ആ പൊലീസ് ഓഫിസറെത്തി, 18 വർഷം മുൻപ് താൻ രക്ഷപെടുത്തിയ പെൺകുട്ടിയുടെ ബിരുദദാന ചടങ്ങിന്!

പതിനെട്ടു വർഷങ്ങൾക്കു മുമ്പ് ജോസിബെലിനെ രക്ഷിക്കുന്ന പീറ്റർ ഗെറ്റ്സ്, ജോസിബെലിന്റെ ബിരുദദാന ചടങ്ങിന് പീറ്ററിനൊപ്പം

സിനിമകളിലൊക്കെ നാം കണ്ടിട്ടുണ്ട് കുട്ടിക്കാലത്ത് രക്ഷകനായി വന്ന കഥാപാത്രത്തെ പിന്നീടു വളർന്നു വലുതാകുമ്പോൾ കാണുന്നതും പ്രത്യുപകാരം െചയ്യുന്നതുമെല്ലാം. പക്ഷേ സിനിമ കഴിയുന്നതോടെ അതൊരു സാങ്കൽപ്പിക കഥ മാത്രമായി ഒതുങ്ങുന്നു. എന്നാൽ സമാനമായി നിത്യജീവിതത്തിൽ സംഭവിച്ച ഒരു കാര്യമാണിപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്നത്. ജോസിബെല്‍ അപോൻടെൽ എന്ന പെൺകുട്ടിയുടെ ബിരുദദാന ചടങ്ങ് ഇത്തിരി സ്പെഷലായിരുന്നു. തന്റെ കുടുംബവും സുഹൃത്തുക്കളും മാത്രമല്ല അവരേക്കാളൊക്കെ താൻ ആരാധിക്കുന്ന ഒരു വ്യക്തി കൂടിയുണ്ടായിരുന്നു ജോസിബെലിന്റെ ബിരുദ ദാന ചടങ്ങിന്. മറ്റാരുമല്ല പതിനെട്ടു വർഷങ്ങൾക്കു മുമ്പ് തന്റെ ജീവൻ രക്ഷിച്ച പീറ്റർ ഗെറ്റ്സ് എന്ന പോലീസ് ഓഫീസർ ആയിരുന്നു അത്.

ജോസിബെലിന് അഞ്ചു വയസുള്ളപ്പോഴായിരുന്നു ആ ദുരന്തം സംഭവിച്ചത്. അവളും കുടുംബവും താമസിക്കുന്ന അപാർട്മെന്റിനു തീ പിടിച്ചു. തീയും പുകയും നിറഞ്ഞ ആ കെട്ടിടത്തിൽ നിന്നും അബോധാവസ്ഥയിൽ കിടക്കുന്ന ജോസിബെലിനെ വാരിയെടുത്ത് ഓ‌ടുകയായിരുന്നു പീറ്റർ. ജോസിബെലിന്റെ ശ്വാസം നിലക്കുന്നുവെന്നു തുടങ്ങിയതോടെ അവൾക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നൽകി ആ പോലീസുകാരൻ ജീവൻ രക്ഷിച്ചു. ശേഷം ജോസിബെലിനെ പീറ്റർ ആശുപത്രിയിലെത്തിക്കുകയും അങ്ങനെ അവൾ അപകടാവസ്ഥ തരണം ചെയ്യുകയുമായിരുന്നു.

ജോസിബെലിനെ വാരിയെടുത്ത് ഓടുന്ന ഫോട്ടോ തന്റെ വിരമിക്കൽ കാലം വരെയും പീറ്റർ മേശപ്പുറത്തു സൂക്ഷിച്ചിരുന്നു. രക്ഷാപ്രവർത്തനം എന്നതിലുപരി ജോസിബെലിനെ കണ്ടപ്പോൾ തന്റെ പെൺമക്കളെയാണ് ഓർമ വന്നതെന്നു പറയുന്നു പീറ്റർ. ആ അപകടത്തിനു ശേഷം ഇന്നു വരേയും പീറ്റർ ജോസിബെലിന്റെ ക്ഷേമം അന്വേഷിച്ചു പോന്നിരുന്നു. ഈ മാസമാദ്യം ജോസിബെലിന്റെ ബിരുദദാന ചടങ്ങു നടക്കുമ്പോൾ അവൾ ആദ്യമേ ഉറപ്പിച്ചിരുന്നു സദസിൽ തന്റെ നേട്ടം കാണാൻ പീറ്ററും ഉണ്ടായിരിക്കണമെന്ന്. താനിന്നു ജീവിച്ചിരിക്കുന്നത് പീറ്റർ കാരണമാണ് അദ്ദേഹമാണു തനിക്കു രണ്ടാം ജന്മം നൽകിയത് അതുകൊണ്ടാണ് ഈ വിശേഷാവസരത്തിൽ അദ്ദേഹവും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചതെന്ന് ജോസിബെൽ പറയുന്നു.