പ്രിയ ചങ്ങാതിക്ക് വിഷാദമുണ്ടോ? ഏഴ് ലക്ഷണങ്ങൾ!

നിങ്ങളുടെ കൂടെ കളിചിരികളുമായി നടക്കുന്ന കൂട്ടുകാരനോ കൂട്ടുകാരിയോ പെട്ടെന്നൊരു ദിവസം മൂഡ് ഓഫ് ആയി ഇരിക്കാറുണ്ടോ?. കാരണം എന്തെന്ന് ചോദിക്കാൻ പോലും ചിലർ മുഖം നൽകാറില്ല. ചിലർ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറും. മനുഷ്യനെ നിശ്ശബ്ദമായി കൊല്ലുന്ന ഒന്നാണ് വിഷാദം. വിഷാദ രോഗം പിടിപെട്ടാൽ വ്യക്തികളുടെ സ്വഭാവം തന്നെ മാറും. വ്യക്തിഗതമായ മാറ്റങ്ങൾ സാമൂഹ്യ ജീവിതത്തെയും ബാധിക്കും.

വിഷദാരോഗം അനുഭവിക്കുന്ന വ്യക്തി മനോരോഗവിദഗ്ധരെ കണ്ടാലും താനനുഭവിക്കുന്ന പ്രത്യേക മാനസികാവസ്ഥ പറഞ്ഞു മനസിലാക്കാൻ പാടുപെടും. തന്റെ സ്ഥിതി വിഷാദത്തിന്റെ ലക്ഷണമാണോയെന്ന് സ്വയം തിരിച്ചറിയുക അത്ര എളുപ്പമല്ല. നിങ്ങളുടെ പ്രിയപ്പെട്ടവർ വിഷാദരോഗമുണ്ടോ എന്നു തിരിച്ചറിയാം. ഇതാ ഈ ഏഴ് ലക്ഷണങ്ങൾ അതിനുള്ള സൂചനയാണ്.

∙ സദാസമയം വിഷമം
വിഷമത്തോടെ കൂടുതൽ സമയം ചെലവിടുക. ഒരു ദിവസം തന്നെ കൂടുതൽ സമയം വിഷാദത്തോടെ ചെലവിടുക. ഇതു തുടർച്ചയായി അനുഭവപ്പെടും. ചിലപ്പോൾ കാരണം തിരിച്ചറിയാൻ കഴിയും. ചിലപ്പോൾ കാരണമില്ലാതെയും വരും. സന്തോഷത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ താല്പര്യമില്ലായ്മ. നേരത്തെ ചെയ്തുകൊണ്ടിരിക്കന്ന പ്രവർത്തികളിൽ മിക്കതും വേണ്ടന്നുവയ്ക്കും. ഉദാഹരണത്തിന് കൂട്ടുകാരുമായി കൂടുക, സിനിമ കാണുക തുടങ്ങിയവയൊക്കെ വേണ്ടന്നുവയ്ക്കും.

∙ ഓർമക്കുറവ്
സുഹൃത്തുക്കളുടെ ചെറിയ കാര്യങ്ങൾ പോലും കൃത്യമായി ഓർത്തുവയ്ക്കുന്ന നിങ്ങളുടെ സുഹൃത്ത് പെട്ടെന്നൊരു ദിവസം ഒന്നിലും ശ്രദ്ധയില്ലാത്തത് പോലെ അലക്ഷ്യമായി മാറുക അതേ അവസ്ഥ തന്നെ തുടരുക. തീരുമാനങ്ങൾ എടുക്കാൻ വൈകുന്നത് വിഷാദത്തിന്റെ ലക്ഷ്യങ്ങളാണെന്ന് വിദഗ്ധർ പറയുന്നു. ഏകാഗ്രത നഷ്ടപ്പെടുകയാണ് മറ്റൊരു ലക്ഷണം. വായിക്കാനോ ജോലി ചെയ്യാനോ കഴിയില്ല. അപ്പോഴേക്കും. മനസിൽ പല കാര്യങ്ങൾ കയറിവരും. ആകെ അസ്വസ്ഥനാകും. പ്രയോജനമില്ലാത്ത ചിന്തകൾ മനസിനെ മഥിക്കുകയും ആ ചിന്തകളെ നിയന്ത്രിക്കാൻ പാടുപടുകയും ചെയ്യും.

∙നെഗറ്റീവ് ആകുക
എല്ലാ ചർച്ചകളിലും താൽപര്യമില്ലായ്മ കാണിക്കുന്ന ചില സുഹൃത്തുക്കളുണ്ടാകും നമുക്ക്. അല്ലെങ്കിൽ എല്ലാത്തിനും നെഗറ്റീവ് മറുപടി പറയുന്നവർ. വിഷാദമായി ഇതു തോന്നാൻ ഇടയില്ല. എന്നാൽ ശുഭാപ്തി വിശ്വാസം കുറയുന്നത് വിഷാദത്തിന്റെ ലക്ഷണമാണ്. ആത്മവിശ്വാസം കുറയും. മറ്റുള്ളവരോടു പെരുമാറുമ്പോഴും മറ്റും ഇത് മനസിലാക്കാൻ കഴിയും. ജോലി പൂർണ്ണമായി ചെയ്യാൻ പോലും പലരും ബുദ്ധിമുട്ടും. താൻ ചെയ്യുന്നതു ശരിയാവുന്നില്ലെന്ന തോന്നൽ വിടാതെ പിടികൂടും. വിഷാദാവസ്ഥ ഗുരുതരമാകുമ്പോൾ ജീവിതത്തിൽ അർത്ഥമില്ലെന്നു തോന്നിത്തുടങ്ങുകയും ആത്മഹത്യയ്ക്കുള്ള പ്രവണതപോലും ഉണ്ടായേക്കാം.

∙ ശരീര വേദന
വിഷാദം ശരീരത്തെയും ബാധിക്കും. അതായത് അവിടവിടെ വേദന, ക്ഷീണം എന്നൊക്കെ പറഞ്ഞു തുടങ്ങും. പൊതുവായ ക്ഷീണമാണ് പറയുക. അതുകൊണ്ടു ജോലി ശരിയായി ചെയ്യാനാവില്ലെന്നും പറയും. നേരത്തെ ചെയ്തിരുന്നതുപോലെ വേഗത്തിലും കാര്യക്ഷമതയോടെയും കാര്യങ്ങൾ ചെയ്യുകയില്ല.

∙ഉറക്കക്കുറവ്
ഉറക്കക്കുറവും ലക്ഷണമാണ്. ചിലർക്കു സ്ഥിരമായി ഉറക്കക്കുറവുണ്ടാകും. രാത്രിയിൽ ഉറക്കം ശരിക്കും കിട്ടാതെ ഇടയ്ക്കിടയ്ക്കു ഉണരുന്നവരുമുണ്ട്. ഇനി ഉറങ്ങിയാൽ തന്നെ രാവിലെ എഴുന്നേൽക്കുമ്പോൾ ഉത്സാഹമുണ്ടാകില്ല. ചിലർ കൂടുതൽ സമയം ഉറങ്ങുകയും ചെയ്യാറുണ്ട്.

∙ ഭക്ഷണം വേണ്ട
ആഹാരം കഴിക്കുന്നതും കുറയും. വിശപ്പുണ്ടെങ്കിലും ഒന്നും കഴിക്കാൻ മൂഡില്ലാത്ത രീതി. പലർക്കും വിശപ്പും അനുഭവപ്പെടില്ല. മറ്റുചിലർ ഭക്ഷണ സമയത്തു വലിച്ചുവാരി വല്ലതും കഴിക്കാം.അതൊന്നും ശരീരത്തിൽ പിടിക്കാതെ തൂക്കവും കുറയും.

∙ കലി
ക്ഷമ നശിക്കുന്നതു മറ്റൊരു ലക്ഷണമാണ്. പെട്ടെന്നു ദേഷ്യപ്പെടുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യും. അടുപ്പമുള്ളവരോടു സംസാരിക്കുമ്പോൾ പോലു വേഗം ഈർഷ്യതോന്നുകയും ദേഷ്യപ്പെടുകയും ചെയ്യും. ക്ഷമ നശിക്കുന്നതു ക്രമമായിട്ടായതിനാൽ വേഗം തിരിച്ചറിയണമെന്നില്ല.