അനധികൃത ആസിഡ് വില്‍പനയുടെ വിഡിയോയുമായി ഇരകൾ  

അനധികൃത ആസിഡ് വിൽപനയുടെ ദൃശ്യം

ആസിഡ് ആക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളുടെ എണ്ണം ഏറെ കൂടുതലുള്ള നാടാണ് വടക്കേ ഇന്ത്യ, പ്രത്യേകിച്ചു കാന്‍പൂര്‍ നഗരം. ആസിഡ് അറ്റാക്ക് ഫൈറ്റേഴ്സ് പോലുള്ള സംഘടകളുടെ പ്രവര്‍ത്തനം ഈ മേഖലകളില്‍ ഏറെ സജീവമായിട്ടുപോലും ഇവിടെ അനധികൃത ആസിഡ് വിൽപന പൊടിപൊടിക്കുകയാണ്. സ്ത്രീധനം, പ്രണയം നിരസിക്കല്‍ തുടങ്ങിയ കാര്യങ്ങളുടെ പേരില്‍ പ്രതിവര്‍ഷം നിരവധി പെണ്‍കുട്ടികള്‍ ഇവിടെ ആസിഡ് ആക്രമണത്തിന് ഇരയാകുന്നുണ്ട്. കാൻപൂർ മേഖലയിലെ അനധികൃത ആസിഡ് വിൽപനയുടെ വിഡിയോയുമായി രംഗത്തെത്തുകയാണ് സ്റ്റോപ് ആസിഡ് അറ്റാക്ക് പ്രവർത്തകര്‍.

ആസിഡ് ആക്രമണത്തിന് ഇരയായ ഒരു യുവതിക്ക്  കാന്‍പൂരിലെ ഒരു കടയില്‍ നിന്നും യാതൊരു ബുദ്ധിമുട്ടും കൂടാതെ ആസിഡ് വാങ്ങിക്കാനായി. എന്തിനാണെന്നൊരു ചോദ്യം വന്നതേയില്ല. തന്നെ പോലെ ആസിഡ് ആക്രമണത്തിന് ഇരയായ ഒരാള്‍ക്ക് ആസിഡ് വാങ്ങിക്കാൻ കഴിയുക എന്നത് ഇത്രയും എളുപ്പമുള്ള കാര്യമാണ് എങ്കില്‍, സാധാരണ ജനങ്ങള്‍ക്ക് അത് അതിനെക്കാള്‍ എളുപ്പമായിരിക്കും എന്നു യുവതി പറയുന്നു. 

സ്റ്റോപ്പ് ആസിഡ് അറ്റാക്ക്  എന്ന സംഘടന തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന അനധികൃത ആസിഡ് വില്‍പ്പനയുടെ വിഡിയോയില്‍ യുവതി, ആസിഡ് തുറന്നു റോഡില്‍ ഒഴിച്ച് അതിന്റെ വീര്യം തെളിയുക്കുന്നതായും കാണാം. റോഡില്‍ ആസിഡ് വീണ ഭാഗത്ത് നിന്നും ക്ഷണ നേരം കൊണ്ടാണ് ടാര്‍ ഉരുകിപ്പോയത്. അപ്പോള്‍ ഇത്രയും തീവ്രമായ ഈ ദ്രാവകം മുഖത്തും ശരീരത്തും ഏല്‍പ്പിക്കുന്ന പൊള്ളല്‍ എത്രയെന്ന് ഈ വീഡിയോ ചിന്തിപ്പിക്കുന്നു.  

രാജ്യത്തെ ആസിഡ് വില്‍പ്പന കര്‍ശനമായി നിയന്ത്രിച്ചുകൊണ്ട് സുപ്രീം കോടതിയുടെ ഉത്തരവ് വന്നു എങ്കിലും ആ ഉത്തരവ് കേവലം കടലാസില്‍ മാത്രം ഒതുങ്ങുകയാണ് എന്നു തെളിയിക്കുകയാണ് കാന്‍പൂരില്‍ നിന്നുള്ള ഈ വിഡിയോ. നഗരത്തിലെ അനധികൃത ആസിഡ് വില്‍പ്പനയുടെ കാര്യം ഭരണകൂടത്തെ അറിയിക്കണം എന്ന ആവശ്യത്തോടെയാണ് ഈ വിഡിയോ ജനങ്ങളിലെക്കെത്തുന്നത്. ഉരുകിയൊലിക്കുന്ന മുഖങ്ങള്‍ ആവശ്യപ്പെടുന്ന നീതിയല്ലിത്, മറിച്ച് നാളേക്കു വേണ്ടിയുള്ള കരുതലാണ്.