റിമയുടെ ആഷിഖ്, എരിവിന് കൂട്ട് ഉപ്പു തന്നെ !!!

റിമ കല്ലിങ്കലും ആഷിഖ് അബുവും

എൻഡോസൾഫാന്‍ മുതൽ അഴിമതി വരെയുളള വിഷയങ്ങളിൽ ആഷിഖ് സോഷ്യൽ മീഡിയയിലും അതിനു പുറത്തും കൊടിപിടിച്ചു. ഈ തുറന്നു പറച്ചിലുകളിൽ ഒപ്പം നടക്കാൻ റിമയുമെത്തി. അതോടെ ശരിക്കും സോൾട്ട് ആൻഡ് പെപ്പർ. രുചിയുടെ കാര്യത്തിൽ മാത്രമല്ല, ജീവിതത്തിലും എരിവിന് കൂട്ട് ഉപ്പു തന്നെ !!!

റിമയുടെ സ്വപ്നമാമാങ്കം എന്ന നൃത്ത വിദ്യാലയത്തിൽ വച്ച് കാണുമ്പോൾ ഒന്നുറപ്പായി, രണ്ടു വർഷം മുമ്പുളള ആഷിഖും റിമയുമല്ല ഇപ്പോൾ മുന്നിൽ. സ്വപ്നങ്ങൾക്കും ജീവിതത്തിനും കൂടു‌തല്‍ തെളിച്ചം വന്നിരിക്കുന്നു, രണ്ടുപേരും പറയുന്ന ഓരോ വാക്കും അളന്നു മുറിച്ച്. ഒട്ടും അധികമാവാതെ.....

കഴിഞ്ഞ രണ്ടുവര്‍ഷം എങ്ങനെയാണ് രണ്ടുപേരെയും മാറ്റിയത് ?

റിമ : എന്റെ ജീവിത്തിൽ ആഷിഖ് ഒരു പാടു മാറ്റങ്ങള്‍ വരുത്തി. എന്റെ സ്വഭാവത്തെ ഫൈൻ ട്യൂൺ ചെയ്യാന്‍ ആഷിഖിനു കഴിഞ്ഞു. നിന്റെ കുഴപ്പങ്ങള്‍ ഇതൊക്കെയാണ്, ശരികൾ ഇതൊക്കെയാണ് എന്നു പറഞ്ഞു തന്നു. എല്ലാം തുറന്നടിച്ചു പറയുന്നതു കൊണ്ട് കാര്യമില്ലെന്ന് ഇപ്പോള്‍ ഞാൻ തിരിച്ചറിയുന്നുണ്ട്. വെറുതേ ചൂടായി പറഞ്ഞിട്ട് കാര്യമൊന്നുമില്ല. അതു കൊണ്ട് ആലോചിച്ചു സംസാരിക്കാൻ തുടങ്ങി.

22 എഫ്.കെ സിനിമയ്ക്കു ശേഷം ബോൾഡ് ആൻ‍ഡ് ബ്യൂട്ടി ഫുൾ എന്ന ടാഗ് ലൈൻ എനിക്കൊപ്പം പലരും ചേർത്തു വച്ചു. അന്നിത് ഞാൻ നന്നായിട്ട് ആസ്വദിച്ചിട്ടുമുണ്ട്. പക്ഷേ, ആ കാലമൊക്കെ മാറി. എന്നിട്ടും ആ വിശേഷണത്തിൽ നിന്നു രക്ഷപ്പെടാൻ എനിക്കായിട്ടില്ല. ആത്മവിശ്വാസത്തിന്റെ പേരിലറിയപ്പെടാനാണ് ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത്.

ആഷിഖ് : പ്രണയത്തിൽ നിന്ന് ജീവിതത്തിലേക്കു കടന്നപ്പോൾ ഒരു പാടു മാറ്റങ്ങൾ വന്നിട്ടുണ്ട്. ഞങ്ങൾ രണ്ടു പേർക്കും കുറച്ചു കൂടി സ്വാതന്ത്ര്യം കൂടി. പ്രണയം ജീവിതത്തിലേക്കെത്തുമ്പോൾ അത്തരം മാറ്റങ്ങള്‍ വരേണ്ടതു തന്നെയാണ്.

കണ്ട സ്വപ്നങ്ങള്‍ സ്വന്തമാക്കിയവരാണ് നിങ്ങള്‍ ?

ആഷിഖ് : എന്റേത് അങ്ങനെ പ്രത്യേക ‘ബാല്യമൊന്നുമല്ല’. തികച്ചും സാധാരണ കുട്ടിക്കാലം. ക്രിക്കറ്റിനോടുളള താൽപര്യം നാടകത്തിലേക്കും നാടകത്തിനോടുളള ഇഷ്ടം സിനിമയിലേ ക്കും വന്നു. അപ്പോഴേക്കും ഞാൻ മഹാരാജാസ് കോളജിലെത്തി യിട്ടുണ്ടായിരുന്നു. സ്കൂള്‍ ദിവസങ്ങളിലേക്ക് തിരിച്ചുപോയാൽ നന്നായിരുന്നു എന്നിടയ്ക്ക് റിമ പറയാറുണ്ട്. പക്ഷേ, എനിക്കതിനു താൽപര്യമില്ല. അങ്ങനെയുളള നൊസ്റ്റാൾജിയ ഉണ്ടാക്കാൻ ശ്രമിച്ചിട്ടുപോലും ഇല്ല. പരീക്ഷകളൊക്കെ ഒരു വിധമാണ് രക്ഷപ്പെട്ടത്.

മഹാരാജാസിലായിരിക്കുമ്പോള്‍ അന്‍വര്‍ റഷീദിനും (സംവി ധായകൻ, നിർമാതാവ്) ബിപിൻ ചന്ദ്രനും (തിരക്കഥാകൃത്ത്) ഒക്കെ ഒപ്പമുളള നാടകകാലമാണ് സിനിമ മനസ്സിൽ നട്ടതെന്നു പറയാം. അതിപ്പോൾ റാണി പത്മിനി എന്ന പുതിയ സിനിമയിലേക്കെത്തി നിൽക്കുന്നു.

റിമ : കൊച്ചിയിൽ ഞാൻ നൃത്തത്തിനുവേണ്ടി മാമാങ്കം എന്ന സ്ഥാപനം തുടങ്ങുമ്പോൾ കൂട്ടുകാർ മെസേജ് അയച്ചു, ‘അവസാനം നീ സ്വപ്നത്തിലേക്കെത്തിയല്ലേ’ എന്ന്. പലതരം നൃത്ത രൂപങ്ങൾ ഒറ്റസ്ഥലത്ത് ഒരുമിപ്പിക്കണം എന്നു സ്വപ്നം കാണാൻ തുടങ്ങിയിട്ട് പത്തു വര്‍ഷമായി. സൽസയും കഥകും ഉള്‍പ്പെടെ ഏഴിലധികം നൃത്തരൂപങ്ങൾ ഇവിടെ പഠിപ്പിക്കുന്നു. ഒപ്പം പല കലാരൂപങ്ങളുടെയും അവതരണവും നടക്കുന്നു.

ആഷിഖ് എന്ന പേരിൽ പ്രണയം നിറഞ്ഞു തുളുമ്പുന്നുണ്ട്, ജീവിതത്തിലോ?

റിമ : ആഷിഖ് ഇത്രയ്ക്ക് റൊമാന്റിക് ആണെന്നു ഞാൻ പോലും കരുതിയില്ല. ബർത്ത്ഡേ പാർട്ടികൾക്ക് ആഷിഖ് തരുന്നത് വലിയ സർപ്രൈസുകളാവും. അങ്ങനെ ഒരു പിറന്നാൾ ദിവസം കേക്ക് മുറിക്കാൻ ‍ഞങ്ങൾ രണ്ടുപേരും മാത്രം. ഹാളിൽ ഇരുട്ടാ യിരുന്നു. കേക്ക് വച്ചിരുന്ന ടേബിളിൽ മാത്രം ലൈറ്റ് വീണു. കേക്ക് കട്ട് ചെയ്യാൻ തുടങ്ങുമ്പോഴേക്കും ഹാളിൽ പെട്ടെന്ന് ബാക്കിയുളള ലൈറ്റുകൾ തെളിഞ്ഞു. ഞാൻ തലയുയര്‍ത്തി നോക്കുമ്പോൾ ഒരു സംഘം ആളുകൾ അവിടെ നൃത്തം ചെയ്യു ന്നു. ആഷിഖിന്റെ ഡയറക്ടർ ടച്ചുളള ഇത്തരം സർപ്രൈസുക ളുടെ മുന്നിൽ ‍ഞാൻ തോറ്റുപോവും.

ഞങ്ങൾ വളർന്നതും വലുതായതും രണ്ടു സാഹചര്യങ്ങളിലാണ്. രണ്ടു ചുറ്റുപാടുകളിലാണ്. ഞങ്ങളുടെ ഇഷ്ടങ്ങളും വ്യത്യസ്‌ തമാണ്. പക്ഷേ, നല്ലൊരു മനുഷ്യനാണ് ആഷിഖ് എന്ന് തോന്നാറുണ്ട്. സപ്പോര്‍ട്ട് ചെയ്യുന്ന, കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാക്കാൻ പറ്റുന്ന ആൾ.

ആഷിഖ് : ക്ലാരിറ്റിയാണ് ഞങ്ങൾക്കിടയിലെ കെമിസ്ട്രി. പരസ്പ രം മനസ്സിലാക്കാൻ കഴിയുന്നു. ഉദ്ദേശിക്കുന്നതെന്തെന്ന് തിരിച്ചറി യാൻ പറ്റുന്നു.

രണ്ടാം വിവാഹവാർഷികം എങ്ങനെയാണ് ആഘോഷിക്കുക?

*റിമ *: ഇത്തവണ യൂറോപ് ട്രിപ്പാണ് പ്ലാൻ ചെയ്യുന്നത്. യാത്രയു ടെ മുൻപു വരെ ഒരു മിനിറ്റു കളയാതെ ജോലി ചെയ്യും. എന്നിട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടും. ഇതാണ് എല്ലാ യാത്രകളുടേയും പതിവ്.

ബ്രിട്ടീഷുകാർ പണ്ട് ഗ്രാൻഡ് ടൂറുകൾ നടത്താറുണ്ടായിരുന്നത്രെ. വിദ്യാഭ്യാസം മുഴുവനാവണമെങ്കിൽ ഈ യാത്ര നിർബന്ധമായിരുന്നു. ലണ്ടൻ, ബൽജിയം, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഇറ്റലി..... ഇത്രയും നാടുകളിലൂടെ അവരുടെ ജീവിതവും കലയും സംസ്കാരവും അറിഞ്ഞുളള യാത്ര. ആ ഓർമയിൽ, അതു പോലൊരു യാത്ര ചെയ്താലോ എന്നാലോചിക്കുന്നു.

ആഷിഖ് : റിമയാണ് ‘യാത്രയുടെ ആൾ’ . എല്ലാ പ്ലാനിങ്ങും റിമയുടെ വക. സമയമാവുമ്പോൾ ഞാൻ ചേരും. എന്റെ സിനിമയുടെ പല കാര്യങ്ങളും നടന്നിട്ടുളളത് യാത്രകളിലാണ്. സോൾട്ട് ആൻഡ് പെപ്പർ എന്ന പേരു കിട്ടിയതും 22 എഫ്കെ യുടെ കഥ ജനിക്കുന്നതുമെല്ലാം ചെറിയ യാത്രകളിൽ നിന്നാണ്.

ആ പഴയ കോളജ് യൂണിയൻ ചെയർമാനോടാണ് ചോദ്യം. ഇപ്പോഴത്തെ ക്യാംപസ് കുട്ടികൾ വലിയ കുഴപ്പക്കാരാണെന്നു തോന്നിയിട്ടുണ്ടോ?

ആഷിഖ് :‘ഇപ്പോഴത്തെ ക്യാംപസുകൾ വലിയ കുഴപ്പമാണ്, കുട്ടികൾ കുഴപ്പക്കാരാണ്’ എന്ന രീതിയിലാണ് എല്ലാവരും പറയുന്നത്, ക്യാംപസിനെന്നും ചോരയോട്ടം കൂടുതലാണ്. ഈ പ്രായത്തിൽ ഊർജം വളരെ കൂടുതലാണ്.

ഞങ്ങൾ പഠിക്കുമ്പോൾ ശക്തമായ ക്യാംപസ് രാഷ്ട്രീയമുണ്ട്. കോളജ് യൂണിയന്റെ പല തരത്തിലുളള പരിപാടികളുണ്ട്, നാടക ക്യാംപുകൾ ഉള്‍പ്പെടെയുളള കൂട്ടായ്മകൾ ഉണ്ട്. കൗമാരത്തിന്റെ ആ ഊർജം ഇങ്ങനെയുളള കാര്യങ്ങളിലേക്ക് മാറിപ്പോയിരുന്നു. അന്ന് ടെക്നോളജിയുടെ തളളിക്കയറ്റം ഉണ്ടായിരുന്നുമില്ല. അതുകൊണ്ടു തന്നെ കൂട്ടം കൂടാൻ എല്ലാ കൗമാരക്കാർക്കും ഇഷ്ടമായിരുന്നു. ആ കൂട്ടം കൂടലിൽ നിന്ന് നല്ല നാടകങ്ങളും ഷോർട് ഫിലിമുകളുമൊക്കെ ഉണ്ടായി.

ഇന്നത്തെ പല ക്യാംപസിലേയും കുട്ടികൾക്ക് കൗമാരത്തിന്റെ എനർജി എങ്ങനെ ഉപയോഗിക്കണമെന്നറിയില്ല. അവര്‍ക്ക് അതിനുളള അവസരമില്ല. അതിന് അവരെ മാത്രം കുറ്റം പറ‍ഞ്ഞിട്ടു കാര്യവുമില്ല. ഒരു പാട് അരാഷ്ട്രീയ ചിന്തകളിൽ നിന്ന് ജയിച്ചു വരുന്ന വേറിട്ട ചിന്താഗതിയുളള കുട്ടികൾ ആ കൂട്ടത്തിലുണ്ട്. അവരെ കണ്ടില്ലെന്നു വയ്ക്കാനാവില്ല.