ബിസ്ക്കറ്റ് മാത്രം കഴിച്ച് ജീവൻ നിലനിർത്തുന്നൊരു പെണ്‍കുട്ടി !

രാമവ്വ

നമുക്കെല്ലാവർക്കും ഭക്ഷണകാര്യമെടുത്താൽ ചില സ്പെഷൽ ഇഷ്ടങ്ങൾ ഉണ്ടാകും. ചിലർക്കു ചോക്കലേറ്റുകളും ഐസ്ക്രീമുമൊക്കെ എത്രകഴിച്ചാലും മതിയാവില്ല, ചിലർക്കു ഫ്രൂട്ട്സിനോടാവും പ്രിയ്യം, ഇനിയും ചിലർ നോൺവെജ് വിഭവങ്ങൾ മുന്നിൽ കണ്ടാൽ കൺട്രോൾ പോകുന്നവരാണ്. പക്ഷേ ഇഷ്ടമാണെന്നു കരുതി ആജീവനാന്തം നമുക്ക് അതു കഴിച്ചു ജീവിക്കാൻ പറ്റുമോ? ഇല്ലേയില്ല, നാലുനേരം ചോക്കലേറ്റ് മാത്രം കഴിക്കുമ്പോൾ പിന്നെ മടുപ്പാവും. ഇതു സാധാരണമാണ്, എന്നാൽ കർണാടകയിൽ നിന്നുള്ള ഒരു പതിനെട്ടുകാരി ജീവിക്കുന്നത് ഒരേ ഒരു സാധാനം മാത്രം കഴിച്ചാണ്. അതു പാർലി ജി ബിസ്ക്കറ്റ് ആണ്.

രാമവ്വ എന്നു പേരുള്ള ഈ പെൺകുട്ടി സാധാരണ മനുഷ്യരെപ്പോലെ ചോറോ ചപ്പാത്തിയോ പഴങ്ങളോ ഒന്നും കഴിക്കുന്നില്ല, പാർലി ജി ബിസ്ക്കറ്റിൽ ആണ് അവൾ തന്റെ ജീവൻ നിലനിര്‍ത്തുന്നത്. ദിവസത്തിൽ ആറോ ഏഴോ ബിസ്ക്കറ്റ് പായ്ക്കറ്റുകള്‍ക്കൊപ്പം പാലും മാത്രമാണ് രാമവ്വയുടെ ഭക്ഷണം. നേരത്തെ രാമവ്വയ്ക്കു മറ്റു ഭക്ഷണങ്ങൾ കൊടുത്തു ശീലിപ്പിക്കാൻ മാതാപിതാക്കൾ ശ്രമിച്ചിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടില്ല,

കർഷകരുടെ മകളായ രാമവ്വ പിഞ്ചുകുഞ്ഞായിരുന്ന സമയത്തും മുലപ്പാലിനേക്കാൾ ബിസ്ക്കറ്റും പശുവിൻ പാലും ആണു നൽകിയിരുന്നത്. ഇതായിരിക്കാം വലുതായപ്പോഴും രാമവ്വയെ പാർലി ജി ബിസ്ക്കറ്റ് മാത്രം കഴിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണു കരുതുന്നത്. ഇതുവരെയും തനിക്കു മറ്റൊരു ഭക്ഷണവും കഴിക്കാൻ തോന്നിയിട്ടില്ലെന്നാണു രാമവ്വ പറയുന്നത്. ഏതെങ്കിലും അവസരത്തിൽ പാർലി ജി കമ്പനി തങ്ങളുടെ ഉൽപാദനം നിർത്തിയാൽ എന്തു ചെയ്യുമെന്ന് അറിയില്ലെന്നും രാമവ്വ പറയുന്നു.

ഭാവിയിൽ വിവാഹജീവിതത്തിന് രാമവ്വയുടെ ഈ ശീലം തടസമാകുമോ എന്ന ആധിയിലാണിപ്പോൾ ഈ കുടുബം. പോഷകമുള്ള ഭക്ഷണങ്ങൾ കഴിക്കാത്തതുകൊണ്ടു തന്നെ പന്ത്രണ്ടോ പതിമൂന്നോ വയസു പ്രായമുള്ള പെൺകുട്ടിയെപ്പോലെയാണ് രാമവ്വയിപ്പോൾ. നേരത്തെ രാമവ്വയുടെ ഇരട്ടസഹോദരനും ഇതുപോലെയായിരുന്നു ഭക്ഷണശീലമെങ്കിലും പിന്നീടു മറ്റുള്ള ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയിരുന്നു.