കാൽചുവട്ടിലെ കാത്തിരിപ്പുകൾ വിഫലം; അവൾ മിഴിതുറന്നില്ല

നോറയ്ക്കു കാവൽ നിൽക്കുന്ന ബാസെറ്റ് ഹൗണ്ട്സ് ഇനത്തിൽപ്പെട്ട നായ്ക്കൾ

കഴിഞ്ഞ ദിവസമാണ് ആശുപത്രി വയറുകൾക്കിടയില്‍ കിടക്കുന്ന ഒരു കുഞ്ഞുപഞ്ഞിക്കെ‌ട്ടു പോലെയുള്ള ശരീരത്തിനു കാവലിരിക്കുന്ന നായ്ക്കളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുമാലാഖ മിഴി തുറക്കാനായി കാത്തിരിക്കുന്ന ഓമന മൃഗങ്ങളുടെ ചിത്രം കണ്ടവരുടെയൊക്കെയും മിഴികൾ നിറച്ചിരുന്നു. നോറ എന്ന നാലുമാസം പ്രായമുള്ള പെൺകുഞ്ഞിനു വേണ്ടിയാണ് വീട്ടിലെ ബാസെറ്റ് ബൗണ്ട്സ് ഇനത്തിൽപ്പെ‌ട്ട നായ്ക്കൾ കാവലിരിക്കുന്ന ചിത്രം പുറത്തുവന്നത്. നോറയുടെ അമ്മ മേരി ഹാൾ തന്നെയാണ് മകളുടെ രോഗം ഭേദമായി അവൾ മിഴി തുറക്കാനായി കാത്തിരിക്കുന്ന നായ്ക്കളുടെ ചിത്രം പങ്കുവച്ചത്. എന്നാൽ ആ കാത്തിരിപ്പു വിഫലമായെന്നു മാത്രമല്ല നോറ എന്നെന്നേക്കുമായി വിടപറയുകയും ചെയ്തു.

നോറയ്ക്കു കാവൽ നിൽക്കുന്ന ബാസെറ്റ് ഹൗണ്ട്സ് ഇനത്തിൽപ്പെട്ട നായ

ഇന്നലെ വൈകീട്ട് മൂന്നരയോടെ ഞങ്ങളുടെ പൊന്നോമന പുത്രി ഒന്നു ചെറുതായി കണ്ണു തുറക്കുകയും അവളുടെ അവസാന ശ്വാസം എടുക്കുകയും ചെയ്തുവെന്നാണ് മേരി ഫേസ്ബുക്കില്‍ കുറിച്ചത്. കാൽക്കീഴിൽ നായ്ക്കൾ ഇരിക്കുന്നതിനിടെയാണ് അവൾ മരിച്ചത്. ഗുഡ് ബൈ മകളേ, നിന്നെ ഞങ്ങള്‍ ഒരുപാട് സ്നേഹിക്കുന്നു... എത്രത്തോളം നിന്നെ ഇനി മിസ് ചെയ്യുമെന്നു പറയാൻ വാക്കുകൾ ഇല്ല...മേരി പറയുന്നു. ആയുർദൈർഘ്യം കുറഞ്ഞ പൾമണറി ഹൈപർടെൻഷൻ എന്ന രോഗത്തോടെയാണ് നോറ ജനിച്ചത്. സ്ട്രോക്ക് ബാധിച്ചു അബോധാവസ്ഥയിലായ നോറ കോമ സ്റ്റേജിലായിരുന്നു.

നോറ

ഡോക്ടർമാരും അവളുടെ കാര്യത്തിൽ പ്രതീക്ഷയ്ക്കു വകയില്ലെന്നു വിധിയ‌െഴുതിയിരുന്നു. മകൾക്ക് അധിക നാളുകളില്ലെന്നും അതിനാൽ നായ്ക്കളെ ദൂരെയുള്ള സഹോദരന്റെ വീട്ടിലേക്കു മാറ്റിപ്പാർപ്പിക്കാൻ പോവുകയാണെന്നും കാണിച്ചാണ് നേരത്തെ മേരി ചിത്രസഹിതം തങ്ങളുടെ അവസ്ഥ പങ്കുവച്ചത്. മകളെ ജീവനുതുല്യം സ്നേഹിക്കുന്ന നായകൾ ഇപ്പോൾത്തന്നെ അവളുടെ അവസ്ഥയിൽ വിഷമത്തിലാണെന്നും ഇനി അവൾ ഈ ലോകം വിട്ടുപോയാൽ അവർക്കു സഹിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്നു കരുതിയാണ് മാറ്റിപ്പാർപ്പിക്കുന്നതെന്നും മേരി പറഞ്ഞിരുന്നു.

നോറയ്ക്കു കാവൽ നിൽക്കുന്ന ബാസെറ്റ് ഹൗണ്ട്സ് ഇനത്തിൽപ്പെട്ട നായ

പക്ഷേ നോറയെ ഏറെ ഇഷ്ടപ്പെടുന്ന നായ്ക്കൾ അവൾക്കൊപ്പം അവസാന നിമിഷം ചിലവഴിച്ചോട്ടെ എന്നു അനുവദിച്ചത് ഡോക്ടർമാർ തന്നെയാണ്. എന്നാൽ നോറയ്ക്കു വേണ്ടി ഉറങ്ങാതെ കാവലിരിക്കുന്ന നായ്ക്കളെ അവളിൽ നിന്നും അവസാന നിമിഷം അകറ്റരുതെന്നും അവ അവളോ‌െടാപ്പെ തന്നെ കഴിയട്ടെ എന്നും പറഞ്ഞ് നിരവധി കമന്റുകളാണ് മേരിയ്ക്കു ലഭിച്ചത്. ഇതോടെ മേരി തന്റെ തീരുമാനം മാറ്റി നായ്ക്കളെ നോറയ്ക്കൊപ്പം തന്നെ പാർപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷേ കാൽചുവട്ടിലെ കാത്തിരിപ്പുകൾക്കു എന്നെന്നേക്കുമായി വിടപറഞ്ഞു പോയിരിക്കുകയാണ് നോറ.