ഒരൊറ്റ കമന്റിൽ അവർ ഒന്നായി !

സോഷ്യല്‍ മീഡിയ ബന്ധങ്ങളെ തകര്‍ക്കുന്നുവെന്നാണ് എപ്പോഴും പരാതി. എന്നാല്‍ ട്വിറ്ററിലൂടെ തന്റെ ജീവിതം വഴിതിരിച്ചുവിട്ട സന്തോഷത്തിലാണ് 24കാരിയായ ലിയോണി സി. 2012ലെ ഒരു രാത്രിയിലായിരുന്നു അത് സംഭവിച്ചത്. സിഡ്‌നി സ്വദേശിയായ സി ഉറക്കമില്ലാതെ വെറുതെ ട്വിറ്റര്‍ നോക്കിയിരിക്കുന്ന സമയത്തായിരുന്നു ഒരു ഗെയ്മിന്റെ ട്യൂട്ടോറിയല്‍ വിഡിയോ കണ്ടത്. അതവളെ ചിരിപ്പിച്ചു.

ആ ചിരി സമ്മാനിച്ച വിഡിയോയുടെ സൃഷ്ടാവിനോട് ഒന്നു നന്ദി പറയാമെന്ന് കരുതിയാണ് അവള്‍ മാറ്റിയാസ് ഹോംബോമിന് ട്വീറ്റ് ചെയ്തത്. സ്വീഡന്‍കാരനായ മാറ്റിയസ് ആയിരുന്നു ആ വിഡിയോയുണ്ടാക്കിയത്. യു ആര്‍ അമേസിംഗ് എന്നായിരുന്നു സിയുടെ ട്വീറ്റ്. ആ ട്വീറ്റ് ഇന്നവരെ പ്രണയിനികളാക്കി തീര്‍ത്തും. അവര്‍ ഒരുമിച്ച് യൂറോപ് മുഴുവന്‍ സഞ്ചരിച്ചു, ഇപ്പോള്‍ സിഡ്‌നിയിലെ ഒരു റിവര്‍സൈഡ് വീട്ടില്‍ ജീവിതം ആഘോഷിക്കുന്നു.

ഒമ്പത് മാസത്തോളം ഓണ്‍ലൈനിലൂടെ സംസാരിച്ച ശേഷമാണ് അവര്‍ ഒന്നിച്ചത്. എന്റെ അച്ഛന്‍ വളരെ സപ്പോര്‍ട്ടീവ് ആയിരുന്നു. അവളെ കാണാന്‍ സിഡ്‌നിയിലേക്ക് പോയപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്തത് അച്ഛനായിരുന്നു. സന്തോഷപൂര്‍വമാണ് സിഡ്‌നിയിലെ എന്റെ ദിനങ്ങള്‍- മാറ്റിയസ് പറയുന്നു.

സാഹസികയാത്രകളോട് താല്‍പ്പര്യമുള്ളവരാണ് രണ്ട് പേരും. നോണ്‍ സ്‌റ്റോപ് അഡ്വഞ്ചറുകളാണ് തങ്ങള്‍ക്ക് താല്‍പ്പര്യമെന്ന് സിയും മാറ്റിയസും പറയുന്നു. അതാണ് അവരെ ഒരുമിപ്പിക്കുന്ന ശക്തമായ ഘടകം. എനിക്ക് നോര്‍വെയിലേക്ക് പോണം. അവിടെ പുതിയ കാര്യങ്ങള്‍ കണ്ടെത്തണം. അതുകൊണ്ട് ഞങ്ങള്‍ ഒരാഴ്ച്ചത്തേക്ക് ഒരു ക്രൂയിസ് ബുക്ക് ചെയ്തിരിക്കുകയാണ്- സി പറയുന്നു.

ഇതൊരു സ്വപ്‌നസാക്ഷാല്‍ക്കാരമാണ്. ഞാന്‍ ജീവിതത്തെ കാണുന്നതുപോലെ തന്നെ അതിനെയെടുക്കുന്ന ഒരാളോടൊപ്പം ആസ്വദിക്കുകയെന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്-സി പറയുന്നു. ഇതുവരെ ഇരുവരും ചേര്‍ന്ന് 12 പ്രണയയാത്രകള്‍ നടത്തിക്കഴിഞ്ഞു. പ്ലാന്‍ ചെയ്യാത്ത യാത്രകളാണ് ഇവര്‍ നടത്താറുള്ളത്. അതാണ് യാത്രകളുടെ രസം പകരുന്നതെന്ന് പറയുന്നു സിയും മാറ്റിയസും.

ജീവിച്ചുതുടങ്ങിയിരിക്കുന്നു ഇവര്‍ രണ്ടുപേരും. സിഡ്‌നിയില്‍ സ്ഥിരതാമസമാക്കിയ യുവമിഥുനങ്ങള്‍ ജോലിയും തരപ്പെടുത്തിയിട്ടുണ്ട്. ലിയോണി ബ്ലോഗ്ഗറായും മാറ്റിയാസ് വീഡിയോ എഡിറ്റിംഗ് ചെയ്തുമാണ് വരുമാനമുണ്ടാക്കുന്നത്. യാത്രകള്‍ക്ക് ഓരോരുത്തരുടെയും ജീവിതം മാറ്റി മറിക്കാന്‍ ശേഷിയുണ്ട്. ഓരോ രാജ്യത്തേക്കും സന്ദര്‍ശനം നടത്തിയ പുതിയ വഴിത്താരകള്‍ വെട്ടിത്തുറക്കുന്നത് ജീവിതം ആസ്വാദ്യകരമാക്കും. അതാണ് ഞങ്ങളുടെ പ്രണയത്തെ പിടിച്ചുനിര്‍ത്തുന്നത്- പുഞ്ചിരിയോടെ ഇരുവരും പറയുന്നു.