ഇതാ അച്ചുവിന്റെ അമ്മ, സിനിമയല്ല, ജീവിതം!

സത്യൻ അന്തിക്കാട് പറഞ്ഞ അച്ചുവിന്റെ അമ്മയെ ഓർമ്മയില്ലേ? അച്ചുവിന്റെ അമ്മയെ വെല്ലുന്ന ജീവിതയാഥാർഥ്യവുമായി ഒരു അമ്മയും മകളും മഹാരാഷ്ട്രയിൽ ജീവിക്കുന്നുണ്ട്. 64ാംവയസ്സിൽ അമ്മൂമ്മയാകേണ്ട പ്രായത്തിൽ നാലുവയസുകാരിയായ മോഹിനിയുടെ അമ്മയായി മാറിയ പ്രഭാവതി മുതലാണ് അച്ചുവിന്റെ അമ്മയിലെ വനജയെപ്പോലെയുള്ള അമ്മ. പതിമൂന്ന് വർഷം മുമ്പാണ് മോഹിനിയുടെയും അമ്മയുടെയും കഥ തുടങ്ങുന്നത്.

35 വർഷത്തെ അധ്യാപനജീവിതത്തിൽ നിന്നും വിരമിച്ച് സ്വസ്ഥമായി ഇരിക്കുന്നവേളയിലാണ് മോഹിനി പ്രഭാവതിയുടെ ജീവിതത്തിലേക്ക് വരുന്നത്. നഗരത്തിലെ അറിയപ്പെടുന്ന ശിശുരോഗവിദഗ്ധനാണ് പ്രഭാവതിയുടെ മകന്‍ ഡോക്ടർ മുതൽ. ചാക്കിൽ കെട്ടിയ നിലയിൽ കുപ്പത്തൊടിയിൽ കിടന്ന കുഞ്ഞിന്റെ ദയനീയാവസ്ഥ വഴിപോക്കരിലാരോ പറഞ്ഞാണ് മുതലും നഴ്സുമാരും അറിയുന്നത്. വിവരമറിഞ്ഞെത്തിയവർ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റാൻ തുഞ്ഞിനപ്പോൾ അമ്മയെന്ന് അവകാശപ്പെടുന്ന നാടോടിസ്ത്രീ അധികൃതരെ തടഞ്ഞു. ഭീഷണിയ്ക്ക് വഴങ്ങി അവസാനം അവർ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. കാഴ്ച്ചയില്ലാത്ത കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച നിലയിലാണ് ആശുപത്രി അധികൃതർക്ക് കിട്ടുന്നത്. തലച്ചോറിന്‌ ക്ഷതമേറ്റ കുഞ്ഞിന്റെ ഒരുവശം തളർന്നിരുന്നു. അതോടൊപ്പം കടുത്ത പനിയുമുള്ള കുട്ടിയെ നാടോടിസ്ത്രീക്ക് വിട്ടുനൽകില്ലെന്ന തീരുമാനത്തിൽ അധികൃതർ പൊലീസിനെ അറിയിച്ചു.

കുഞ്ഞിന്റെ അവസ്ഥ മകനിൽ നിന്നും കേട്ടറിഞ്ഞ പ്രഭാവതി അവളെ പരിചരിച്ചു, പനിവിട്ടുമാറുന്നതുവരെ ഉറക്കമിളച്ച് കൂട്ടിരുന്നു. കുഞ്ഞിനെ ഇനി ഒരിക്കലും തെരുവിന് വിട്ടുകൊടുക്കില്ലെന്ന നിശ്ചയത്തോടെ ദത്തെടുക്കാൻ തീരുമാനിച്ചു. എന്നാൽ ജുവനൈൽ വെൽഫയർ ബോർഡിന്റെ നിയമങ്ങൾ ദത്തെടുക്കലിന് തടസ്സമായിരുന്നു. ഇതിനെതിരെ പ്രഭാവതി പോരാടി നിയമപോരാട്ടത്തിന്റെ രണ്ടുവർഷത്തിനൊടുവിൽ കുഞ്ഞിനെ പ്രഭാവതിക്ക് നൽകാൻ കോടതി ഉത്തരവിറക്കി. കോടതി ഉത്തരവിലൂടെ പ്രഭാവതി അഞ്ചുവയസ്സുകാരിയുടെ അമ്മയായി. അവൾക്ക് മോഹിനിയെന്ന പേരുനൽകി.