സ്‌കൂളില്‍ പോയില്ല; മകളെ കെട്ടിയിട്ട് അമ്മയുടെ ക്രൂരത

സ്കൂളിൽ പോകാൻ മടി കാണിച്ച മകളെ അമ്മ പോസ്റ്റിൽ കെട്ടിയിട്ടപ്പോൾ

ഈ വാർത്ത കേട്ടാല്‍ നിങ്ങൾ ചോദിക്കും ഇവരും അമ്മയോ എന്ന്. സ്‌കൂളില്‍ പോകാന്‍ കൂട്ടാക്കത്തതിന് ഒരമ്മ മകള്‍ക്കു നല്‍കിയ ശിക്ഷയാണിത്. റോഡിലെ പോസ്റ്റില്‍ അവളുടെ കാല്‍ കെട്ടിയിട്ടു മണിക്കൂറുകളോളം നിര്‍ത്തി. എട്ടു വയസുകാരിക്കാണ് ഈ ദുരവസ്ഥ വന്നിരിക്കുന്നത്. മലേഷ്യയിലെ ക്വാലാലംപൂരിലാണ് സംഭവം.

പോസ്റ്റില്‍ ചങ്ങല കൊണ്ടു കെട്ടിയിട്ട കുട്ടിയുടെ കരച്ചില്‍ കണ്ട് അടുത്തുള്ള വാഹനഉടമകളാണ് പ്രശ്‌നം പൊലീസിലറിയിച്ചത്. സ്‌കൂള്‍ യൂണിഫോമോടെയായിരുന്നു അമ്മ മകളെ ചങ്ങല കൊണ്ടു കെട്ടിയിട്ടത്. പൊലീസ് എത്തിയപ്പോള്‍ താന്‍ വികൃതി കാണിച്ചതിന് അമ്മ കെട്ടിയിട്ടതാണെന്നായിരുന്നു കുട്ടി പറഞ്ഞത്.

അമ്മ തിരിച്ചുവരുന്നതു വരെ കാത്തിരുന്നാണ് കുട്ടിക്കു ചങ്ങലയില്‍ നിന്നു മോചനം കിട്ടിയത്. സ്‌കൂളില്‍ പോകാന്‍ മടികാണിക്കുന്നതുകൊണ്ടാണ് മകളെ കെട്ടിയിട്ടതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. ഇനി ഇങ്ങനെ ചെയ്യരുതെന്ന താക്കീതു നല്‍കിയാണ് അമ്മയെ പൊലീസ് വിട്ടയച്ചത്. വിഷയത്തിൽ അന്വേഷണം നടന്നു വരികയാണ്.