രേഷ്മ ഖുറേഷി, ഉരുകിയൊലിച്ച കണ്ണുകളിലൂടെ സ്നേഹം പരത്തുന്നവൾ

ഇവൾ രേഷ്മ ഖുറേഷി, കണ്ണുകൾ ചിമ്മാതെ ഒരു പക്ഷെ നമുക്ക് ഈ പെൺകുട്ടിയുടെ മുഖത്തേക്ക് അഞ്ചോ - പത്തോ നിമിഷത്തിൽ കൂടുതൽ നോക്കി നിൽക്കാനാവില്ല. കണ്ണുകൾ ചിമ്മുമ്പോഴേക്കും മനസാക്ഷി മരിക്കാത്തവരാണു നിങ്ങൾ എങ്കിൽ ആ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരിക്കും. ആസിഡ് ആക്രമണ ഇരകളുടെ ഇന്ത്യയില്‍ ജീവിക്കുന്ന രക്തസാക്ഷിയാണ് ഈ യുവതി. എന്നാൽ, തന്നെ നോക്കുന്നവരുടെ സഹതാപമല്ല രേഷ്മ ആഗ്രഹിക്കുന്നത്.  ഉരുകിയൊലിച്ച ആ മുഖത്തെ നിർജീവമെന്ന് തോന്നിക്കുന്ന കണ്ണുകളിലൂടെ സ്നേഹം പരത്തുകയാണ് ഈ യുവതി. ഉറച്ച ഹൃദയത്തോടെ ലോകത്തെ നോക്കിക്കാണുന്ന, പ്രതിബന്ധങ്ങളെ മറികടക്കാൻ ശ്രമിക്കുന്ന രേഷ്മയുടെ ഒരേയൊരു ആഗ്രഹം ആസിഡ് ആക്രമണത്തിന് മറ്റാരും ഇനി ഇരയാവരുത് എന്നതു മാത്രം. 

രേഷ്മയുടെ കഥയിങ്ങനെ..

കേസുകൾ ഏറെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എങ്കിലും വടക്കേ ഇന്ത്യയിൽ ആസിഡ് ആക്രമണങ്ങൾ വർധിച്ചു കൊണ്ടേയിരിക്കുകയാണ്.  അതിലൊരുവളാണ് രേഷ്മ ഖുറേഷി. ആസിഡ് ആക്രമണങ്ങൾ ഇവിടെ പുത്തരിയല്ല എന്നതുകൊണ്ടു തന്നെ ഈ പെൺകുട്ടിയുടെ നിയമപരമായ പോരാട്ടങ്ങൾ എവിടെയും എത്താതെ അവസാനിച്ചു. 

തന്റെ 18ാം വയസിലാണ് രേഷ്മ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. സ്വന്തം സഹോദരിയുടെ ഭർത്താവും സുഹൃത്തുക്കളും ചേർന്നാണ് രേഷ്മയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. മരണം മുഖാമുഖം കണ്ട രേഷ്മ വളരെ കഷ്ടിച്ചാണു രക്ഷപ്പെട്ടത്. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് രേഷ്മ ജീവിതത്തിലേക്കു തിരിച്ചെത്തിയത്. എന്നാൽ അപ്പോഴേക്കും ആരും കണ്ടാൽ കൗതുകം ജനിക്കുന്ന അവളുടെ മുഖം തീർത്തും വിരൂപമായി തീർന്നിരുന്നു. 

18ാംവയസിൽ ആ യുവതിക്ക് മുന്നിൽ ജീവിതം ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിച്ചു. ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നിൽ പകച്ചു നിന്ന രേഷ്മ, താൻ വിധിക്കു മുന്നിൽ തോൽക്കില്ല എന്ന ഉറച്ച തീരുമാനത്തിലേക്കാണ് എത്തിച്ചേർന്നത്. മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനുള്ള വഴി കണ്ടെത്തണം എന്ന രേഷ്മയുടെ ആഗ്രഹം ചെന്നവസാനിച്ചത് 'മെയ്ക്ക് ലവ് നോ സ്‌കേഴ്‌സ് എന്ന എന്‍. ജി. ഒ യിലാണ്. ആസിഡ് ആക്രമണത്തിന് ഇരകളായ യുവതികളെ സംരക്ഷിക്കുകയും അവരെ സ്വന്തം കാലിൽ നിൽക്കുന്നതിനായി പരിശീലിപ്പിക്കുകയും ചെയ്യുന്ന സംഘടനയാണ് 'മെയ്ക്ക് ലവ് നോ സ്‌കേഴ്‌സ്. 

സ്വന്തം മുഖം വികൃതമായെങ്കിലും സൗന്ദര്യത്തിന്റെ വക്താവായി മാറാൻ ആയിരുന്നു രേഷ്മയ്ക്ക് ഇഷ്ടം. സൗന്ദര്യ പരിചരണത്തിൽ രേഷ്മ ഖുറേഷി കൂടുതൽ ശ്രദ്ധ നൽകി. ആസിഡ് ആക്രമണത്തെ അതിജീവിച്ച രേഷ്മ ഖുറേഷിയുടെ ‘ബ്യൂട്ടി ടിപ്‌സ്’ വീഡിയോ കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയിരുന്നു. രാജ്യത്തെ അനിയന്ത്രിതമായ ആസിഡ് വില്‍പ്പനക്കെതിരായ ക്യാംപെയിന്‍ എന്ന നിലയിലാണ് ‘ബ്യൂട്ടി ടിപ്‌സ് ബൈ രേഷ്മ’ എന്ന വിഡിയോ ശ്രദ്ധേയമായത്. രാജ്യത്തു ചര്‍ച്ചയായ ആ ക്യാംപെയിനിനു പിന്നീട്  കാൻ പരസ്യ ചിത്ര മേളയിലും വൻ വരവേൽപ്പു ലഭിച്ചു.  കാനിലെ ഗ്ലാസ് ലയണ്‍ ഫോര്‍ ചേഞ്ച് അവാര്‍ഡ് ആണ് ക്യാംപെയിന്‍ വീഡിയോക്കു ലഭിച്ചിരിക്കുന്നത്.

2015ലാണ് യൂട്യൂബില്‍ പ്രസ്തുത വീഡിയോ അപ്‌ലോഡ് ചെയ്തത്. ഇതിനകം 17 ലക്ഷം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. അനിയന്ത്രിതമായ ആസിഡ് വില്‍പ്പനക്കെതിരെ ഒപ്പുശേഖരണം ലക്ഷ്യമിട്ടായിരുന്നു  ക്യാംപെയിനുകള്‍ സംഘടിപ്പിച്ചിരുന്നത്.  3 ലക്ഷത്തോളം പേര്‍ ഒപ്പുശേഖരണത്തില്‍ അണിചേര്‍ന്നു.

ഫാഷന്റെ ലോകത്തേക്ക്...

ക്യാംപെയിനോടെ രേഷ്മ ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ആ നേട്ടത്തേക്കാൾ ഏറെ സന്തോഷം  നൽകുന്ന മറ്റൊരു വാർത്തയാണ് ഇന്നു രേഷ്മ ഖുറേഷിയെത്തേടി എത്തിയിരിക്കുന്നത്. 'മെയ്ക്ക് ലവ് നോ സ്‌കേഴ്‌സ്ന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ നടക്കുന്ന ഫാഷന്‍ വീക്കിലേയ്ക്ക് സംഘാടകര്‍ രേഷ്മയെ നേരിട്ടു ക്ഷണിച്ചിരുന്നു. ഇന്ത്യക്കു പുറത്തു മറ്റൊരു സ്ഥലത്തും പോകാത്ത രേഷ്മ തനിക്കു ലഭിച്ച അവസരത്തെ വളരെ പ്രതീക്ഷയോടെയാണു  കാണുന്നത്. സെപ്റ്റംബറിലാണു ഫാഷന്‍ ഷോ. ലേഗി ഗാഗ, മഡോണ എന്നിവരാണു ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്ന മറ്റു പ്രമുഖര്‍.

ആസിഡ് ആക്രമണത്തിന്റെ ഇരയായ താൻ നടത്തുന്ന ചെറുത്തു നിൽപ്പ് ശ്രമങ്ങൾ തന്നെപ്പോലെ ഒറ്റപ്പെട്ടു പോയവർക്ക് പുത്തൻ പ്രതീക്ഷ നൽകട്ടെ എന്ന പ്രാർഥനമാത്രമാണ് ഈ യുവതിക്കുള്ളത്.