ഭക്ഷണം പാഴാക്കുന്നവർ കാണുക യെമനിൽ നിന്നുള്ള ഈ കുഞ്ഞിന്റെ മുഖം 

ഒരു ദയയും കൂടാതെ ഭക്ഷണം ഉപേക്ഷിക്കുന്നവർ കാണണം യെമനിൽ നിന്നുള്ള ഈ ബാലന്റെ ചിത്രം.

നാലുനേരം ഭക്ഷണം കഴിക്കാൻ ഉണ്ടായിട്ടും അതു പാഴാക്കുന്നവർ നമുക്കിടയിൽ ധാരാളമാണ്. രുചിയില്ല, വിശപ്പില്ല, ഹോട്ടലിൽ നിന്നു കഴിക്കാം എന്നിങ്ങനെ ഭക്ഷണം ഒഴിവാക്കാനുള്ള കാരണങ്ങൾ നിരവധിയാണ്. അങ്ങനെ ഒരു ദയയും കൂടാതെ ഭക്ഷണം ഉപേക്ഷിക്കുന്നവർ കാണണം യെമനിൽ നിന്നുള്ള ഈ ബാലന്റെ ചിത്രം. യെമനിലെ പട്ടിണിയുടെ മുഖമാണ് 6 വയസ്സുകാരനായ സലേം ഇസ്സ എന്ന കുട്ടി.

പോഷകാഹാരക്കുറവു മൂലം ജീവനും മരണത്തിനും ഇടയിൽ നിശബ്ദനായി കിടക്കുന്ന ഈ കുഞ്ഞിന്റെ ചിത്രം ഇപ്പോൾ ലോകത്തിനു മുന്നിൽ ചർച്ചയായിരിക്കുകയാണ്. യുദ്ധത്തിനും യുദ്ധക്കെടുതികൾക്കും പേരുകേട്ട യെമനിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങൾ മരിക്കുന്നതു സ്ഥിരം സംഭവമാണ്. സലേം ഇസ്സ ഇന്ന് ആശുപത്രിയിൽ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിസ്സഹായനായി കിടക്കുകയാണ്. പാറിപ്പറന്ന ചെമ്പൻ മുടിയും മാംസാവരണം ഇല്ലാതെ ത്വക്ക് മാത്രം എന്ന് തോന്നുന്ന രീതിയിലുള്ള രൂപവുമായി അവൻ ഡോക്ടര്‍മാരുടെ പരിചരണം കാത്ത് കിടക്കുന്നു. 

പോഷകാഹാരക്കുറവു മൂലം ജീവനും മരണത്തിനും ഇടയിൽ നിശബ്ദനായി കിടക്കുന്ന ഈ കുഞ്ഞിന്റെ ചിത്രം ഇപ്പോൾ ലോകത്തിനു മുന്നിൽ ചർച്ചയായിരിക്കുകയാണ്

ഇന്ന് അവനു ചുറ്റും നല്ല ഭക്ഷണമുണ്ട് എന്നാൽ അതു കഴിക്കാനുള്ള കരുത്തില്ല. ഭക്ഷണത്തോടുള്ള വിരക്തികൊണ്ടല്ല അവൻ ഭക്ഷണം കഴിക്കാത്തത്. മറിച്ച്, ഭക്ഷണം കഴിക്കാതെ ഇരുന്നിരുന്ന് അതിനുള്ള കഴിവ് നഷ്ടപ്പെട്ടതിനാലാണ്. വിറ്റാമിൻ മരുന്നുകളും മറ്റുമായി ഇസ്സയെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്,  അതു ഫലം കാണുന്നതിനായുള്ള പ്രാർത്ഥനയിലാണ് ഇസ്സയുടെ കുടുംബം. 

ഒരു ആറു വയസ്സുകാരനു വേണ്ട തൂക്കത്തിന്റെ പകുതി പോലും ഇസ്സക്കില്ല. ആശുപത്രിയുടെ ഇന്റൻസീവ് കെയർ വാർഡിൽ കഴിയുന്ന ഇസ്സയുടെ ആരോഗ്യകാര്യത്തിൽ യാതൊരു വിധ പുരോഗതിയും ഇല്ല. എങ്കിലും മരുന്നുകൾ ഫലം ചെയ്യും എന്ന പ്രതീക്ഷയിൽ മകനരികിൽ കഴിയുകയാണ് ഇസ്സയുടെ 'അമ്മ. ഇസ്സയെക്കൂടാതെ ഒരു കുഞ്ഞു കൂടിയുണ്ട് ഇവർക്ക്, അവനും പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്.

ഫോട്ടോ: ഫേസ്ബുക്ക്