കാണാതാവുന്നു, കണ്ടെത്തുന്നു, ട്വിസ്റ്റൊക്കെയുണ്ട്,ന്നാലും ഇത് ജീവിതമല്ലേ?

ഷിപ്ര മാലിക്

ജോലി കഴിഞ്ഞു തിരികെ വരാനായി ഓട്ടോയിൽ കയറിയതാണ് അവൾ. കുറച്ചു കഴിഞ്ഞപ്പോഴാണ് പറഞ്ഞ സ്ഥലത്തേയ്ക്കല്ലല്ലോ ഡ്രൈവര്‍ പോകുന്നതെന്നു മനസിലായത്. അപ്പോൾ തന്നെ വണ്ടിനിര്‍ത്താൻ പറഞ്ഞെങ്കിലും ഓട്ടോ നിർത്താതെ പാഞ്ഞു. ഒടുവിൽ ഒരു നാലംഗ സംഘത്തിനിടയിലേക്ക്. രണ്ടുദിവസം അവർക്കൊപ്പം എവിടെയൊക്കെയോ.. പക്ഷേ ഒരാൾ പോലും ഉപദ്രവിച്ചില്ലെന്നു മാത്രമല്ല ഭക്ഷണവും മറ്റും നൽകി സംരക്ഷിക്കുകയും െചയ്തു. രണ്ടുദിവസത്തിനു ശേഷം യാത്രാച്ചിലവിനുള്ള പണവും നൽകി ആ പെൺകുട്ടിയെ അവർ റെയില്‍വേ സ്റ്റേഷനു സമീപം ഇറക്കി വിട്ടു. ഏതെങ്കിലും ത്രില്ലിങ് സിനിമാക്കഥയല്ല പറഞ്ഞു വരുന്നത് ഡൽഹിയിലെ പച്ചയായ ജീവിതത്തിൽ യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത ചില പെൺജീവിതങ്ങളെക്കുറിച്ചാണ്. തട്ടിക്കൊണ്ടു പോവുകയാണെന്ന് അറിഞ്ഞ നിമിഷം അവൾ നൽകിയ സന്ദേശമാണ് സ്നാപ്ഡീൽ ജീവനക്കാരിയായ ദീപ്തി സർനയുടെ കഥ പുറത്തറിയാൻ സഹായിച്ചത്. ഒടുവിൽ ഹരിയാന സ്വദേശിയായ ആ യുവതിയുടെ രക്ഷയ്ക്കു പ്രചാരണവുമായി സ്നാപ്ഡീൽ തന്നെ രംഗത്തെത്തുകയും െചയ്തിരുന്നു.

വെറും ഒരു മാസം പോലും തികഞ്ഞില്ല അതേ ഡൽഹി നഗരത്തിൽ സമാനമായ മറ്റൊരു സംഭവം കൂടി. ഇത്തവണ ഇരയായത് ഒരു ഫാഷൻ ഡിസൈനറാണ്. തന്റെ വസ്ത്ര സ്ഥാപനത്തിലേക്കു വേണ്ട സാധനങ്ങൾ വാങ്ങാനായി ചാന്ദ്നി ചൗകിൽ എത്തിയതാണ് ഷിപ്ര മാലിക്. എടിഎമ്മിൽ നിന്നും പണം എടുക്കുന്നതു വരെ സിസിടിവിയിൽ കണ്ടിട്ടുണ്ട്. പിന്നെ അവൾ എവിടെപ്പോയ് മറഞ്ഞുവെന്ന് ആരും അറിഞ്ഞില്ല. കുറച്ചകലെ വച്ച് കീ ഡ്രൈവിംഗ് സീറ്റിനടിയിൽ കാണപ്പെട്ട നിലയിൽ അവളുടെ വാഹനവും കിടപ്പുണ്ടായിരുന്നു. പക്ഷേ മൂന്നുദിവസം കഴിഞ്ഞപ്പോൾ അവളെയും തട്ടിക്കൊണ്ടുപോയവര്‍ വഴിയിൽ ഉപേക്ഷിച്ചിരിക്കുന്നു. ദീപ്തിയുടെ കഥ പോലെ തന്നെ യാതൊരു ഉപദ്രവവും വരുത്താതെ. ഡൽഹിയിൽ ഇക്കഴിഞ്ഞ ഒരു മാസത്തിനിടെ നടക്കുന്ന സമാനമായ രണ്ടാമത്തെ മിസിങ് കേസാണിത്. ഷിപ്രയുടെ സംഭവം ഇങ്ങനെയായിരുന്നു:

നോയിഡ സ്വദേശിയായ ഷിപ്ര മാലിക് എന്ന ഇരുപത്തിയൊമ്പതുകാരിയെയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 29ന് കാണാതായത്. തന്റെ സ്ഥാപനത്തിലേക്കായി ചില സാധനങ്ങൾ വാങ്ങിയതിനു ശേഷം ചാന്ദ്നി ചൗകിൽ നിന്നും തിരിയ്ക്കുന്നതിനിടെ തിങ്കളാഴ്ച ഒരുമണിയോടെയാണ് ഷിപ്രയെ കാണാതായത്. ഷിപ്രയുടെ വാഹനമായ മാരുതി സ്വിഫ്റ്റ് കീ ഡ്രൈവർ സീറ്റിനടിയിൽ കിടന്ന നിലയിൽ പിന്നീടു കണ്ടെത്തിയിരുന്നു. ഫോൺ സ്വിച്ച്ഓഫ് ആകുന്നതിനു മുമ്പായി ഷിപ്ര പതിനഞ്ചു മിനുട്ടോളം നെറ്റ് ഉപയോഗിച്ചിരുന്നതായും ഏതാനും കാളുകൾ ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.പിന്നീടു സുൽത്താന്‍പൂർ ഗ്രാമത്തിലെ തലവനിൽ നിന്നും പോലീസുകാർക്കു വന്ന ഫോൺകോളാണ് സംഭവത്തിൽ വഴിത്തിരിവായത്. ഒരു പെൺകുട്ടിയെ ഗ്രാമത്തിൽ കണ്ടുവെന്നും തന്നെ നാലുപേർ തട്ടിക്കൊണ്ടുേപാവുകയുംം ബസ് സ്റ്റാൻഡിനു സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞെന്നുമാണ് അവര്‍ പോലീസിനെ അറിയിച്ചത്. ‌

തു‌ടർന്ന് ഒരു വനിതാ കോൺസ്റ്റബിൾ അടക്കമുള്ള പോലീസുദ്യോഗസ്ഥരുടെ സംഘം സംഭവ സ്ഥലത്തെത്തി. പിടിക്കപ്പെട്ടാലോ എന്നു കരുതിയാകാം തട്ടിക്കൊണ്ടു പോയവർ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ചതെന്ന് പോലീസുകാർ പറഞ്ഞു. തങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ പോലീസിനെ അറിയിക്കരുതെന്ന് അവർ പറഞ്ഞതായും പെൺകുട്ടി പോലീസിനെ അറിയിച്ചു. മൂന്നു ദിവസവും തന്നെ മൂന്നു സ്ഥലങ്ങളിലാണ് പാർപ്പിച്ചിരുന്നത്. അതേസമയം പെൺകുട്ടി തന്റെ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നില്ലെന്നും നിലപാടുകൾ അടിക്കടി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ലക്ഷ്മി സിംഗ് പറഞ്ഞു. ഷിപ്ര കാണാതായതിനു പിന്നിലെ കാരണങ്ങൾ എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. എന്തായാലും പട്ടാപ്പകൽ പോലും പുറത്തിറങ്ങി നടക്കാൻ ഭയപ്പെടുകയാണ് ഡൽഹിയിലെ പെൺകൊടികൾ. സമൂഹത്തിൽ അത്യാവശ്യം സ്വാധീനമുള്ള ഇടങ്ങളിൽ ജീവിക്കുന്നവരുടെ അവസ്ഥ ഇതാണെങ്കിൽ തികച്ചും സാധാരണക്കാരുടെ ജീവിതത്തിന് എന്ത് ഉറപ്പാണുള്ളത്..?