർഷകത്തൊഴിലാളികൾക്കു സൗജന്യ നിയമസഹായം എന്ന ബോർഡ് വച്ചപ്പോൾ ജൻമിയുടെ തല്ലു കൊണ്ടവരുടെ കേസുകൾ മാത്രമല്ല ആ നാട്ടിലെ ധാരാളം കേസുകൾ വന്നു. അതൊരു വലിയ അനുഭവമായിരുന്നു.

തിരഞ്ഞെടുപ്പുകൾ

പുനലൂർ മണ്ഡലത്തിൽനിന്ന് 1987ൽ സി.പി. ഐ. സ്ഥാനാർത്ഥിയായി ജെ. ചിത്തരഞ്ജൻ സാർ മൽസരിച്ചു. പി.കെ. ശ്രീനിവാസൻ സാർ മൂന്നു പ്രാവശ്യം മൽസരിച്ചു. സാറിന്റെ മകൻ സുപാൽ മൽസരിച്ചു. മുല്ലക്കര രത്നാകരൻ മൽസരിച്ചു. 1996ൽ ശ്രീനിവാസൻ സാർ മൽസരിച്ചെങ്കിലും വോട്ടെണ്ണലിന്റെ തലേന്ന് അദ്ദേഹത്തിന്റെ നിര്യാണം സംഭവിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മകൻ സുപാലാണ് അവിടെ മൽസരിച്ചത്. തുടരെ അഞ്ചാറ് തിരഞ്ഞെടുപ്പുകളിൽ ഞാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി. ഈ സമയത്തു നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും പുനലൂരിലെ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി ഞാനായിരുന്നു. അതുകൊണ്ടുതന്നെ പുനലൂരിലെ എല്ലാ ജനങ്ങളുമായും ഒരു ആത്മബന്ധം ഉണ്ടാക്കാൻ സാധിച്ചു. എന്നാൽ ഒരിക്കലും ഞാൻ ജില്ലയിൽ ഒട്ടാകെയോ സംസ്ഥാനത്തോ അറിയപ്പെടുന്ന നേതാവായിരുന്നില്ല .

സുപാൽ രണ്ടു ടേം പൂർത്തിയാക്കിയ ശേഷം 2006ലാണു ഞാൻ ആദ്യമായി നിയമസഭയിലേക്കു മൽസരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം കുളത്തൂപ്പുഴ ജില്ലാ പഞ്ചായത്തിൽ നിന്നും വിജയിച്ചിരുന്നെങ്കിലും ആ അഞ്ചു കൊല്ലത്തിനുശേഷം തിരഞ്ഞെടുക്കുന്ന ഒരു സഭയിലും ഞാൻ അംഗമല്ലായിരുന്നു. ആ സമയം ലൈബ്രറി കൗൺസിലിന്റെ പ്രവർത്തകനായി. അപ്പോഴാണ് ഞാൻ ആദ്യമായി നിയമസഭാ സ്ഥാനാർത്ഥിയാകുന്നത്. അപ്രതീക്ഷിതമായി എനിക്ക് എതിർ സ്ഥാനാർഥിയായി വന്നത് എംവി. രാഘവനാണ്. അദ്ദേഹം കേരളം മുഴുവൻ അറിയപ്പെടുന്ന ആൾ. കൂടാതെ മന്ത്രിയും. അദ്ദേഹം എവിടെ നിന്നു മൽസരിച്ചാലും ജയിക്കുന്ന കാലഘട്ടമാണ്. ഒരു നിയോജകമണ്ഡലത്തിൽ അദ്ദേഹം ഒരിക്കൽ മൽസരിച്ചാൽ പിന്നെ മറ്റൊരിടത്തായിരിക്കും മൽസരിക്കുന്നത്. ഞങ്ങൾ അതു നല്ലതുപോലെ പ്രചരിപ്പിച്ചു. അതിനു മുമ്പൊരു തിരഞ്ഞെടുപ്പിൽ ആറൻമുളയിൽ കടമ്മനിട്ട രാമകൃഷ്ണനോടു മൽസരിച്ച് എം.വി. രാഘവൻ പരാജയപ്പെട്ടിരുന്നു. അന്നു കടമ്മനിട്ട സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പ്രസിഡന്റായിരുന്നു. എം.വി. രാഘവൻ പുനലൂരിൽ മൽസരിക്കാനെത്തുമ്പോൾ ഞാൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സ്റ്റേറ്റ് വൈസ് പ്രസിഡന്റാണ്. കടമ്മനിട്ട പുനലൂരിൽ എനിക്കുവേണ്ടി പ്രസംഗിച്ചത് ഇങ്ങനെയാണ്- പ്രസിഡന്റിനോടു തോറ്റ ചരിത്രം എംവിആറിനുണ്ട്. ഇപ്പോൾ വൈസ് പ്രസിഡന്റിനോടാണു മൽസരിക്കുന്നത്. അതുകൊണ്ടു പരാജയം ഉറപ്പാണ്. എം.വി. ആറിനെതിരെ അന്നു ഞാൻ ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു ജയിച്ചത്.

അടുത്ത തിരഞ്ഞെടുപ്പിലും ഞാൻ മൽസരിച്ചു. എതി‍ർ സ്ഥാനാർഥി അഡ്വ. ജോൺസൻ ഏബ്രഹാമായിരുന്നു. എതിർപക്ഷത്ത് കോൺഗ്രസ് സ്ഥാനാർഥി എന്ന പ്രത്യേകതയുണ്ടായി. പുനലൂരിൽ കോൺഗ്രസ് ശക്തമാണ്. പുനലൂർ മധു, സുരേന്ദ്രൻപിള്ള, സാം ഉമ്മൻ തുടങ്ങിയ യുഡിഎഫുകാർ അവിടെ നിന്നു ജയിച്ചിട്ടുണ്ട്. കോൺഗ്രസ് ജയിക്കാൻ പോകുന്നു എന്ന ഒരു പ്രചാരണം അവർ നടത്തി. പക്ഷേ ഞാൻ പതിനെണ്ണായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. കാരണം എന്റെ കഴിവിനും അപ്പുറത്ത് ആ മണ്ഡലത്തെ ഞാൻ സേവിച്ചിരുന്നു. ജനങ്ങൾക്ക് അതിൽ തൃപ്തിയും ഉണ്ടായിരുന്നു.

ആദ്യ തവണ ഞാൻ വിജയിക്കുമ്പോൾ എൽഡിഎഫ് ആയിരുന്നു ഭരണത്തിൽ. അതുകൊണ്ടു നിരവധി കാര്യങ്ങൾ പുനലൂരിൽ ചെയ്യാൻ സാധിച്ചു. പൂട്ടിക്കിടന്ന പേപ്പർ മിൽ തുറക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കു ശമ്പളക്കുടിശിക കൊടുത്തു. പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നടത്തി. ഇരുപത്തഞ്ചു കൊല്ലമായി പൂട്ടിക്കിടന്ന പേപ്പർമില്ലാണ്. ഇനിയതു തുറക്കാൻ പോകുന്നില്ല എന്ന് എല്ലാവരും കരുതിയതാണ്. ഇപ്പോൾ അവിടെ ഉൽപാദനം തുടങ്ങി. പക്ഷേ എല്ലാ മില്ലുകളും വർക്ക് ചെയ്യുന്നില്ല. പണ്ട് ആയിരത്തി ഇരുനൂറോളം തൊഴിലാളികൾക്കു തൊഴിലുണ്ടായിരുന്നു. ഇന്ന് ഇരുനൂറ്റൻപതു പേരേയുള്ളൂ. പൾപ്പ് ഇന്ന് ഇറക്കുമതി ചെയ്യുകയാണ്. പണ്ടു വനത്തിൽ നിന്ന് ഈറയും മുളയും കൊണ്ടുവന്നു പൾപ്പ് നമ്മൾ ഉൽപാദിപ്പിക്കുകയായിരുന്നു.

എന്റെ മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇക്കുറി. മുപ്പത്തിമൂവായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഈ തിരഞ്ഞെടുപ്പിൽ എല്ലാ പഞ്ചായത്തിലും എനിക്കു ഭൂരിപക്ഷമുണ്ടായിരുന്നു. അതിൽ ഞാൻ താമസിക്കുന്ന പഞ്ചായത്തിൽ എണ്ണായിരത്തി ഇരുനൂറ് വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഞാൻ താമസിക്കുന്ന ബൂത്തിലാണ് എനിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടിയത്. ഒരു ബൂത്തിൽ തൊള്ളായിരത്തിനു മുകളിൽ വോട്ടുകിട്ടി മൂന്നു പ്രാവശ്യം തുടർച്ച വിജയിച്ചു എന്നുള്ളതും പുതുമുഖങ്ങളെ മന്ത്രിയാക്കാം എന്നു തീരുമാനിച്ചതുമാണ് എനിക്കു മന്ത്രിസ്ഥാനം കിട്ടാൻ കാരണമെന്നു ഞാൻ വിശ്വസിക്കുന്നു. എന്നെപ്പോലെ തന്നെ മൂന്നാമത്തെ മൽസരമാണു ദിവാകരനും മുല്ലക്കരയ്ക്കുമെല്ലാം. അവർ ആദ്യ തവണ തന്നെ മന്ത്രിയായി. അന്നു ഞാനും എംവിആറിനെ തോൽപിച്ചു സഭയിലുണ്ടായിരുന്നു.

raju മന്ത്രി കെ. രാജു കുടുംബത്തോടൊപ്പം

സംഘർഷങ്ങളും സംഘട്ടനങ്ങളും

പുനലൂരിൽ ധാരാളം പാവപ്പെട്ടവർ ഉണ്ട്. ഉദാഹരണത്തിന് അച്ചൻകോവിലിലെ ആദിവാസികൾ. ആദിവാസികൾ കുളത്തൂപ്പുഴയിലുമുണ്ടെങ്കിലും അച്ചൻകോവിലിലെ ആദിവാസികൾ പട്ടിണിപ്പാവങ്ങളും ഇപ്പോഴും പരിഷ്കാരമെന്തെന്ന് അറിയാത്തവരുമാണ്. അതിൽ ഒരു വിഭാഗക്കാർ വനത്തിൽ പോയാൽ പിന്നെ ഒരു മാസമൊക്കെ കഴിഞ്ഞേ തിരിച്ചുവരുള്ളൂ. മക്കളും ഭാര്യയും ഒക്കെ കൂടെ പോവുകയാണ്. അതുകൊണ്ടു സ്കൂളിൽ പോകാത്ത കുട്ടികൾ ഇപ്പഴും അച്ചൻകോവിലിലുണ്ട്. ആദിവാസികൾക്കുവേണ്ടി സ്കൂളും അവിടെ താമസിക്കാൻ ഹോസ്റ്റലുമൊക്കെയുണ്ടെങ്കിലും ആ വിഭാഗക്കാർ സ്കൂളിലേ പോകാറില്ല. എന്നാൽ നന്നായി പുരോഗതി നേടിയവർ കുളത്തൂപ്പുഴയിലുണ്ട്. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറായിരുന്ന ശശി ആദിവാസിയാണ്. അതുപോലെ ഉയർന്ന ഉദ്യോഗമുള്ള ധാരാളം പേർ ഉണ്ട്. വനത്തിനകത്താണ് അവരുടെ വീട് എന്നേയുള്ളൂ. അച്ചൻകോവിലിൽ നിന്ന് അസുഖം വന്ന ഒരാളെ പുനലൂരിലേക്ക് കൊണ്ടുവരുന്നതു തന്നെ വളരെ ബുദ്ധിമുട്ടിയാണ്. ചെങ്കോട്ട വഴി കറങ്ങിവേണം വരാൻ. അങ്ങനെ സംഭവിച്ച മരണങ്ങളുണ്ട്. അവിടെയൊക്കെ നമുക്കു സാധ്യമായ കാര്യങ്ങൾ ചെയ്യാൻ ഞാൻ മുൻപന്തിയിൽ നിന്നിട്ടുണ്ട്.

സത്യത്തിൽ എനിക്കു പൊതുപ്രവർത്തനത്തിലെ മറക്കാനാകാത്ത അനുഭവങ്ങൾ അതൊക്കെയാണ്. അല്ലാതെ രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ എനിക്കു സംഘർഷങ്ങളും സംഘട്ടനങ്ങളും നേരിടേണ്ടി വന്നിട്ടില്ല.

വിവാദം

മറക്കാനാകാത്ത മറ്റൊരു സംഭവം ശ്രീനിവാസൻ സാറിന്റെ മരണമാണ്. അന്നു ഞാൻ പാർട്ടി മണ്ഡലം സെക്രട്ടറിയായിരുന്നു. എന്റെ പേരാണു സാറിനു ശേഷം ആ മണ്ഡലത്തിൽ മൽസരിക്കാൻ സാധ്യതയെന്നു പൊതുവിൽ ചർച്ച ചെയ്യപ്പെട്ടിരുന്നത്. സാറിന്റെ മരണം വോട്ടെണ്ണലിന്റെ തലേന്നാണ്. ചീഫ് കൗണ്ടിങ് ഏജന്റ് ഞാനാണ്. സാർ മരിച്ചുകിടക്കുന്ന സമയം ഞാനടക്കം വോട്ടെണ്ണലിനു പോകേണ്ടിവന്നു. എണ്ണിയപ്പോൾ ഏഴായിരം വോട്ടുകൾക്കു സാർ വിജയിച്ചു. അതു വല്ലാത്ത ഒരു അനുഭവമായിരുന്നു. തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ എന്റെ പേര് ഉയർന്നു വന്നു. സാധാരണയായി എന്നെയാണ് പരിഗണിക്കേണ്ടത്. പക്ഷേ ആ ഒരു സാഹചര്യത്തിൽ പാർട്ടി സാറിനോടും ആ കുടുംബത്തോടുമുള്ള ആദരവു കണക്കാക്കി മകൻ സുപാലിനെ സ്ഥാനാർഥിയാക്കി. ഞാൻ തന്നെയാണു സുപാലിന്റെയും തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചത്. പക്ഷേ സുപാലിന്റെ സ്ഥാനാർത്ഥിത്വത്തിൽ‌ എനിക്കു നീരസമുണ്ട് എന്നു ചില പത്രങ്ങളിൽ അസത്യ വാർത്ത വന്നു. എനിക്കു വിഷമമുണ്ടാക്കിയ സംഭവമായിരുന്നു അത്. ശ്രീനിവാസൻ സാറാണു ഞങ്ങളുടെ രാഷ്ട്രീയ ഗുരു.

കുടുബം

ഭാര്യ ഡി. ഷീബ ജലസേചന വകുപ്പിൽ സൂപ്രണ്ടിങ് എൻജിനീയർ ആയിട്ടാണു റിട്ടയർ ചെയ്തത്. അതുകൊണ്ടു രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങിയതു മുതൽ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. ഞാൻ പ്രാക്ടീസ് ചെയ്തു കിട്ടിയ വരുമാനമൊക്കെ എന്റെ രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കാൻ സാധിച്ചു. മക്കളുടെ പഠിത്തച്ചെലവൊക്കെ വഹിച്ചത് ഭാര്യയുടെ ശമ്പളത്തിൽനിന്നാണ്. ഞങ്ങൾക്കു രണ്ടു മക്കളാണ്. മൂത്തയാൾ ഋത്വിക് രാജ് തിരുവനന്തപുരം ടെക്നോ പാർക്കിൽ ജോലി ചെയ്യുന്നു. അയാൾ ഇപ്പോൾ വിവാഹം കഴിച്ചു. മരുമകൾ രമ്യ തിരുവനന്തപുരത്തുകാരിയാണ്. രമ്യ ഇപ്പോൾ ശ്രീചിത്ര എൻജിനീയറിങ് കോളജിൽ ടീച്ചറാണ്. ഇളയ മകൻ നിഥിൻരാജ് മാർ ഇവാനിയോസ് കോളജിൽ രണ്ടാം വർഷം ബി.കോമിനു പഠിക്കുന്നു.

യൂനുസ് കുഞ്ഞ്

ഇക്കുറി എന്റെ എതിരാളിയായി മൽസരിച്ചത് മുസ്‍ലിം ലീഗ് ജില്ലാ സെക്രട്ടറിയായ എ. യൂനുസ് കുഞ്ഞ് മുതലാളിയാണ്. അദ്ദേഹത്തെക്കുറിച്ചു പറയാതെ വയ്യ. വോട്ടെണ്ണി കഴിഞ്ഞു ഞാൻ വിജയിച്ച വാർത്ത വന്നപ്പോൾ എന്നെ ആദ്യം വിളിച്ച് അഭിനന്ദിച്ചത് അദ്ദേഹമായിരുന്നു. അതിനടുത്ത ദിവസവും എന്നെ വിളിച്ചു. ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഞങ്ങൾ സംസാരിക്കാറുണ്ട്. പുനലൂരിൽ എന്തിനെങ്കിലും വന്നാൽ എന്നെകാണും.

മന്ത്രിയായിക്കഴിഞ്ഞപ്പോൾ ഓഫിസിൽ വന്ന് അഭിനന്ദിച്ചു. അതിനു മുൻപുള്ള അനുഭവം പറഞ്ഞാൽ നേരെ മറിച്ചാണ്. എംവി. രാഘവനെ ഞാൻ തോൽപിച്ചെങ്കിലും അദ്ദേഹത്തിന് എന്നെ അറിയില്ലായിരുന്നു. ജി. കാർത്തികേയൻ സ്പീക്കറായിരുന്നപ്പോൾ നിലവിലുള്ള എംഎൽഎമാരുടെയും മുൻ എംഎൽഎമാരുടെയും ഒരു ഒത്തുചേരൽ നിയമസഭയുടെ മെംബേഴ്സ് ലോഞ്ചിൽ നടത്തി. ഭക്ഷണവുമൊക്കെയുണ്ട്. എംവി. രാഘവൻ മുൻനിരയിലുണ്ട്. തൊട്ടടുത്ത് ഞങ്ങളുടെ പാർട്ടിയുടെ മുൻ എംഎൽഎ കെ.ആർ. ചന്ദ്രമോഹൻ ഇരിപ്പുണ്ട്. ഞാൻ ചന്ദ്രമോഹൻ സഖാവിന്റെ അടുത്തു ചെന്ന് നിന്നു. പക്ഷേ, എം. വി. രാഘവൻ ഒരു പരിചയഭാവവും കാണിക്കുന്നില്ല. കുറച്ചുകഴിഞ്ഞപ്പോൾ ചന്ദ്രമോഹൻ എം.വി.ആറിനോടു ചോദിച്ചു: ഇയാളെ മനസ്സിലായില്ലേ എന്ന്. അദ്ദേഹത്തിനു പിടികിട്ടുന്നില്ല. ഇതാണു രാജു എന്നു ചന്ദ്രമോഹൻ സഖാവു പറഞ്ഞപ്പോൾ എംവിആർ പറഞ്ഞു: ഇലക്ഷൻ പര്യടനത്തിനു തുറന്ന ജീപ്പിൽ പോകുന്നത് ഞാൻ ഒരിക്കൽ കണ്ടിട്ടുണ്ട് എന്ന്. ഇത്രയേയുള്ള ഞങ്ങൾ തമ്മിലുള്ള അടുപ്പം. മറ്റൊരു എതിരാളി ജോൺസൺ ഏബ്രഹാം. ഇതുവരെ ഒരക്ഷരം സംസാരിച്ചിട്ടില്ല. യൂനുസ് കുഞ്ഞ് അങ്ങനെയല്ല. അദ്ദേഹം വിളിക്കാതെ തന്നെ ഒരു യോഗത്തിൽ എന്നോടൊപ്പം വന്നു. ഞാ‍ൻ പറഞ്ഞു: ‘‘നമുക്കു സ്റ്റേറ്റ് കാറിൽ ഒരുമിച്ചു പോകാം. അവിടെ പത്രക്കാരൊക്കെ ഉണ്ടാവും. അവർക്ക് ഒരു സർപ്രൈസ് ആകട്ടെ. ’’രാഷ്ട്രീയത്തിൽ പലരും പല കാര്യങ്ങളിലും വളരെ സങ്കുചിതമായി പെരുമാറാറുണ്ട്. ആ നിലയിൽ വളരെ വിശാലമായ മനസ്സുള്ള ആളാണ് യൂനുസ് കുഞ്ഞ്.

വകുപ്പുകൾ

വളരെ ഉത്തരവാദിത്തമുള്ള വകുപ്പാണു വനംവകുപ്പ്. ഈ വകുപ്പു കൈകാര്യം ചെയ്തു വീഴ്ചപറ്റി കോടതി പരാമർശത്തെ തുടർന്നു മന്ത്രിസ്ഥാനം പോയവർ കേരളത്തിൽ ഉണ്ടല്ലോ. വനം കയ്യേറ്റവുമായി ബന്ധപ്പെട്ടു ധാരാളം കേസുകൾ പല കോടതികളിലുമുണ്ട്. അത്തരം കേസുകളിൽ എന്തെങ്കിലും നോട്ടപ്പിശകോ വീഴ്ചയോ വന്നാൽ മനപ്പൂർവമെന്ന് ആരോപണം വരും.

മൃഗസംരക്ഷണം, ഡെയറി വകുപ്പുകൾ കൊണ്ട് ജനങ്ങളുടെ നിത്യ ജീവിത പ്രശ്നങ്ങളിൽ ഇടപെടാൻ സാധിക്കും. ക്ഷീര കൃഷിയും ഡേ സൊസൈറ്റികളും ശക്തിപ്പെടുത്തുകയാണ് എന്റെ പ്രധാന ലക്ഷ്യം. കേരളത്തിന് ആവശ്യായ പാൽ ഉൽപാദിപ്പിക്കണം എന്നതാണു സ്വപ്നം. അതിനും പലതും ചെയ്യേണ്ടതുണ്ട്. നല്ല ഫാമുകളെയും പശു വളർത്തുന്നവരെയും പ്രോൽസാഹിപ്പിക്കണം. അതുപോലെ കോഴി വളർത്തലും ഊർജ്ജിതമാക്കേണ്ടതുണ്ട്. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ശിൽപശാല ആരംഭിച്ചു. ജനങ്ങൾക്കു വേണ്ടി വളരെയൊക്കെ ചെയ്യാൻ കഴിയും എന്നാണ് എന്റെ വിശ്വാസം.

Your Rating: