റെസ്റ്റോറന്റിൽ ജോലി ചെയ്ത് ഒബാമയുടെ മകൾ !

റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന ഒബാമയുടെ മകൾ സാഷ

മസചുസറ്റ്സിലെ ഒരു റെസ്റ്റോറന്റിൽ ഇപ്പോൾ പതിവിലും അധികമാണ് തിരക്ക്. പുതുതായി ഒരു പരിശീലക ജോലിയിൽ കയറിയതാണു ഭക്ഷണശാലയിലെ തിരക്ക് ഇത്രത്തോളം വർധിപ്പിച്ചത്. ഭക്ഷണം കഴിക്കാനായി എത്തുന്നവര്‍ക്കെല്ലാം ഈ ജോലിക്കാരിയെ കണ്ടതിലുള്ള അമ്പരപ്പ് ഇതുവരെ വിട്ടുമാറിയിട്ടില്ല. മറ്റൊന്നുമല്ല ആറു സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പമാണ് ഈ കക്ഷി റെസ്റ്റോറന്റിലെത്തുന്നത്. വന്നുകഴിഞ്ഞാൽ ആത്മാർഥതയോടെ തന്റെ ജോലികൾ തുടങ്ങുകയും ചെയ്യും. വെറും ഒരു റെസ്റ്റോറന്റ് തൊഴിലാളിക്ക് ഇത്രയും സുരക്ഷയോ എന്നാണു ഭൂരിഭാഗം പേരുടെയും സംശയം. ആരാണീ പെൺകൊടി എന്നല്ലേ? അമേരിക്കൻ പ്രസിഡന്റ് സാക്ഷാൽ ബറാക് ഒബാമയുടെ പുന്നാരപുത്രി സാഷ എന്ന നടാഷ.

അതെ, വിശ്വസിക്കാൻ ഒരൽപം പ്രയാസം തോന്നുക സത്യം തന്നെയാണ്. ഒബാമയുടെ മകൾക്കു ജീവിക്കാൻ റെസ്റ്റോറന്റിൽ പണിയെടുക്കണമെന്നോ എന്നു ചിന്തിക്കുകയും സ്വാഭാവികം. പക്ഷേ സംഗതി സത്യമാണ്, തന്റെ വേനലവധി പ്രായോഗികമായി ഉപയോഗിക്കാനാണ് സാഷ ഒബാമ എ​ന്ന പതിനഞ്ചുകാരി മസചുസറ്റ്സിലെ നാൻസി റെസ്റ്റോറന്റിൽ ജോലി ചെയ്യുന്നത്. ഏഴുവർഷത്തിലധികം വൈറ്റ്ഹൗസിൽ കഴിഞ്ഞ് സമ്പന്നതയു‌ടെ നടുവിൽ ജീവിച്ച സാഷയുടെ പുതിയ ചുവടുവെപ്പിനെ കൗതുകത്തോടെയാണു പലരും കാണുന്നത്.

ഉച്ചഭക്ഷണസമയത്തേക്കു സ്ഥലം ഒരുക്കുക, ക്യാഷ് രജിസ്റ്റർ മേൽനോട്ടം നടത്തുക തുടങ്ങിയവയാണ് റെസ്റ്റോറന്റിലെ സാഷയുടെ ഉത്തരവാദിത്തം. അതിരാവിലെ ജോലിക്കെത്തുന്ന സാഷ 11.30 ആകുന്നതോടെ ജോലിയെല്ലാം പൂർത്തിയാക്കി തിരികെ പോകും. സുരക്ഷ കണക്കിലെടുത്താണ് നേരത്തെയുള്ള നാലുമണിക്കൂർ ഡ്യൂട്ടി സമയം സാഷ തിരഞ്ഞെടുത്തത്. ഇനി ഇടയ്ക്കാരെങ്കിലും വന്നു സെൽഫിയോ ഫോട്ടോയോ എടുക്കണമെന്നു പറഞ്ഞാൽ സാഷയ്ക്കു തീരെ താൽപര്യമില്ല. കാരണം താൻ ഡ്യൂട്ടി സമയത്തിലാണെന്നു പറഞ്ഞു സൗമ്യമായി തിരികെ അയക്കും.

റെസ്റ്റോറന്റിലെ നീല യൂണിഫോം അണിഞ്ഞ് ജോലിയിൽ വ്യാപൃതയായി ഇരിക്കുന്ന സാഷയു‌ടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്. ഒബാമയുടെയും കുടുംബത്തിന്റെയും ഇഷ്ടഭക്ഷണ സ്ഥലമാണ് ഈ റെസ്റ്റോറന്റ്. എന്നാല്‍ വിഷയത്തിൽ വൈറ്റ് ഹൗസ് പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ഒബാമയുടെ ഭാര്യ മിഷേല്‍ മകളുടെ നിലപാടിനെ പിന്തുണയറിയിച്ചു രംഗത്തെത്തിയിട്ടുണ്ട്. മക്കളെ രണ്ടുപേരെയും സാധാരണക്കാരെപ്പോലെ വളർത്താനാണ് ശ്രമിക്കുന്നതെന്നാണ് ഇക്കാര്യത്തിൽ മിഷേൽ പ്രതികരിച്ചത്.

ഒബാമയും പത്നിയും എന്നും വെളിവെളിച്ചത്തിൽ നിന്നും ഒരകലം പാലിച്ചു സാധാരണക്കാരെപ്പോലെ ജീവിക്കാനാണു മക്കളെ ശീലിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മൂത്ത മകൾ മാലിയയും സമ്മർ ജോബ് ചെയ്തിരുന്നു. 2017ഓടെ ഹാർവാർഡ് സർവകലാശാലയിൽ ചേരാൻ തയ്യാറായിരിക്കുകയാണ് സാഷയും മാലിയയും.