സൂര്യൻ അസ്തമിച്ചാൽ ഈ കുട്ടികളുടെ ശരീരം തളരും, കണ്ണുതള്ളി ശാസ്ത്രജ്ഞർ!

അബ്ദുൾ റഷീദും ഷൊയ്ബ് അഹമ്മദും ഡോക്ടർക്കും അച്ഛനുമൊപ്പം

പകൽ മുഴുവൻ അവർ സാധാരണ കുട്ടികളെപ്പോലെ കളിക്കും പഠിക്കും ഭക്ഷണം കഴിക്കും ഓടി നടക്കും... പക്ഷേ വൈകുന്നേരമായി സൂര്യൻ അസ്തമിച്ചാൽ പിന്നെ ജീവഛവം പോലെ കിടക്കും.. ഏതെങ്കിലും കഥകളിലെ സാങ്കൽപ്പിക കഥാപാത്രങ്ങളെക്കുറിച്ചല്ല പറയുന്നത് യഥാർഥ ജീവിതത്തിൽ ദുരിതം അനുഭവിക്കുന്ന രണ്ടു കുട്ടികളെക്കുറിച്ചാണു പറയുന്നത്.
ഡോക്ടർമാരെയും ശാസ്ത്രജ്ഞരെപ്പോലും അമ്പരപ്പിക്കുന്ന കാഴ്ച്ചയാണ് പാകിസ്ഥാനിൽ നിന്നു വന്നിരിക്കുന്നത്. പാകിസ്ഥാൻ സ്വദേശികളായ ഒമ്പതും പതിമൂന്നും വയസുള്ള അബ്ദുൾ റഷീദ്, ഷൊയ്ബ് അഹമ്മദ് എന്നീ സഹോദരന്മാരാണു ജനിച്ചയന്നു മുതൽ കേട്ടാൽ അവിശ്വസനീയമെന്നു തോന്നുന്ന ദുരിതവും പേറി ജീവിക്കുന്നവർ.

അബ്ദുൾ റഷീദും ഷൊയ്ബ് അഹമ്മദും

സോളാർ ബോയ്സ് എന്നറിയപ്പെടുന്ന ഇരുവർക്കും സൂര്യന്‍ അസ്തമിക്കുന്നതോടെ അനങ്ങാൻ പോലുമാകില്ല. എന്തെങ്കിലും സംസാരിക്കാനോ ചെയ്യിക്കാനോ ഉണ്ട‌െങ്കിൽ അതെല്ലാം ഇരുട്ടും മുമ്പു ചെയ്തിരിക്കണം. സൂര്യൻ അസ്തമിച്ചാൽ സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കണ്ണുകൾ തുറക്കാനോ പോലും ഇരുവർക്കും കഴിയില്ല. രണ്ടുപേരും ജനിച്ചപ്പോൾ തന്നെ ഈ അവസ്ഥയിലായിരുന്നുവെന്ന് പിതാവ് ഹാഷിം പറഞ്ഞു. സൂര്യനിൽ നിന്നാണു തന്റെ മക്കൾക്ക് ഊർജം ലഭിക്കുന്നതെന്നാണു കരുതുന്നത്.

ഇനി ഇരുവരെയും പകൽ ഇരുട്ടു മുറിയിലടച്ചിട്ടാലോ മഴയത്തു നിർത്തിയാലോ ഒന്നും പ്രശ്നമല്ല, സുഖമായി മറ്റുള്ള കുട്ടികളെപ്പോലെ എല്ലാ ചെയ്തോളും. രാത്രിയാകുന്നതോടെയാണു പ്രശ്നങ്ങളുടെ ആരംഭം.അതേസമയം ഇരുവരുടെയും അവസ്ഥയ്ക്കു കാരണമെന്താണെന്ന് അന്വേഷിച്ചു െകാണ്ടിരിക്കുകയാണ് ഡോക്ടർമാരെന്ന് പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടറായ ജാവേദ് അക്രം പറഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും വലുതായി നല്ലൊരു പ്രൊഫഷൻ സ്വന്തമാക്കുവാനാണ് ഇരുവരുടെയും ആഗ്രഹം. ഷൊയ്ബിന് അധ്യപകനാകുവാനും റാഷിദിന് ഇസ്ലാമിക പ‍ണ്ഡിതനാകുവാനുമാണ് ഇഷ്ടം. ഇരുവരെയും കൂടാതെ മറ്റു മൂന്നു മക്കൾ കൂടി ഹാഷിമിനുണ്ട്, അവർക്കാർക്കും ഇത്തരമൊരു പ്രശ്നമില്ല.