സ്വന്തം കു‍ഞ്ഞിനെ ഉപേക്ഷിച്ച അമ്മയെ കോടതി വെറുതെ വിട്ടു!

സ്വന്തം കുഞ്ഞിനെ ജനിച്ചയുടൻ ഉപേക്ഷിച്ച മാതാവിനെ കോടതി വെറുതെ വിട്ടു. സംഭവം നടന്നത് അങ്ങ് ഫ്ളോറിഡയിലാണ്. അന്ന വെർലെ എന്ന മുപ്പത്തിയാറുകാരിയാണ് അവിഹിത ബന്ധത്തിൽ ജനിച്ച കുഞ്ഞിനെ ഉപേക്ഷിച്ചത്.

ഗർഭിണിയാണെന്ന വിവരം അന്ന ഭർത്താവിൽ നിന്നും മറച്ചുവച്ചിരിക്കുകയായിരുന്നു. ഗർഭാശയ മുഴ കാരണമാണ് വയർ വീർത്തിരിക്കുന്നതിന് കാരണമെന്നും അവർ അയാളെ പറഞ്ഞു ധരിപ്പിച്ചു.

ഭർത്താവില്ലാത്ത സമയത്തായിരുന്നു കുഞ്ഞിന്റെ ജനനം. വീട്ടിലെ കുളിമുറയിൽ വച്ച് കുഞ്ഞിന് ജന്മം നൽകിയ അന്ന കത്രിക ഉപയോഗിച്ച് പൊക്കിൾക്കൊടി മുറിച്ച് മാറ്റി കുഞ്ഞിനെ ഗൗണിൽ പൊതിഞ്ഞ് തൊട്ടടുത്ത ഫ്ളാറ്റിന്റെ വാതില്ക്കൽ ഉപേക്ഷിക്കുകയായിരുന്നു. ഭർത്താവറിഞ്ഞാൽ തന്നെ കൊല്ലുമെന്നും കുഞ്ഞിനെ നന്നായി വളർത്തണമെന്ന ഒരു കുറിപ്പും വച്ചാണ് അന്ന കഴിഞ്ഞ മെയ് 26ന് കുഞ്ഞിനെ ഉപേക്ഷിച്ചത്.

രണ്ട് കുട്ടികളുള്ള ഇവർ കുടുംബം തകരാതിരിക്കാനാണ് അവിഹിതബന്ധത്തിൽ പിറന്ന ചോരകു‍ഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് കോടതിയിൽ പറഞ്ഞത്. കുട്ടിയെ കളയാൻ താത്പര്യമില്ലായിരുന്നെന്നും കുഞ്ഞിനെ കിട്ടുന്നവർ അവനെ നന്നായി നോക്കാൻ താൻ ഒരു കത്തെഴുതി വച്ചിരുന്നെന്നും അവർ പറഞ്ഞു. 325 പൗണ്ട് പിഴയായി അടയ്ക്കാൻ പറ‍ഞ്ഞ് കോടതി അന്നയെ വെറുതെ വിട്ടു.