Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭയക്കണം, വീട്ടിൽ അമ്മയും അമ്മൂമ്മയും തനിച്ചാണ്!

Representative image Representative image

വീട്ടിൽ തനിച്ചാകുന്ന കൊച്ചുമകൾക്ക് കൂട്ടിരിക്കുന്ന, വീട്ടിലുള്ളവർ ഉത്സവങ്ങൾക്കും മറ്റും പോകുമ്പോൾ വീട് അടച്ചിടാതെ സന്ധ്യാദീപം കൊളുത്തി വീടിനു കാവലിരിക്കുന്ന , ആരെയും ഭയക്കാത്ത ഒന്നിനെയും കൂസാത്ത അമ്മൂമ്മമാർ ഉള്ള ഇന്നലെകൾ നമുക്കുണ്ടായിരുന്നു. നിറമുള്ള ആ ഇന്നലെകൾ നമുക്ക് നൽകിയിരുന്ന സുരക്ഷിതത്വ ബോധം ഒന്ന് അതിരറ്റതാണ്. എന്നാൽ ഇന്ന് നാം ഭയക്കണം, വീട്ടിൽ അമ്മയും അമ്മൂമ്മയും തനിച്ചതാണ് എങ്കിൽ. വാർധക്യത്തിന്റെ ഇളവ്, മനുഷ്യന്റെ അതിരുകടന്ന ലൈംഗീക കാമനകൾക്കുമേൽ ഒരു വിലങ്ങുതടിയാകുന്നില്ല എന്ന തിരിച്ചറിവ് ഓരോ സ്ത്രീയുടെയും അസ്തിത്വത്തിന് തന്നെ മുറിവേൽപ്പിക്കുകയാണ്.

കൊല്ലം കടക്കലിൽ 90 കാരി പീഡനത്തിനിരയായി എന്ന വാർത്ത കേൾക്കുമ്പോൾ അതൊരിക്കലും ഒരു ഞെട്ടിപ്പിക്കുന്ന വാർത്തയാകുന്നില്ല എന്നത് നമ്മുടെ അരക്ഷിതാവസ്ഥയെ നാം അംഗീകരിച്ചു തുടങ്ങി എന്നതിനുള്ള തെളിവാകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ലൈംഗീക പീഡനങ്ങളും പീഡന ശ്രമങ്ങളും താരതമ്യം ചെയ്താൽ മനസിലാകും കണക്കിൽ എത്ര അമ്മമാരും അമ്മൂമ്മാരും സ്ഥാനം പിടിച്ചിരിക്കുന്നു എന്നത്.

മനുഷ്യന്റെ വികലമായ ലൈംഗീക കാഴ്ചപ്പാടുകൾ ആണ് ഇതിന് പിന്നിലെ പ്രധാനകാരണം. ഇക്കൂട്ടർക്ക് ആറും അറുപതും ഒരുപോലെ. മകനെ പോലെ കണ്ട അയൽവാസിയിൽ നിന്ന് പോലും തിരികെ ലഭിക്കുന്നത് കയ്പ്പേറിയ അനുഭവങ്ങൾ. പുറത്തറിഞ്ഞ കഥകൾ ഇത്രയുമെങ്കിൽ അറിയപ്പെടാതെ കുഴിച്ചുമൂടപ്പെടുന്നവ ഇതിലുമേറെ.

നിയമം മാറണം, അതിനു മുൻപ് കാഴ്ചപ്പാടുകളും
ഇനിയും കാരണം കണ്ടെത്താത്ത സമസ്യ പോലെ ലൈംഗീക പീഡന കഥകൾ കേരളത്തിൽ തുടർക്കഥയാകുമ്പോൾ അഴിച്ചു പണി ആവശ്യമായി വരുന്നത് നിയമങ്ങൾക്കോ അതോ മനുഷ്യന്റെ കാഴ്ചപ്പാടുകൾക്കോ? തീർച്ചയായും ശക്തമായ ഒരു നിയമ അടിത്തറ ക്രമ സമാധാനപാലനത്തിനും മേൽപ്പറഞ്ഞ തരം കുറ്റകൃത്യങ്ങൾക്ക് തടയിടുന്നതിനും സഹായിക്കും. എന്നാൽ, അതെല്ലാം കുറ്റം ചെയ്തശേഷമുള്ള കാര്യമല്ലേ? രോഗം വന്നിട്ട് ചികില്‍സിക്കുന്നതിലും ഭേതമല്ലേ രോഗം വരാതെ നോക്കുന്നത്. അപ്പോൾ ആദ്യം മാറേണ്ടത് കാഴ്ചപ്പാടുകൾ തന്നെ.

സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണ്‌. അല്ലാതെ അതിർവരമ്പിട്ടു മാറ്റി നിർത്തപ്പെടേണ്ടവർ അല്ല. സഹജീവി സ്നേഹത്തോടൊപ്പം സഹവർത്തിത്വവും സഹജീവി ബഹുമാനവും ഓരോ വ്യക്തിയിലും വളരണം. ഇതിനുള്ള ആദ്യ ചുവട് വീട്ടിൽ നിന്നുമാണ് ആരംഭിക്കേണ്ടത്. ശരിയായ ലൈംഗീക വിദ്യാഭ്യാസമെന്നത് എങ്ങനെ പ്രത്യത്പാദന പ്രക്രിയയുടെ ഭാഗമാക്കണം എന്നുള്ളതല്ല, മറിച്ച് മറ്റുള്ളവരുടെ ശരീരത്തെയും ചിന്തകളെയും മാനിക്കുകകൂടിയാണ് എന്ന് മനസിലാക്കിക്കണം.

സഹവർത്തിത്വം , ബഹുമാനം , സമൂഹം
മേൽപ്പറഞ്ഞ 3 ഘടകങ്ങളുടെ അപര്യാപ്തതയിലാണ് നമ്മുടെ സമൂഹം വികലമായ ചിന്തകളെ കൊണ്ട് നിറയുന്നത്. മനുഷ്യൻ ഒരു സമൂഹജീവിയാണ് എന്ന് പഠിപ്പിക്കപ്പെടുന്നതിന്റെ ഒപ്പം തന്നെ അവൻ അവനിലേക്ക് തന്നെ ചുരുങ്ങുകയാണ്. പണ്ടുകാലത്തെ അയൽബന്ധങ്ങൾ, പരസ്പര സഹായങ്ങൾ എന്നിവയെല്ലാം ഇന്നലെ കണ്ട സ്വപ്നം മാത്രമായി മാറുമ്പോൾ , എങ്ങനെ സ്വന്തം സുഖവും സംതൃപ്തിയും കണ്ടെത്താം എന്ന് മാത്രമേ മനുഷ്യൻ ചിന്തിക്കുന്നുള്ളൂ. ഈ അവസ്ഥ മാറണം, വാക്കുകളിൽ അല്ല പ്രവൃത്തികളിൽ വിശാലമായ ചിന്തകൾ വരണം.

തുറന്നു പറഞ്ഞാൽ ഒഴുവാകേണ്ട പല പ്രശ്നങ്ങളും മനസ്സിൽ സൂക്ഷിക്കുന്നത് ഒടുവിൽ ഡിപ്രെഷനിലേക്ക് വഴിവയ്ക്കുന്നു. ഒടുവിൽ ആ അവസ്ഥ അക്രമങ്ങളിലേക്കും. ചെറിയ ഒരു കാൽവയ്‌പ്പിൽ , കൂട്ടായ്മയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ള നമ്മുടെ നാട്ടിൽ പ്രതീക്ഷയ്ക്ക് ഇനിയും വകയുണ്ട്. വ്യക്തികളെയും അവരുടെ സ്വകാര്യതയെയും മാനിക്കാൻ മനുഷ്യർ പഠിക്കാത്ത അത്രയും കാലം നമ്മുടെ അമ്മമാരും അമ്മൂമ്മാരും എല്ലാം ഈ സമൂഹത്തിൽ അരക്ഷിതർ തന്നെ.  

related stories
Your Rating: