ഇവൻ 'ഭൂമി'യെ പ്രണയിച്ച സഞ്ചാരി 

രതീഷ് യാത്രയ്ക്കിടയിൽ

യാത്രകൾ പലവിധമുണ്ട്, യാത്രകളെ സ്നേഹിക്കുന്നവരും. ചിലർ കാഴ്ചകൾ കാണാനായി ഊര് ചുറ്റുന്നു, ചിലർ സംസ്കാരത്തിലെ വൈവിധ്യം തേടി, മറ്റുചിലർ പ്രകൃതിയുടെ രഹസ്യങ്ങളുടെ കലവറ തേടി, ഇങ്ങനെ വ്യത്യസ്തമായ യാത്രകളും യാത്രികരും അക്കമിട്ട് നിരക്കുമ്പോൾ, ഇതിൽ ഒന്നും പെടാത്ത ഒരു വ്യക്തിയെ പരിചയപ്പെടാം. മറ്റേതൊരു സഞ്ചാരിയും പോലെ യാത്രകൾ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരുവൻ, എന്നാൽ ഓരോ യാത്രയിലും ഇവൻ തേടുന്നത് മേൽപ്പറഞ്ഞ വൈവിധ്യങ്ങൾ ഒന്നുമല്ല, മറിച്ച് ഭൂമിയുടെ മറ്റൊരു മുഖമാണ്. 
 
അതെ, ഭൂമിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയാൽ, മലപ്പുറം സ്വദേശിയായ രതീഷിന് 1000 നാവാണ്. ഏതൊരു സഞ്ചാരിയുടെയും യാത്രകളിൽ ഷോപ്പിംഗും മാളുകളും ട്രെക്കിംഗും ഒക്കെ സ്ഥാനം പിടിക്കുമ്പോൾ , രതീഷ്‌ തേടുന്നത് പർവതങ്ങളും സമതലങ്ങളും പീടഭൂമികളും മരുഭൂമികളും ആണ്. ഒരു സാധാരണ സഞ്ചാരിക്ക്, അത്ര സുഖകരമായി തോന്നാത്ത പല സ്ഥലങ്ങളും രതീഷിന്റെ കണ്ണിൽ അത്ഭുതം നിറയ്ക്കും. അപ്പോൾ, ഈ സഞ്ചാരിക്ക് ഒരു പ്രത്യേകതയുണ്ട്, എന്താണ് എന്നല്ലേ??  ഭൂമിശാസ്ത്രം പഠിച്ച് അതിലൂടെ ഭൂമിയെ പ്രണയിച്ച വ്യക്തിയാണ് രതീഷ്‌. 

കണ്ണൂർ സർവകലാശാലയിൽ ഭൂമിശാസ്ത്ര വിഭാഗം അധ്യാപകനായ രതീഷിന്റെ യാത്രാ മോഹങ്ങൾക്ക് ചിറകു മുളക്കുന്നത്, ബിരുദത്തിന് മുഖ്യ വിഷയമായി ഭൂമിശാസ്ത്രം എടുത്തത് മുതലാണ്‌. നാം, ഈ കാണുന്നത് ഒന്നുമല്ല ഭൂമി, മനുഷ്യ ശരീരം പോലെ തന്നെ വളരെ സങ്കീർണ്ണമാണ് അതിന്റെ നിലനിൽപ്പ്‌. ആ സങ്കീർണതയോട് തോന്നിയ പ്രണയമാണ് രതീഷിനെ ഒരു സഞ്ചാരിയാക്കിയത്. ഡിഗ്രി കാലഘട്ടത്തിൽ ഭൂമിശാസ്ത്രം പഠിപ്പിക്കാനെത്തിയ ജിഷ്ണു വർദ്ധൻ എന്ന അധ്യാപകനാണ് ഭൂമിയെ ഇങ്ങനെ ഒരു അന്തവും കുന്തവും ഇല്ലാതെ പ്രണയിക്കാൻ പഠിപ്പിച്ചത്. ഫോട്ടോഗ്രഫിയോട് ഉള്ള കമ്പം കൂടിയായപ്പോൾ , പിന്നെ വേറൊന്നും ചിന്തിച്ചില്ല യാത്രകൾ ജീവിതത്തിന്റെ ഭാഗമാക്കി. യാത്രകൾ എല്ലാം കാമറയിൽ പതിപ്പിച്ച് കാംറെഡ് എന്ന പേരിൽ ഫേസ്ബുക്കിലും രതീഷ്‌ സജീവമാണ് 

ഒരു സാധാരണ സഞ്ചാരിക്ക്, അത്ര സുഖകരമായി തോന്നാത്ത പല സ്ഥലങ്ങളും രതീഷിന്റെ കണ്ണിൽ അത്ഭുതം നിറയ്ക്കും. അപ്പോൾ, ഈ സഞ്ചാരിക്ക് ഒരു പ്രത്യേകതയുണ്ട്

കണ്ണൂർ മുതൽ കാശ്മീർ വരെ സഞ്ചരിച്ചെത്താൻ പിന്നീട് അധികം കാലമൊന്നും വേണ്ടി വന്നില്ല. ഒരു ഭൗമശാസ്ത്രജ്ഞന്റെ ഭാഷയിൽ പറഞ്ഞാൽ, തെക്കേ ഇന്ത്യയുടെ ഇങ്ങേ മൂലയിൽ നിന്നും അങ്ങനെ ഒതുക്കി തുടങ്ങി. ഹരിദ്വാർ , കേദാർനാഥ്‌, ബദരിനാഥ് എന്നിങ്ങനെ തുടങ്ങി ഹിമാലയത്തിലെ - ലഡാക്ക് വാലി എന്നിങ്ങനെ യാത്രകൾ നീണ്ടു. 

''ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്, അത് കൊണ്ട് തന്നെ ഓരോ യാത്രയും മനസ്സില്‍ നിറഞ്ഞു നിൽക്കുന്നു. ''  രതീഷ്‌ പറയുന്നു. ആദ്യകാല യാത്രകളിൽ എന്നും മനസ്സിൽ നിൽക്കുന്നത് ഹിമാലയൻ യാത്രയിൽ പൂക്കളുടെ താഴ്‌വര (വാലി ഓഫ് ഫ്ലവേഴ്സ് ) സന്ദർശിച്ചതാണ്. മോശം സാഹചര്യങ്ങളെ വക വയ്ക്കാതെ 36 കിലോമീറ്റർ ദൂരമാണ് അന്ന് ട്രെക്ക് ചെയ്തത്.

കൈവശം ഉള്ളത് ഭൂമിശാസ്ത്രം ആയതുകൊണ്ടു തന്നെ, മാപ്പ് ഉപയോഗിച്ചാണ് ഒരി യാത്രയും. നോര്‍ത്ത് ഇന്ത്യയാണ് കൂടുതൽ താൽപര്യം. ഹരിദ്വാറിൽ നിന്നും ബദ്‌രിനാഥിലേക്ക് 300 കിലോമീറ്റർ ബസിന്റെ ഫുട്ബോർഡിൽ ഇരുന്നു യാത്ര ചെയ്തതും വെള്ളം പോലുമില്ലാതെ രാജസ്ഥാൻ കറങ്ങിയതുമെല്ലാം യാത്രകളിലെ ചില മറക്കാത്ത സ്മരണകൾ.

യാത്ര ചെയ്യുമ്പോൾ ടീം ഒരു നല്ല ഘടകമാണ് , അത് കൊണ്ട് തന്നെ ഒട്ടുമിക്ക യാത്രകൾക്കും കൂടെ 2  പേര് കൂടിക്കാണും. പണ്ട് മുതൽ ഒരുമിച്ച് കളിച്ചു വളർന്ന കൂട്ടുകാരായ മുജീബും റസാക്കും. ബൈക്ക് യാത്രകളും പരീക്ഷിക്കാതിരുന്നില്ല, എന്നാൽ അത് തെക്കേ ഇന്ത്യയിൽ മാത്രമായി ഒതുക്കി. യാത്രകൾ ഹരമാണ് 3 പേർക്കും എന്നതാണ് ഇവരെ 3 പേരെയും എന്നും ഒന്നിച്ചു നിർത്തുന്ന ഘടകം. മുജീബ് രതീഷിനെ പോലെ തന്നെ അധ്യാപകനാണ്. റസാക്ക് ഫോട്ടോഗ്രാഫറും. 

ഇടക്ക് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ പയ്യന്നൂർ കാമ്പസ്സിൽ നിന്നും കാണാതായാൽ വിദ്യാർത്ഥികൾക്ക് യാതൊരു വിധ പേടിയുമില്ല. യാത്ര കഴിഞ്ഞ്, ഭൂമിയോട് തന്റെ പ്രണയം പങ്കു വച്ച്, മനസ്സ് നിറയെ അനുഭവങ്ങളുമായി ഉടൻ വരും രതീഷ്‌ എന്ന അദ്ധ്യാപകൻ

കുളു - മനാലി- ഷിംല യാത്രകൾ കാഴ്ചകൾ കൊണ്ടും അനുഭവം കൊണ്ടും രതീഷിന്റെ മനസ്സിൽ വേറിട്ട്‌ നിൽക്കുന്നു. യാത്രക്കിടയിൽ അൽപം സാഹസത്തിനു മുതിരാനും ഈ അധ്യാപകന് മടിയില്ല. ലഡാക്ക് യാത്രയിൽ യാത്രികർ കഴിവതും ഒഴിവാക്കുന്ന ഒന്നാണ് അപകടങ്ങൾ പതിയിരിക്കുന്ന സോജില പാസ്, എന്നാൽ ആദ്യമായ് ലഡാക്ക് സന്ദർശിച്ചപ്പോൾ തന്നെ സോജില പാസും രതീഷ്‌ കീഴടക്കി.  പിന്നീട്, മൌന്റ്റ് അബു, ജയ്സാൽമർ , ഡറാഡൂൺ, മുസോറീ അങ്ങനെ യാത്രകളുടെ നിര നീളുന്നു. 

പിജിക്ക് അഡ്മിഷൻ ഫോം വാങ്ങാൻ എന്ന് വീട്ടിൽ പറഞ്ഞ് മധുരൈയ്ക്ക് പോയ യാത്രയാണ് കൂട്ടത്തിൽ ഏറെ സാഹസികം എന്നു പറയുന്നു രതീഷ്‌. മധുരൈ സർവകലാശാലയിൽ നിന്നും നേരിട്ട് ഫോം വാങ്ങണം എന്ന പേരിൽ ആയിരുന്നു ആ യാത്ര. '' അതൊരു യാത്രതന്നെ ആയിരുന്നു. കയ്യിൽ ആവശ്യത്തിനു പണം ഇല്ല, എന്നിട്ടും രാമേശ്വരം പോയി. ചൂടുകാലം ആയിരുന്നു. ചൂടുകൊണ്ട്  ഉരുകുമ്പോൾ പോലും റൂം എടുക്കാൻ കയ്യിൽ പണമില്ല. റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങി. എന്നിട്ടും അബദ്ധം പറ്റി എന്ന തോന്നൽ ഉണ്ടായില്ല.'' രതീഷ്‌ പറയുന്നു 

ഇപ്പോഴും അങ്ങനെ തന്നെ, യാത്രകൾ ഒരിക്കലും മടുക്കുന്നില്ല. ഇടക്ക് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ പയ്യന്നൂർ കാമ്പസ്സിൽ നിന്നും കാണാതായാൽ വിദ്യാർത്ഥികൾക്ക് യാതൊരു വിധ പേടിയുമില്ല. യാത്ര കഴിഞ്ഞ്, ഭൂമിയോട് തന്റെ പ്രണയം പങ്കു വച്ച്, മനസ്സ് നിറയെ അനുഭവങ്ങളുമായി ഉടൻ വരും രതീഷ്‌ എന്ന അദ്ധ്യാപകൻ എന്ന് അവർക്കറിയാം.